നാല് വര്‍ഷം നീണ്ട നിയമപോരാട്ടത്തില്‍ സംതൃപ്തി: രമേശ് ചെന്നിത്തല

തിരുവനന്തപുരം: നിയമസഭാ കയ്യാങ്കളി കേസ് പിന്‍വലിക്കാനുള്ള നീക്കത്തില്‍ കനത്ത തിരിച്ചടിയാണ് സംസ്ഥാന സര്‍ക്കാരിനുണ്ടായിരുക്കുന്നതെന്ന് മുന്‍ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. കേസ് പിന്‍വലിക്കുന്നതിനെതിരെ കഴിഞ്ഞ നാല് വര്‍ഷമായി നിയമപോരാട്ടം നടത്തിയ വ്യക്തിയാണ് താന്‍. കോടതിയുടെ ഉത്തരവ് നീതിന്യായ രംഗത്തെ സുപ്രധാന വിധിയാണ്. നിയമപോരാട്ടത്തില്‍ താന്‍ പൂര്‍ണ്ണ സംതൃപ്തനാണെന്നും ചെന്നിത്തല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കേസ് ആദ്യം പിന്‍വലിക്കാനുള്ള നീക്കം നടന്നത് എം.പിമാരുടെയും എം.എല്‍.എമാരുടെയും കേസ് പരിഗണിക്കുന്ന കോടതിയിലാണ്. തടസ്സഹര്‍ജിയുമായി താന്‍ വന്നതോതെ യാണ് പിന്‍വലിക്കാന്‍ കഴിയാതെ വന്നത്. പിന്നീട് ഹൈക്കോടതിയില്‍ പിന്‍വലിക്കാന്‍ ശ്രമം നടത്തി. അവിടെയും സര്‍ക്കാരിന്റെ വാദങ്ങള്‍ അംഗീകരിച്ചില്ല. അവസാനമാണ് സുപ്രീം കോടതിയില്‍ സര്‍ക്കാര്‍ പോയപ്പോള്‍ തടസ്സഹര്‍ജിയുമായി താന്‍ മുന്നോട്ടുപോയി. ഇന്ത്യന്‍ നീതിന്യായ ചരിത്രത്തില്‍ സുപ്രധാന വിധിയാണിത്.

നിയമസഭയ്ക്കുള്ളിലാണ് അംഗങ്ങള്‍ക്ക് പ്രിവിലേജുള്ളത്. ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്ക് പ്രിവിലേജ് കിട്ടില്ലെന്നത് സുപ്രധാന വിധിയാണ് കോടതി നടത്തിയത്.

കേസ് പിന്‍വലിക്കാനുള്ള നീക്കം നിയമവ്യവസ്ഥയോടുള്ള വെല്ലുവിളിയാണ്. കേസ് പിന്‍വലിക്കാനുള്ള സര്‍ക്കാരിന്റെ തീരുമാനത്തിന് കൂട്ടുനില്‍ക്കാത്ത ആദ്യ പബ്ലിക് പ്രോസിക്യുട്ടറെ ആലപ്പൂഴയ്ക്ക് സ്ഥലംമാറ്റി. എല്ലാ തിരഞ്ഞെടുക്കപ്പെട്ട അംഗങ്ങള്‍ക്കും എല്ലാ നിയമസഭകള്‍ക്കും ബാധകമായ വിധിയാണ്.

കെ.എം മാണി ബജറ്റ് അവതരിപ്പിക്കുന്നതിനെതിരെ നടന്ന കയ്യാങ്കളി എല്ലാവരും കണ്ടത്. ഒരു സഭയിലും നടക്കാന്‍ പാടില്ലാത്തതാണ്. കേസ് നിലനിര്‍ത്താന്‍ നിയമപോരാട്ടം നടത്തിയ തനിക്ക് ഇന്ന് പൂര്‍ണ്ണ സംതൃപ്തിയുണ്ട്. സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വിചാരണ നേരിടാന്‍ പോകുകയാണ്. വിചാരണ നേരിടുന്ന മ്രന്തി ആ സ്ഥാനത്ത് തുടരുന്നത് ജനാധിപത്യത്തിന് കളങ്കമായിരിക്കും. അതുകൊണ്ട് അദ്ദേഹം രാജിവച്ച്‌ പുറത്തുനില്‍ക്കണം. അതിന് തയ്യാറായില്ലെങ്കില്‍ മുഖ്യമന്ത്രി രാജിവാങ്ങണം. ഉന്നതമായ ജനാധിപത്യ മര്യാദ പാലിക്കാന്‍ മുഖ്യമന്ത്രി തയ്യാറാകണം. കേസില്‍ കുറ്റവിമുക്തനാകുകയാണെങ്കില്‍ അദ്ദേഹത്തിന് തിരിച്ചുവരാവുന്നതാണെന്നും ചെന്നിത്തല പറഞ്ഞു.

രാജ്യത്ത് കഴിഞ്ഞകാല ചരിത്രം പരിശോധിച്ചാല്‍ വിചാരണ നേരിടുന്ന ഒരാളും അധികാരത്തില്‍ തുടര്‍ന്നിട്ടില്ല. ലാലു പ്രസാദ് കേസില്‍ ഇത് ഉദാഹരണമാണ്. ഉന്നതമായ ജനാധിപത്യ മൂല്യം ഉയര്‍ത്തിപ്പടിക്കുന്ന കേരളത്തില്‍ ഇത് അനിവാര്യമാണ്. കോടതിയില്‍ നിന്ന് ഒരു പരാമര്‍ശം വന്നതിന്റെ പേരില്‍ പോലും രാജിവച്ച മുഖ്യമന്ത്രിയുള്ള നാട്ടില്‍ ക്രിമിനല്‍ കേസില്‍ വിചാരണ നേരിടുന്ന മന്ത്രി അധികാരത്തില്‍ തുടരുന്നത് ഭൂഷണമല്ല.

Leave a Reply

Your email address will not be published. Required fields are marked *