കുഴല്‍പ്പണം ബിജെപിയുടേത് തന്നെ, പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെ: മുഖ്യമന്ത്രി

തിരുവനന്തപുരം: കൊടകര കുഴല്‍പ്പണം ബിജെപിയുടേത് തന്നെയെന്ന് മുഖ്യമന്ത്രി. പണമിടപാട് സുരേന്ദ്രന്‍റെ അറിവോടെയെന്നും മുഖ്യമന്ത്രി സഭയില്‍ പറഞ്ഞു.

കേസില്‍ ഉള്‍പ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കി. നിയമസഭയില്‍ പ്രതിപക്ഷം സമര്‍പ്പിച്ച അടിയന്തര പ്രമേയത്തിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി.

കൊടകര കുഴല്‍പ്പണക്കേസില്‍ ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍ അടക്കമുള്ള നേതാക്കളുടെ നിര്‍ദ്ദേശ പ്രകാരം പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് പ്രചരണത്തിനായി കര്‍ണാടകയില്‍ നിന്നും കൊണ്ടുവന്നതാണ് കൊള്ളയടിക്കപ്പെട്ട പണം എന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു.

അന്വേഷണത്തില്‍ കവര്‍ച്ച ചെയ്യപ്പെട്ട മൂന്നര കോടി രൂപ കൂടാതെ നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് കര്‍ണാടകയില്‍ സ്വരൂപിച്ച്‌ വച്ചിരുന്ന 17 കോടി രൂപയെക്കുറിച്ചുള്ള വിവരങ്ങളും ലഭിച്ചു. ധര്‍മ്മരാജന്‍, ധനരാജ്, ഷൈജു, ഷിജില്‍ എന്നിവര്‍ നേരിട്ടും, ഹവാല ഏജന്റുമാര്‍ മുഖേനയും 40 കോടി രൂപ കേരളത്തിലെ പല ജില്ലകളിലുളള ഭാരതീയ ജനതാ പാര്‍ട്ടിയുടെ ഭാരവാഹികള്‍ക്ക് കൈമാറാന്‍ കൊണ്ടുവന്നതായി വെളിപ്പെട്ടിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

ഇതില്‍ നാല് കോടി നാല്‍പ്പത് ലക്ഷം രൂപ മാര്‍ച്ച്‌ ആറിന് സേലത്ത് വച്ചും മൂന്നര കോടി രൂപ കൊടകരയില്‍ വച്ചും കവര്‍ച്ച ചെയ്യപ്പെട്ടതായും വ്യക്തമായിട്ടുണ്ട്. കേസില്‍ ഉള്‍പ്പെട്ടതായി ബോധ്യപ്പെട്ട 22 പ്രതികളെയും അറസ്റ്റ് ചെയ്ത് നിയമനടപടികള്‍ സ്വീകരിച്ചിട്ടുണ്ട്. കവര്‍ച്ച ചെയ്യപ്പെട്ട തുകയില്‍ ഒരു കോടി നാല്‍പ്പത്തിയാറ് ലക്ഷം രൂപ മൂല്യമുള്ള പണവും മുതലുകളും കണ്ടെടുത്ത് കോടതിയില്‍ ഹാജരാക്കിയിട്ടുണ്ടെന്നും പിണറയി വിജയന്‍ വ്യക്തമാക്കി.

കേസില്‍ കെ.സുരേന്ദ്രനും 17 സംസ്ഥാന/ ജില്ലാ ഭാരവാഹികള്‍ ഉള്‍പ്പെടെ 250 സാക്ഷികളെ ഇതിനകം ചോദ്യം ചെയ്തിട്ടുണ്ട്. അന്വേഷണത്തില്‍ കേസില്‍ പ്രതിയായ ധര്‍മ്മരാജന്‍ ബി.ജെ.പി. അനുഭാവിയും, കെ.സുരേന്ദ്രന്‍, സ്റ്റേറ്റ് കോ-ഓര്‍ഡിനേറ്റിംഗ് സെക്രട്ടറി എം.ഗണേഷ്, സ്റ്റേറ്റ് ഓഫീസ് സെക്രട്ടറി ഗിരീശന്‍ നായര്‍ എന്നിവരുമായി അടുത്ത ബന്ധം പുലര്‍ത്തിവരുന്നയാളാണെന്നും വ്യക്തമായിട്ടുണ്ട്. മാത്രമല്ല ധര്‍മ്മരാജന്‍ ഹവാല ഏജന്റായി പ്രവര്‍ത്തിച്ച്‌ വരികയും ചെയ്യുന്നതായും വെളിവായിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *

You may missed