ദുരന്തമുഖത്ത് ഇനി കുടുംബശ്രീയുടെ പിങ്ക് അലര്‍ട്ട് സേനയും

കോഴിക്കോട്: ദുരന്തമുഖങ്ങളില്‍ ഇനി കുടുംബശ്രീയുടെ പെണ്‍സേനയുടെ സേവനവും കരുത്തും കൈത്താങ്ങാവും. പിങ്ക് അലര്‍ട്ട് എന്ന പേരില്‍ 150 പേരടങ്ങുന്ന വനിതാ സന്നദ്ധ സേനയാണ് ദുരന്തനിവാരണ രംഗത്ത് പുതിയ കാല്‍വെപ്പിനൊരുങ്ങുന്നത്. കോഴിക്കോട് കോര്‍പ്പറേഷന്‍ കുടുംബശ്രീ സി.ഡി.എസ് ആവിഷ്‌കരിച്ച സാന്ത്വന പദ്ധതിയായ മഴയാര്‍ദ്രം പദ്ധതിയ്ക്ക് പിന്നാലെ വിപുലമായ സംവിധാനങ്ങളോടെ കുടുംബശ്രീ രൂപീകരിച്ച ഡിസാസ്റ്റര്‍ മാനേജ്‌മെന്‍റ്  ആന്‍റ് റിലീഫ് സെല്ലിന്‍റെ ഭാഗമായാണ് പെണ്‍സേനയ്ക്ക് രൂപം നല്‍കിയത്. 

പദ്ധതിയുടെ ഉദ്ഘാടനം മേയര്‍ തോട്ടത്തില്‍ രവീന്ദ്രന്‍ നിര്‍വഹിച്ചു. സ്ത്രീകള്‍ക്ക് ഏറ്റെടുക്കാന്‍ പറ്റാത്തതായി ഒന്നുമില്ലെന്നു തെളിയിക്കുന്ന പദ്ധതിയാണ് പിങ്ക് അലര്‍ട്ട് എന്നും സ്ത്രീകള്‍ പിന്നോക്കക്കാരാണെന്ന തോന്നല്‍ ഉണ്ടാവാന്‍ പാടില്ലെന്നും മേയര്‍ പറഞ്ഞു. ജില്ലാ കുടുംബശ്രീ മിഷന്‍റെ സഹകരണത്തോടെ ട്രോമാ കെയര്‍ കോഴിക്കോട്, എല്‍.ജി, കണ്ണങ്കണ്ടി എന്നിവര്‍ കോ-പാര്‍ട്ട്ണറും, ബേബി മെമ്മോറിയല്‍ ഹോസ്പിറ്റല്‍ മെഡിക്കല്‍ പാര്‍ട്ട്ണറുമായിരിക്കും. വളണ്ടിയര്‍മാര്‍ക്കുള്ള രണ്ട് ദിവസത്തെ റസിഡന്‍ഷ്യല്‍ പരിശീലനം ട്രോമക്കയറിന്‍റെ  നേതൃത്വത്തില്‍ ഒക്ടോബര്‍ രണ്ടാം വാരം മാവൂരില്‍ നടത്തും. ടി.ഷിത ചീഫ് കോര്‍ഡിനേറ്ററും എം.സഹജ, ഷെമിമോള്‍, കെ. സ്മിത എന്നിവര്‍ സേനയുടെ  കോര്‍ഡിനേറ്റേഴ്‌സും ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *