പാലാരിവട്ടം പാലം അഴിമതി കേസില്‍ ടി.ഒ സൂരജിന്റെ ഹര്‍ജി തള്ളി

കൊച്ചി: പാലാരിവട്ടം പാലം അഴിമതി കേസില്‍ തനിയ്ക്കെതിരായ എഫ്.ഐ.ആര്‍ റദ്ദാക്കണമെന്ന് മുന്‍ പൊതുമരാമത്ത് സെക്രട്ടറി ടി.ഒ സൂരജിന്റെ ഹര്‍‍ജി ഹൈക്കോടതി തള്ളി.

അഴിമതി നിരോധന നിയമത്തിലെ സെക്ഷന്‍ 17 (എ) പ്രകാരം പൊതുസേവകര്‍ക്കെതിരെ അന്വേഷണം നടത്താനും കേസ് രജിസ്റ്റര്‍ ചെയ്യാനും അറസ്റ്റ് ചെയ്യാനും മുന്‍കൂര്‍ അനുമതി വേണം. എന്നാല്‍ തനിക്കെതിരെ വിജിലന്‍സ് അന്വേഷണം നടത്തിയതും തന്നെ അറസ്റ്റ് ചെയ്തതും ഈ വ്യവസ്ഥ പാലിക്കാതെയാണന്ന് ചൂണ്ടികാട്ടിയാണ് സൂരജ് കോടതിയെ സമീപിച്ചത്.

പാലാരിവട്ടം പാലം അഴിമതിയില്‍ പൊതുമരാമത്ത് വകുപ്പ് മുന്‍ സെക്രട്ടറി ടി.ഒ സൂരജിന് നിര്‍ണ്ണായക പങ്കെന്ന് ചൂണ്ടിക്കാട്ടി വിജലന്‍സ് ഹൈക്കോടതിയില്‍ സത്യാവാങ്മൂലം നല്‍കിയിരുന്നു. അഴിമതി നിരോധന നിയമത്തിലെ പുതിയ ദേഗതി പ്രകാരം സര്‍ക്കാരിന്റെ മുന്‍കൂര്‍ അനുമതി വാങ്ങാതെയാണ് വിജിലന്‍സ് തനിക്കെതിരെ കേസെടുത്തതെന്നും അതിനാല്‍ തന്നെ നിലനില്‍ക്കില്ലെന്നും സൂരജ് ഹര്‍ജിയില്‍ ചൂണ്ടിക്കാട്ടിയിരുന്നു. എന്നാല്‍ സര്‍ക്കാര്‍ അനുമതി വാങ്ങിയാണ് നടപടിള്‍ സ്വീകരിച്ചതെന്ന വിജിലന്‍സ് വാദം കോടതി അംഗീകരിയ്ക്കുകയായിരുന്നു.

പാലാരിവട്ടം പാലം കേസില്‍ നാലാം പ്രതിയാണ് ടി. ഒ സൂരജ്. പാലം നിര്‍മിച്ച ആര്‍ ഡി എസ് പ്രോജക്‌ട്‌സ് മാനേജിങ് ഡയറക്ടര്‍ സുമിത് ഗോയലാണ് കേസിലെ ഒന്നാം പ്രതി. കോര്‍പറേഷന്‍ ജോയിന്റ് ജനറല്‍ മാനേജര്‍ എം.ടി.തങ്കച്ചന്‍ രണ്ടാം പ്രതിയും കിറ്റ്‌കോ ജോയിന്റ് ജനറല്‍ മാനേജര്‍ ബെന്നി പോള്‍ മൂന്നാം പ്രതിയുമാണ്.

 

Leave a Reply

Your email address will not be published. Required fields are marked *