മഹാരാഷ്ട്രയില്‍ കനത്തമഴ; കൊങ്കണ്‍ മേഖലയില്‍ കനത്ത നാശം

മുംബൈ: ഇടതടവില്ലാതെ പെയ്ത മഴയെ തുടര്‍ച്ച്‌ പ്രളയബാധിത പ്രദേശമായി മാറി മഹാരാഷ്ട്ര. വിവിധ ജില്ലകളില്‍ ശക്തമായി പെയ്ത മഴയില്‍ പലയിടത്തും പ്രളയം ബാധിച്ചതോടെ കൊങ്കണ്‍ മേഖലയില്‍ കനത്ത നാശം റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. കാറുകളും മറ്റും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതും മറ്റുമായി അനേകം ചിത്രങ്ങള്‍ പുറത്തുവന്നിട്ടുണ്ട്.

അവസാനിക്കാതെ മഴ തുടരുമ്ബോള്‍ റായ്ഗര്‍, രത്‌നഗിരി മേഖലയില്‍ പ്രധാന നദികളെല്ലാം കരകവിഞ്ഞ് ഒഴുകുകയാണ്. മിക്കതും കരകവിഞ്ഞ് ഒഴുകുകയാണ്. ദീര്‍ഘദൂര ട്രെയിനുകളില്‍ മിക്കതും സര്‍വീസ് നിര്‍ത്തി വെച്ചതിനെ തുടര്‍ന്ന് കൊങ്കണ്‍ മേഖലയിലെ വിവിധ റയില്‍വേ സ്‌റ്റേഷനുകളില്‍ 6000 പേരാണ് കുടുങ്ങിക്കിടക്കുന്നത്. മുംബൈയില്‍ നിന്നും 240 കിലോമീറ്റര്‍ അകലെയുള്ള ചിപുലനില്‍ രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്. സംസ്ഥാനത്ത് പ്രളയം ഏറ്റവും രൂക്ഷമായത് ഇവിടെയാണ്.

കുടുങ്ങിപ്പോയവരെ തീരദേശസേന എത്തി സുരക്ഷിത സ്ഥാനത്തേക്ക് മാറ്റിയിട്ടുണ്ട്. നഗരങ്ങളില്‍ വെള്ളം കയറിയതിനെ തുടര്‍ന്ന് മുംബൈ – ഗോവ ഹൈവേ അടച്ചു. വസിഷ്ഠി നദിയും ഇവിടുത്തെ ഡാമും കരകവിഞ്ഞൊഴുകുകയാണ്. ജലനിരപ്പ് ഉയരുന്ന സാഹചര്യത്തില്‍ ആള്‍ക്കാര്‍ക്ക് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബസുകളും മറ്റും വെള്ളത്തില്‍ മുങ്ങിക്കിടക്കുന്നതിന്റെ ദൃശ്യം പുറത്തുവന്നിട്ടുണ്ട്. ബസിന്റെ മുകള്‍ വശം മാത്രമേ കാണാനാകു. ചിപുലിനിലെ ചന്തയും ബസ് സ്‌റ്റേഷനും റെയില്‍വേ സ്‌റ്റേഷനുമെല്ലാം വെള്ളത്തിനടിയിലാണ്.

ഖേഡ്, മഹാഡ് പ്രദേശങ്ങളിലും രക്ഷാപ്രവര്‍ത്തനം പുരോഗമിക്കുകയാണ്. ഖേഡിലെ ജാഗ്ബുദി നദി കരകവിഞ്ഞൊഴുകുകയാണ്. തീരദേശ സേനയുടേയും ദുരന്ത നിവാരണ സേനയുടേയും വിവിധ ടീമുകളെ പ്രളയം ബാധിച്ച പലയിടത്തും വിന്യസിപ്പിച്ചിരിക്കുകയാണ്. ദേശീയ ദുരന്ത പ്രതിരോധ സേനയുടെ ഒമ്ബത് ടീമിനെയാണ് മുംബൈയിലും താനെയിലും പാല്‍ഗറിനും നിയോഗിച്ചിരിക്കുന്നത്. ഒരെണ്ണം ചിപ്ലുനിലേക്കും പോയിട്ടുണ്ട്. രണ്ടു ടീമുകളെയാണ് കോലാപ്പൂരിലേക്ക് അയച്ചിരിക്കുന്നത്.

മൂന്ന് ദിവസമായി പെയ്യുന്ന കനത്ത മഴയില്‍ യവത്മലില്‍ സഹത്രകുണ്ട് വെള്ളച്ചാട്ടം കുടുതല്‍ ശക്തമായി. താനെയിലെ ഭിവാഡിയിലും പലയിടത്തും വെള്ളക്കെട്ടാണ്. കഴിഞ്ഞ ഏതാനും ദിവസമായി ഇവിടെയും കനത്ത മഴയാണ്. പലയിടത്തും ജനങ്ങള്‍ സുരക്ഷിത തീരം തേടി ഒഴിഞ്ഞു പോകുകയാണ്. കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം നേരത്തേ മുംബൈയ്ക്ക് യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു. കനത്ത മഴ തുടരുമെന്നതിനാല്‍ പാല്‍ഗറിലും താനേയിലും റെയ്ഗാഡിലും യെല്ലോ അലേര്‍ട്ട് പ്രഖ്യാപിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *