കോടതിയില്‍ കീഴടങ്ങാനെത്തിയ വ്യാജ അഭിഭാഷക വീണ്ടും മുങ്ങി

ആലപ്പുഴ: ആലപ്പുഴ ബാറിലെ വ്യാജ അഭിഭാഷക സെസി സേവ്യര്‍ വീണ്ടും മുങ്ങി.
രാവിലെ കോടതിയില്‍ കീഴടങ്ങാനെത്തിയ അവര്‍ ജാമ്യം ലഭിക്കില്ലെന്ന ബോധ്യപ്പെട്ടതോടെയാണ് ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ നിന്ന് മുങ്ങിയത്.
ജാമ്യം ലഭിച്ചാല്‍ കീഴടങ്ങാനായിരുന്നു പദ്ധതി. എന്നാല്‍ ജാമ്യം നല്‍കരുതെന്ന പബ്ലിക് പ്രോസിക്യുട്ടര്‍ ശക്തമായി വാദിച്ചതോടെ ഹര്‍ജി പിന്‍വലിച്ച് കോടതിയുടെ പിന്‍വാതില്‍ വഴി കടന്നുകളയുകയായിരുന്നു.

ആലപ്പുഴയിലെ കോടതിയില്‍ രണ്ടര വര്‍ഷമായി പ്രാക്ടീസ് ചെയ്തിരുന്ന സെസി സേവ്യര്‍ ബാര്‍ അസോസിയേഷന്‍ തിരഞ്ഞെടുപ്പിലും വിജയിച്ചിരുന്നു. നിരവധി കേസുകളില്‍ കക്ഷികള്‍ക്ക് ജാമ്യമെടുക്കുന്നതിനും കോടതിയുടെ അന്വേഷണ കമ്മീഷനുകളിലും ഇവര്‍ പ്രവര്‍ത്തിച്ചിരുന്നു. കോണ്‍ഗ്രസ് അനുകൂല സംഘടനയായ ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ സജീവ പ്രവര്‍ത്തകയായിരുന്നു. ആലപ്പുഴ രാമങ്കരി സ്വദേശിനിയാണ് സെസി സേവ്യര്‍. നിയമബിരുദത്തില്‍ സംശയം വന്നതോടെ ബാര്‍ അസോസിയേഷന്‍ സെക്രട്ടറിയാണ് പോലീസിന് പരാതി നല്‍കിയത്.

ചില അഭിഭാഷകരുടെ സഹായത്തോടെയാണ് ഇവര്‍ കോടതിയില്‍ നിന്ന് മുങ്ങിയതെന്ന് സൂചനയുണ്ട്. ഇവര്‍ക്കെതിരെ നേരത്തെ ഐ.പി.സി 417, 419 വകുപ്പുകള്‍ ചുമത്തിയാണ് കേസെടുത്തിരുന്നത്. ഇതില്‍ ജാമ്യം കിട്ടുമെന്ന പ്രതീക്ഷയിലാണ് ഇവര്‍ ഇന്ന് കോടതിയില്‍ എത്തിയത്. എന്നാല്‍ ഇവര്‍ക്കെതിരെ വ്യാജരേഖ ചമയ്ക്കല്‍ അടക്കമുള്ള കുറ്റങ്ങള്‍ ചുമത്തിയതായി പ്രോസിക്യുഷന്‍ അറിയിച്ചതോടെയാണ് ജാമ്യം കിട്ടില്ലെന്ന് കണ്ട് ഇവര്‍ വീണ്ടും കടന്നുകളഞ്ഞത്.

Leave a Reply

Your email address will not be published. Required fields are marked *