ശശീന്ദ്രനെ അനുകൂലിച്ച്‌ മുഖ്യമന്ത്രി ; പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി

തിരുവനന്തപുരം : പീഡന പരാതി ഒത്തുതീര്‍പ്പാക്കാന്‍ ശ്രമിച്ച മന്ത്രി എ.കെ. ശശീന്ദ്രനെ അനുകൂലിച്ച്‌ മുഖ്യമന്ത്രി നിയമസഭയില്‍.

വിഷയത്തില്‍ നിയമസഭയില്‍ അടിയന്തിര പ്രമേയത്തിന് എംഎല്‍എ പി.സി. വിഷ്ണുനാഥ് നോട്ടീസ് നല്‍കിയെങ്കിലും ഇക്കാര്യം സഭാ നടപടികള്‍ നിര്‍ത്തിവച്ചു ചര്‍ച്ച ചെയ്യേണ്ട ആവശ്യമില്ലെന്ന് മുഖ്യമന്ത്രി അറിയിക്കുകയായിരുന്നു.

ശശീന്ദ്രന്‍ ചെയ്‌തത് പാര്‍ട്ടിക്കാര്‍ തമ്മിലുള്ള പ്രശ്‌നത്തില്‍ ഇടപെടുക മാത്രമാണെന്ന് മുഖ്യമന്ത്രി നിയമസഭയില്‍ പറഞ്ഞു. എന്‍ സി പി കൊല്ലം ഗ്രൂപ്പില്‍ തനിക്കെതിരായി നടന്ന വാട്‌സാപ്പ് പ്രചാരണത്തില്‍ യുവതി പരാതി നല്‍കിയിരുന്നു. എന്‍ സി പി സംസ്ഥാന ഭാരവാഹി പത്മാകരന്‍ തന്‍റെ കൈയില്‍ കയറി പിടിച്ചെന്ന പരാതിയില്‍ രണ്ട് പേരെയും പൊലീസ് സ്റ്റേഷനിലേക്ക് വിളിപ്പിച്ചിട്ടുള്ളതാണ്. ആദ്യം യുവതി സ്റ്റേഷനില്‍ ഹാജരായില്ല. പിന്നീട് കേസ് രജിസ്റ്റര്‍ ചെയ്യുന്നതില്‍ കാലതാമസമുണ്ടായോ എന്ന കാര്യം പൊലീസ് മേധാവി നേരിട്ട് അന്വേഷിക്കുന്നുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.

സ്ത്രീകള്‍ക്കെതിരായ അതിക്രമങ്ങള്‍ക്കെതിരെ ഉപവാസമനുഷ്‌ഠിച്ച ഗവര്‍ണറുടെ സമരത്തെ പ്രതിപക്ഷം ചൂണ്ടിക്കാണിച്ചപ്പോള്‍, അത് ഗാന്ധിയന്‍ സമരമാണെന്നും, ഇത് സര്‍ക്കാരിനെതിരെയുള്ള നീക്കമായി ഉയര്‍ത്തിക്കാട്ടാന്‍ ചിലര്‍ ശ്രമിച്ചെന്നും മുഖ്യമന്ത്രി പറഞ്ഞു. മന്ത്രി പാര്‍ട്ടി കാര്യമെന്ന തരത്തിലാണ് ഇടപെട്ടത്. എന്നാല്‍ അപ്പുറത്ത് ഇത് മറ്റിടങ്ങളില്‍ എത്തിക്കാനായിരുന്നു ശ്രമം, ഇത് മന്ത്രി അറിഞ്ഞിരുന്നില്ല. മന്ത്രി ഒരു തെറ്റും ചെയ്‌തിട്ടില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

അടിയന്തിര പ്രമേയത്തിനുള്ള അനുമതി സ്പീക്കര്‍ നിഷേധിക്കുകയും ചെയ്തു. സ്ത്രീപീഡനം ഒത്തുതീര്‍ക്കാന്‍ മന്ത്രി ഇടപെട്ടത് ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് പി സി വിഷ്‌ണുനാഥ് നല്‍കിയ അടിയന്ത്ര പ്രമേയത്തിന് അനുമതി നിഷേധിച്ചതോടെ പ്രതിപക്ഷം സഭയില്‍ നിന്ന് ഇറങ്ങിപ്പോയി.

മുഖ്യമന്ത്രി മന്ത്രിയെ ന്യായീകരിക്കുന്നത് ശരിയല്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പറഞ്ഞു. മുഖ്യമന്ത്രി സഭയില്‍ തലകുനിച്ചിരിക്കുകയാണ്. പരാതികളില്‍ മന്ത്രിമാര്‍ ഇടപെടുകയാണെന്നും ഇതോണോ സ്‌ത്രീപക്ഷമെന്നും സതീശന്‍ ചോദിച്ചു.

Leave a Reply

Your email address will not be published. Required fields are marked *