ജനറല്‍ ആശുപത്രിയില്‍ ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു

തിരുവനന്തപുരം: രോഗികള്‍ക്ക് സുഗമമായി ഓക്സിജന്‍ എത്തിക്കാന്‍ ജനറല്‍ ആശുപത്രിയില്‍ ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് സ്ഥാപിച്ചു. 6000 കിലോ ലിറ്റര്‍ സംഭരണ ശേഷിയുള്ള പ്ലാന്റ് സ്ഥാപിച്ചത് ജില്ലാ നിര്‍മിതി കേന്ദ്രമാണ്.

ഓക്സിജന്‍ പൈപ്പ്ലൈനുകളുടെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഉടന്‍ ആരംഭിക്കും. വൈകാതെ തന്നെ ഐ സി യുവിലേക്കും വാര്‍ഡുകളിലേക്കും ഓക്സിജന്റെ സുഗമമായ ലഭ്യത ഉറപ്പുവരുത്താനാകുമെന്ന് ജില്ലാ കളക്ടര്‍ ഡോ. നവ്ജ്യോത് ഖോസ അറിയിച്ചു.

മേയ് അവസാന വാരം ആരംഭിച്ച പ്ലാന്റിന്റെ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ ഒന്നര മാസം കൊണ്ടു പൂര്‍ത്തിയായി. ബ്രിഡ്ജിങ് ട്രാക്കുകള്‍ നിര്‍മ്മിക്കുന്നതിനുള്ള പ്രാരംഭഘട്ട പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ജില്ലാ നിര്‍മ്മിതി കേന്ദ്രത്തിനു തന്നെയാണ് ഇതിന്റെയും നിര്‍മ്മാണ ചുമതല. ആശുപത്രിയിലെ എല്ലാ വാര്‍ഡുകളിലേക്കും ഓക്സിജന്‍ പൈപ്പുകള്‍ സ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങളും ഉടന്‍ ആരംഭിക്കും.

ജനറല്‍ ആശുപത്രി അധികൃതരുടെയും ജില്ലാ നിര്‍മിതി കേന്ദ്രത്തിന്റെയും കെ എം എസ് സി എല്ലിന്റെയും സമയോചിതമായ ഇടപെടലും സഹകരണവുമാണ് നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ വേഗത്തിലാക്കിയത്. ദ്രവീകൃത മെഡിക്കല്‍ ഓക്സിജന്‍ പ്ലാന്റ് പ്രവര്‍ത്തന സജ്ജമായാല്‍ ഓക്സിജന്‍ ദൗര്‍ലഭ്യതയ്ക്ക് പരിഹാരമാകുമെന്നും ജില്ലാ കളക്ടര്‍ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed