കിറ്റെക്സ് കേരളം വിട്ടതിനു പിന്നില്‍ സി.പി.എമ്മുമായുള്ള തര്‍ക്കം: വി.ഡി.സതീശന്‍

കൊച്ചി : കിറ്റെക്സ് കേരളം വിട്ടതിനു പിന്നില്‍ അവരുടെ മാനേജ്മെന്റും സിപിഎമ്മും തമ്മിലുള്ള തര്‍ക്കമാണ് കാരണമെന്നും കോണ്‍ഗ്രസ് ഇതില്‍ ഒന്നും ചെയ്തിട്ടില്ലെന്നും പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍.

സര്‍ക്കാര്‍ തീരുമാനിച്ചാല്‍ ഒറ്റ ദിവസം കൊണ്ട് തീരുന്ന പ്രശ്‌നമായിരുന്നു ഇതെന്നും കഴിഞ്ഞ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്ത് സമാന രീതിയില്‍ പ്രശ്നം ഉണ്ടായപ്പോള്‍ കെ. ബാബു വഴി അത് പരിഹരിച്ചിരുന്നതാണെന്നും പറഞ്ഞു.

എറണാകുളം ജില്ലയില്‍ യു.ഡി.എഫ് സ്ഥാനാര്‍ത്ഥികളെ തോല്‍പ്പിക്കാന്‍ ശ്രമിച്ചവരാണ് കിറ്റെക്സ്. എങ്കിലും കമ്ബനി പൂട്ടിപ്പോകരുത് എന്നാണ് കോണ്‍ഗ്രസ് നിലപാടെന്നും പറഞ്ഞു. എറണാകുളത്ത് ​കോണ്‍​‍ഗ്രസിനെ ​തോല്‍പ്പിക്കാനാണ് കമ്ബനി മാനേജ്‌മെന്റ് ശ്രമിച്ചത്.

ട്വന്റി 20 എന്ന പാര്‍ട്ടി ഇല്ലായിരുന്നെങ്കില്‍ എല്‍ഡിഎഫ് എറണാകുളത്ത് നാണം കെടുമായിരുന്നു. ഇക്കാര്യം തന്നെയാണ് സിപിഎം ജില്ലാക്കമ്മറ്റിയുടെ വിശകലനത്തിലും പറയുന്നതെന്ന് വി.ഡി. സതീശന്‍ പ്രസ്താവനയില്‍ വ്യക്തമാക്കി. പിന്നീട് കിറ്റെക്‌സ് മാനേജ്‌മെന്റും സി.പി.എം നേതൃത്വവും തമ്മിലുണ്ടായ അഭിപ്രായവ്യത്യാസങ്ങളാണ് എല്ലാ പ്രശ്‌നങ്ങള്‍ക്കും കാരണം. അത് കോണ്‍ഗ്രസിന്റെ തലയില്‍ ആരും കെട്ടിവയ്ക്കണ്ട.

ഉമ്മന്‍ ചാണ്ടി മുഖ്യമന്ത്രിയായിരുന്ന സമയത്ത് കമ്ബനി തമിഴ് നാട്ടിലേക്ക് പറിച്ചു നടും എന്ന് കമ്ബനിയുടമകള്‍ പറഞ്ഞപ്പോള്‍ മന്ത്രിയായിരുന്ന കെ.ബാബുവിനെ പ്രശ്‌നങ്ങള്‍ പറഞ്ഞു തീര്‍ക്കാന്‍ ചുമതലപ്പെടുത്തി. അദ്ദേഹം നിരവധി പ്രാവശ്യം ഇരുകൂട്ടരുമായും സംസാരിച്ച്‌ പ്രശ്‌നങ്ങള്‍ ഒത്തുതീര്‍പ്പാക്കി. അത്തരം ഒരു സമീപനം ഈ സര്‍ക്കാരിന്റെ ഭാഗത്ത് നിന്നും ഇതുവരെ ഉണ്ടായിട്ടില്ല.

കോണ്‍ഗ്രസ് എം.എല്‍.എമാര്‍ പരാതി നല്‍കിയത് കടമ്ബ്രയാറിലെ മലിനീകരണവുമായി ബന്ധപ്പെട്ടാണ്. അതില്‍ മലിനീകരണനിയന്ത്രണ ബോര്‍ഡ് പരിശോധന നടത്തിയതായി അറിവില്ല. കമ്ബനി ആരോപിക്കുന്ന പരിശോധനകളും നടന്നിട്ടുള്ളത് സി.പിഎമ്മിന്റെ അറിവോടെയെന്നും പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *