സംഗീത സംവിധായകന്‍ മുരളി സിതാര ആത്മഹത്യ ചെയ്ത നിലയില്‍

തിരുവനന്തപുരം: സിനിമ സംഗീത സംവിധായകന്‍ മുരളി സിത്താര (65) യെ വീട്ടിനുള്ളില്‍ തൂങ്ങി മരിച്ച നിലയില്‍ കണ്ടെത്തി.

വട്ടിയൂര്‍ക്കാവ് തോപ്പുമുക്കില്‍ ആമ്ബാടിയിലാണ് ഇന്നലെ ഉച്ചയോടെ മൃതദേഹം കണ്ടത്. അകത്തുനിന്നു പൂട്ടിയ മുറി തുറക്കാത്തതിനാല്‍ മകന്‍ എത്തി വാതില്‍ ചവിട്ടിത്തുറന്നപ്പോഴാണ് തൂങ്ങിനില്‍ക്കുന്ന നിലയില്‍ കണ്ടത്.

1987ല്‍ തീക്കാറ്റ് എന്ന ചിത്രത്തില്‍ ‘ഒരുകോടിസ്വപ്നങ്ങളാല്‍’ എന്ന ഗാനത്തിന് ഈണംപകര്‍ന്നുകൊണ്ടാണ് മുരളി സിതാര ചലച്ചിത്രരംഗത്ത് പ്രവേശിച്ചത്. ഓലപ്പീലിയില്‍ ഊഞ്ഞാലാടും, ഇല്ലിക്കാട്ടിലെ ചില്ലിമുളംകൂട്ടില്‍, ശാരദേന്ദു പൂചൊരിഞ്ഞ, സൗരയൂഥത്തിലെ സൗവര്‍ണ്ണഭൂമിയില്‍, അമ്ബിളിപ്പൂവേ നീയുറങ്ങൂ തുടങ്ങിയവ അദ്ദേഹത്തിന്റെ സൂപ്പര്‍ഹിറ്റ് ഗാനങ്ങളാണ്. 1991ല്‍ ആകാശവാണി തിരുവനന്തപുരം നിലയത്തില്‍ എത്തി.

ആകാശവാണിയില്‍ സീനിയര്‍ മ്യൂസിക് കമ്ബോസര്‍ ആയിരുന്നു. ലളിതഗാനം, ഉദയഗീതം തുടങ്ങിയവകൂടാതെ വിവിധ പരിപാടികള്‍ക്കായി പാട്ടുകളൊരുക്കി. ഒ.എന്‍.വിയുടെ എഴുതിരികത്തും നാളങ്ങളില്‍ , കെ.ജയകുമാറിന്റെ കളഭമഴയില്‍ ഉയിരുമുടലും,ശരത് വയലാറിന്റെ അംഗനേ ഉദയാംഗനേ തുടങ്ങിയ ശ്രദ്ധേയമായ ലളിതഗാനങ്ങളാണ്. മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ സൂക്ഷിച്ചിട്ടുള്ള മൃതദേഹം കൊവിഡ് പരിശോധനയ്‌ക്ക് ശേഷം പോസ്റ്റ് മോര്‍ട്ടം കഴിഞ്ഞ് ഇന്ന് വീട്ടുവളപ്പില്‍ സംസ്‌കരിക്കും . വട്ടിയൂര്‍ക്കാവ് പൊലീസ് കേസെടുത്തു.
ഭാര്യ : ശോഭനകുമാരി. മക്കള്‍ : മിഥുന്‍മുരളി (കീബോര്‍ഡ് പ്രോഗ്രാമര്‍ ),വിപിന്‍.മരുമകള്‍ നീതു.

Leave a Reply

Your email address will not be published. Required fields are marked *