ഡോ. പി കെ വാരിയര്‍ അന്തരിച്ചു

മലപ്പുറം: വൈദ്യകുലപതിയും കോട്ടയ്ക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയുമായ ഡോ. പി കെ വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ശനിയാഴ്ച ഉച്ചയോടെയായിരുന്നു അന്ത്യം. ജൂൺ എട്ടിനാണ് 100ാം ജന്മദിനം ആഘോഷിച്ചത്. പത്മശ്രീ, പത്മഭൂഷണ്‍ എന്നീ ബഹുമതികള്‍ നല്‍കി രാജ്യം അദ്ദേഹത്തെ ആദരിച്ചിരുന്നു.

1997ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് ‘ആയുർവേദ മഹർഷി’ സ്ഥാനം അദ്ദേഹത്തിനു സമർപ്പിക്കുകയുണ്ടായി. ധന്വന്തരി പുരസ്കാരം, സംസ്ഥാന സർക്കാരിന്റെ അഷ്ടാംഗരത്നം പുരസ്കാരം, ഡോ.പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്കാരം, സി. അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്ടറേറ്റ് എന്നിവ പി കെ വാരിയരെത്തേടിയെത്തിയ ബഹുമതികളിൽ ചിലതുമാത്രം. കേരള ആയുർവേദ മണ്ഡലം, അഖിലേന്ത്യാ ആയുർവേദ കോൺഗ്രസ് എന്നിവയുടെ അധ്യക്ഷനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. സ്‌മൃതിപർവമെന്ന പേരിൽ രചിച്ച ആത്മകഥ സംസ്‌ഥാന സാഹിത്യ അക്കാദമി അവാർഡിന് അർഹമായി. 1987 ൽ കോപ്പൻഹേഗനിൽ നിന്ന് ഡോക്ടർ ഓഫ് മെഡിസിൻ അവാർഡ് നേടി. 1999 ൽ കാലിക്കറ്റ് യൂണിവേഴ്സിറ്റി ഡിലിറ്റ് നൽകി ആദരിച്ചു. 2009 ൽ മഹാത്മാഗാന്ധി യൂണിവേഴ്സിറ്റി D.Sc. അവാർഡും നൽകി. 1997 ൽ ആൾ ഇന്ത്യാ ആയുർവേദിക് കോൺഗ്രസ് ആയുർവേദ മഹർഷിപട്ടം നൽകി ആദരിച്ചിട്ടുണ്ട്.

കവി പരേതയായ മാധവിക്കുട്ടി വാരസ്യാരാണ് ഭാര്യ. മക്കൾ: ഡോ. കെ.ബാലചന്ദ്രൻ വാരിയർ, പരേതനായ കെ.വിജയൻ വാരിയർ, സുഭദ്ര രാമചന്ദ്രൻ. മരുമക്കൾ: രാജലക്ഷ്മി, രതി വിജയൻ വാരിയർ, കെ.വി.രാമചന്ദ്രൻ വാരിയർ.

 

 

 

 

Leave a Reply

Your email address will not be published. Required fields are marked *