ബാറുകളിൽ മദ്യ വിൽപന പുനരാരംഭിച്ചു

തിരുവനന്തപുരം: ബാറുകൾക്കും കൺസ്യൂമർഫെഡുകൾക്കും വെയർഹൗസിൽനിന്ന് മദ്യം നൽകുമ്പോൾ ബെവ്കോ ഈടാക്കിയിരുന്ന ലാഭവിഹിതം കുറയ്ക്കാൻ സർക്കാർ തീരുമാനിച്ചതോടെ ബാറുകളിൽ വീണ്ടും മദ്യവിൽപന പുനരാരംഭിച്ചു.

13 ശതമാനം ലാഭവിഹിതം നൽകിയാൽ മതിയെന്നാണ് പുതിയ തീരുമാനം. രണ്ടാം ലോക്ഡൗണിനു ശേഷം മദ്യവിൽപന പുനഃരാരംഭിച്ചതോടെയാണ് ബവ്കോ ലാഭവിഹിതം ഉയർത്തിയിരുന്നത്. ബാറുകളിൽനിന്ന് 25 ശതമാനവും കൺസ്യൂമർഫെഡിൽനിന്ന് 20 ശതമാനവും ലാഭ വിഹിതം വാങ്ങാനായിരുന്നു തീരുമാനം. അതിനു മുൻപ് 8 ശതമാനമായിരുന്നു വിഹിതം.

ലാഭ വിഹിതം പഴയതുപോലെ 8 ശതമാനമാക്കണമെന്നതായിരുന്നു ബാറുടമകളുടെ ആവശ്യം. എങ്കിലും സർക്കാരുമായി ഏറ്റുമുട്ടൽ വേണ്ടെന്നും ബാറുകൾ തുറക്കാമെന്നും ഓൺലൈനായി ചേർന്ന ബാറുടമകളുടെ യോഗം തീരുമാനിച്ചു. ഇതോടെ മദ്യവിൽപനകേന്ദ്രങ്ങളുടെ എണ്ണം 906 ആകും. നിലവിൽ ബെവ്കോ- കൺസ്യൂമർഫെഡ് എന്നിവയുടെ 302 കേന്ദ്രങ്ങളാണ് പ്രവർത്തിച്ചിരുന്നത്.

മദ്യശാലകൾക്ക് മുൻപിലെ തിരക്കിനെതിരെ ഹൈക്കോടതി സ്വമേധയാ കേസെടുത്തിരുന്നു. കോവിഡ് ഇളവുകളുടെ പശ്ചാത്തലത്തിൽ ബിവറേജസ് തുറന്നതിന് പിന്നാലെ മിക്ക ഇടങ്ങളിലും നീണ്ട ക്യൂവാണ് ഉണ്ടായിരുന്നത്. ഇതിനെ ഹൈക്കോടതി രൂക്ഷഭാഷയിൽ വിമർശിച്ചിരുന്നു.

ബിവറേജസ് ഔട്ട് ലെറ്റുകൾക്ക് മുന്നിലെ തിരക്ക് കുറയ്ക്കുന്നതിനുള്ള മാര്‍ഗ്ഗങ്ങള്‍ വ്യക്തമാക്കി 10 ദിവസത്തിനുള്ളില്‍ വിശദമായ സത്യവാങ്മൂലം സമര്‍പ്പിക്കണമെന്നും ഹൈക്കോടതി ആവശ്യപ്പെട്ടിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് ബാറുകളിലെ മദ്യവിൽപന പുനഃരാരംഭിക്കാൻ സർക്കാർ തീരുമാനിച്ചത്. ബാറുകൾ വഴി മദ്യം പാഴ്‌സലായിട്ടാണ് നൽകുക.

Leave a Reply

Your email address will not be published. Required fields are marked *