രാജ്യത്ത് പുതുതായി 1,500 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍

ന്യൂഡല്‍ഹി: രാജ്യത്ത് പുതുതായി 1,500 ഓക്‌സിജന്‍ പ്ലാന്റുകള്‍ സ്ഥാപിക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍. പ്ലാന്റുകള്‍ സ്ഥാപിക്കുന്നത് വേഗത്തിലാക്കാന്‍ കോവിഡ് അവലോകന യോഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി നിര്‍ദേശം നല്‍കി. രാജ്യത്തെ 50 ശതമാനം കോവിഡ് കേസുകളും കേരളത്തിലും മഹാരാഷ്ട്രയിലുമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കോവിഡ് മൂന്നാംതരംഗ ഭീഷണി നിലനില്‍ക്കെയാണ് പ്രധാനമന്ത്രിയുടെ നേതൃത്വത്തില്‍ അവലോകന യോഗം ചേര്‍ന്നത്. 1,500 ഓക്‌സിജന്‍ പ്ലാന്റുകള്‍ നിര്‍മിച്ച്‌ നാലുലക്ഷം ഓക്‌സിജന്‍ കിടക്കകള്‍ സജ്ജമാക്കുകയാണ് ലക്ഷ്യംവയ്ക്കുന്നത്. ഇതിനുള്ള പണം പിഎം കെയേഴ്‌സ് ഫണ്ട് വഴി നല്‍കും. രാജ്യത്തെ കൊവിഡ് വ്യാപനത്തില്‍ പ്രധാനമന്ത്രി ആശങ്ക രേഖപ്പെടുത്തി.

കേരളത്തിലും മഹാരാഷ്ട്രയിലും കോവിഡ് വ്യാപനതോത് കുറയാത്തതും യോഗത്തില്‍ ചര്‍ച്ചയായി. ജനങ്ങളുടെ ശ്രദ്ധക്കുറവാണ് കോവിഡ് വ്യാപനം കുറയാത്തതിന്റെ കാരണമായി പ്രധാനമന്ത്രി ചൂണ്ടിക്കാണിച്ചത്. രാജ്യത്ത് പ്രതിദിന രോഗികളുടെ എണ്ണത്തില്‍ എട്ടുശതമാനത്തിന്റെ കുറവ് വന്നിട്ടുണ്ട്. വിനോദസഞ്ചാര കേന്ദ്രങ്ങളിലെ തിരക്ക് ആശങ്കാജനകമാണെന്ന് കേന്ദ്ര ആരോഗ്യ മന്ത്രാലയം അറിയിച്ചു.

കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് 43, 393 കോവിഡ് കേസുകളും 911 മരണവും റിപ്പോര്‍ട്ട് ചെയ്തു. 4,58,727 പേരാണ് രാജ്യത്ത് കോവിഡ് ചികിത്സയില്‍ തുടരുന്നത്. അതിനിടെ മൂന്നാമത്തെ ഡോസ് വാക്‌സിന് ഫൈസറും ബയോ എന്‍ ടെക്കും അനുമതി തേടി അമേരിക്കന്‍ ഫുഡ് ആന്‍ഡ് ഡ്രഗ് അഡ്മിനിസ്‌ട്രേഷനെ സമീപിച്ചു. ഡെല്‍റ്റ ഉള്‍പ്പെടെയുള്ള വകഭേദങ്ങളെ ചെറുക്കാന്‍ മൂന്നാമത്തെ ഡോസ് വാക്‌സിന് കഴിയുമെന്നാണ് കമ്ബനിയുടെ അവകാശവാദം. ഫൈസറിനും ബയോ എന്‍ ടെക്കിനും അടിയന്തര ഉപയോഗത്തിന് ഇന്ത്യയില്‍ അനുമതി നല്‍കിയിട്ടില്ല.

Leave a Reply

Your email address will not be published. Required fields are marked *