ബി. ജെ. പി. കേന്ദ്ര നേതൃത്വം ഒരു കറവപ്പശു..?

കൃഷ്ണന്‍ ചേലേമ്പ്ര


കൊടകര കുഴല്‍പ്പണ ക്കേസില്‍ അന്വേഷണ ഏജന്‍സിക്കു മുന്‍പില്‍ ഹാജരാകണമെന്ന നിര്‍ദേശം തീര്‍ത്തും തള്ളാതെ ഏജന്‍സി ആവശ്യപ്പെട്ടദിവസം ഹാജരാകില്ലെന്ന വിചിത്രമായ മറുപടിയാണ് ബി. ജെ. പി.
സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നല്‍കിയത്. ആദ്യം ഹാജരാകില്ലെന്ന തരത്തില്‍ നിഷേധാത്മക സമീപനം കൈക്കൊണ്ട സുരേന്ദ്രന്‍ പിന്നീടത് തിരുത്തി അങ്ങനെ പറഞ്ഞില്ലെന്നു സാധാരണ രാഷ്ട്രീയക്കാരുടെ നിലവാരത്തില്‍ നിഷേധിച്ചു. പിന്നീട് എന്തോ ഉള്‍വിളി ഉണ്ടായ പോലെയാണ് ഹാജരാകുമെന്നു പറഞ്ഞത്. എന്നാലും അന്വേഷണ ഏജന്‍സി ആവശ്യപ്പെട്ട ദിവസം ഹാജരാകുന്നത് ഒരു
മോശപ്പെട്ട ഇടപാടായി സുരേന്ദ്രനു തോന്നിക്കാണണം. അതിനാലാണ് നോട്ടീസ് ലഭിച്ചല്ല പോയത് എന്നു മാളോരേ ധരിപ്പിക്കാന്‍ ഏജന്‍സി ആവശ്യപ്പെട്ട ദിവസം ഹാജരാകില്ലെന്നും ഇനി എന്ന് ഹാജരാകണമെന്ന് തീരുമാനിച്ചിട്ടില്ലെന്നും സുരേന്ദ്രന്‍ മുന്‍കൂര്‍ ജാമ്യമെടുത്തത്.

ഇവിടെ സുരേന്ദ്രന്റെ ചോദ്യം ചെയ്യലല്ല വിഷയം. അതിലേക്കു വഴി തിരിച്ച പണം കടത്തും അനുബന്ധമായ അന്വേഷണ നൂലാമാലകളുമാണ്. തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ക്കായി ബി. ജെ. പി. യുടെ കേന്ദ്ര
നേതൃത്വം കേരളത്തിലേക്ക് പണമൊഴുക്കി എന്നതാണ് ഇതിന്റെയെല്ലാം അടിസ്ഥാന ശില. അത് 100 കോടി മുതല്‍ 400 കോടി വരെ ഓരോരുത്തരുടെയും ഭാവനാ വിലാസമനുസരിച്ചാണ് തുകയുടെ പെരുപ്പം. തുക എത്രയായാലും അതില്‍ ആദിവാസി നേതാവ് ജാനുവിനെ ബി. ജെ. പി.സ്ഥാനാര്‍ത്ഥിയാക്കാന്‍ 10ലക്ഷം (അതില്‍ കൂടുതല്‍ ഉണ്ടെന്നും പറയപ്പെടുന്നു. ഒരു രാഷ്ട്രീയപാര്‍ട്ടിക്കും ആവശ്യമില്ലാത്ത, കേവലം മുടക്കാച്ചരക്കായ കാലഹരണപ്പെട്ട ഒരു ആദിവാസി നേതാവിനെ ബി. ജെ. പി. പാളയത്തില്‍ എത്തിക്കാന്‍ ഇത്രയും ഭീമമായ തുക മുടക്കിയെന്നു കേട്ടാല്‍ പാര്‍ട്ടി പ്രവര്‍ത്തകര്‍ അല്ലാത്ത ആരും ചിരിച്ചു പോകും. അഡ്വ. ജയശങ്കറിന്റെ സ്ഥിരം ശൈലി കടമെടുത്തു പറഞ്ഞാല്‍ അരിയാഹാരം കഴിക്കുന്ന പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇതു വിശ്വസിക്കുമെന്നും തോന്നുന്നില്ല. ഒരിക്കല്‍ ബി. ജെ. പി. മുന്നണിയില്‍
നിന്ന് സലാം പറഞ്ഞു പോയതാണ് ഈ മാന്യ വനിതയെന്നും ഓര്‍ക്കണം. അക്കാലത്തു ജാനുവിനില്ലാത്ത എന്തു മഹത്വമാണ് ഇപ്പോള്‍ അവര്‍ക്കുണ്ടായതെന്നു വ്യക്തമാക്കാന്‍ സംസ്ഥാന ഭാരവാഹികള്‍ക്ക് ബാധ്യതയുണ്ട്.

ഏതായാലും നിയമ സഭാ തിരഞ്ഞെടുപ്പ് ചില നേതാക്കള്‍ക്കെങ്കിലും ചാകര ആയിരുന്നുവെന്നത് പരസ്യമായ രഹസ്യമത്രെ. ഇതിന്റെയൊക്കെ പരിണിത ഫലമാണ് വയനാട് ജില്ലയില്‍ പാര്‍ട്ടിയിലുണ്ടായ വ്യാപകമായ അച്ചടക്കനടപടികളും കൂട്ടത്തോടെയുള്ള കൊഴിഞ്ഞു പോക്കും. ഇപ്പോഴും അതിന്റെ അനുരണനങ്ങള്‍ അവിടെ കെട്ടടങ്ങിയിട്ടില്ല.

കൊടകര കുഴല്‍പ്പണ കേസില്‍ അറസ്റ്റിലായവരുടെ പേരു വിവരം അറിയുമ്പോഴാണ് ബി. ജെ. പി. എന്ന പാര്‍ട്ടിയുടെ ധാര്‍മികത ഒരു ചോദ്യ ചിഹ്നമായി ഉയരുന്നത്. മലപ്പുറം ജില്ലയില്‍ നടക്കുന്ന സ്വര്‍ണക്കടത്തു, ഹവാല പണം ഇടപാട്, മയക്കുമരുന്ന് കച്ചവടം, കുഴല്‍പ്പണ ഇടപാട് എന്നിവയില്‍ പിടിക്കപ്പെടുന്ന പ്രതികളില്‍ 95ശതമാനത്തിലേറെ പേര്‍ മുസ്‌ലിം സമുദായത്തില്‍ പെട്ടവരാണെന്ന ആക്ഷേപം ബി. ജെ. പി. ക്കു നേരത്തേയുണ്ട്. കോഴിക്കോട് വിമാനത്താവളം മലപ്പുറത്തു സ്ഥാപിച്ചതു തന്നെ സ്വര്‍ണക്കടത്തിനു വേണ്ടിയാണെന്ന് അവര്‍ സമര്‍ത്ഥിക്കുന്നു. വിധി വൈപരീത്യമെന്നു പറയട്ടെ കൊടകര കുഴല്‍പ്പണക്കേസില്‍ അറസ്റ്റിലായവരില്‍ 16പേരോ മറ്റോ മുസ്‌ലിം നാമധാരികളാണ്. ഇതേക്കുറിച്ചു പ്രവര്‍ത്തകര്‍ക്ക് മുന്നില്‍ വിശദീകരണം നല്‍കേണ്ട ബാധ്യതയും പാര്‍ട്ടി നേതൃത്വത്തിനുണ്ട്.

ഇവിടെ മറ്റൊന്ന് കൂടി ചേര്‍ത്തു വായിക്കേണ്ടതും അതിനു ബി. ജെ. പി. നേതൃത്വം മറുപടി പറയേണ്ടതുമാണ്. കുഴല്‍പ്പണക്കേസില്‍ അറസ്റ്റില്‍ അകപ്പെട്ടവരില്‍ മുസ്‌ലിം നാമധാരികള്‍ ഏറെ എന്നതുപോലെ ഇവരില്‍ മിക്കവരും സി. പി. എമ്മിന്റെയോ അനുബന്ധ സംഘടനകളുടെയോ പ്രവര്‍ത്തകര്‍ ആണെന്നതും സത്യമല്ലേ. അപ്പോള്‍ ബി. ജെ. പി സി. പി. എം. അവിഹിത ബാന്ധവം ഉണ്ടെന്നത് പകല്‍ പോലെ വ്യക്തമല്ലേ. ഇതിനെല്ലാം വിശദീകരണം നല്‍കേണ്ട ബാധ്യതയും ബി. ജെ. പി ക്കുണ്ട്.

ഏതായാലും നിയമസഭാ തിരഞ്ഞെടുപ്പില്‍ കേന്ദ്ര നേതൃത്വം പണം വാരിക്കോരി ചെലവാക്കിയിട്ടും സംപൂജ്യരാവേണ്ട ഗതികേടാണ് ഉണ്ടായത്. പിന്നെ എന്തിനു വേണ്ടി കേന്ദ്രം പണം വാരിയെറിഞ്ഞു. കേന്ദ്രത്തെ ഒരു കറവപ്പശു മാത്രമായാണ് സംസ്ഥാന നേതാക്കള്‍ കാണുന്നതെന്ന് കുറ്റപ്പെടുത്തിയാല്‍ അല്ലെന്നു പറയാനാവുമോ? തമ്മിലടിയും കുതികാല്‍ വെട്ടും പാരയും പരദൂഷണവും മുഖ്യ അജണ്ടയായി മാറിയ, അല്ലെങ്കില്‍ മാറ്റിയ കേരളത്തിലെ ബി. ജെ. പി. തീരം തൊടുമോ?

Leave a Reply

Your email address will not be published. Required fields are marked *