മാണി അഴിമതിക്കാരന്‍ തന്നെയത്രേ..!

പറഞ്ഞേപറ്റൂ..കൃഷ്ണന്‍ ചേലേമ്പ്ര


നിയമസഭയിലെ കൈയാങ്കളിക്കേസില്‍ സംസ്ഥാന സര്‍ക്കാരിന് തിരിച്ചടി നേരിടുമെന്ന് പ്രബുദ്ധ കേരളം പ്രതീക്ഷിച്ചതു തന്നെയായിരുന്നു. കാരണം സംസ്‌കാര സമ്പന്നരെന്ന് ഊറ്റം കൊള്ളുന്ന ഒരു ജനസമൂഹത്തിനു ഒരിക്കലും അംഗീകരിക്കാവുന്ന കോപ്രായമല്ല ജനപ്രതിനിധികള്‍ എന്നവകാശപ്പെടുകയും അതിന്റെ പേരില്‍ ഒട്ടേറെ ആനുകൂല്യങ്ങള്‍ കൈപ്പറ്റുകയും ചെയ്യുന്ന ഒരു വിഭാഗം കൂട്ടര്‍ നിയമസഭയില്‍ കാഴ്ചവച്ച പ്രകടനങ്ങള്‍.

കക്ഷിരാഷ്ട്രീയഭേദമന്യേ ഇവിടുത്തെ വിവിധ രാഷ്ട്രീയ കക്ഷികള്‍ പലവിധ ആവശ്യങ്ങള്‍ നേടിയെടുക്കാന്‍ ജന ജീവിതം തന്നെ സ്തംഭിപ്പിക്കുമാറ് റോഡിലിറങ്ങുകയും പൊതു മുതല്‍ തല്ലിത്തകര്‍ക്കുകയും ചെയ്യുന്നത് പതിവുകാഴ്ചയാണ്. പ്രതിപക്ഷത്തിരിക്കുമ്പോള്‍ ജന്മാവകാശം പോലെയാണ് ഇടതു വലതു മുന്നണികള്‍ ഈ ദൃശ മൊമൃമയവമമെിഴമഹ സംഘടിപ്പിക്കാറ്. ഇടതുമുന്നണിയാകുമ്പോള്‍ മരങ്ങള്‍ക്ക് മൂര്‍ച്ച കൂടുന്നതും പൊതുമുതല്‍ നശിപ്പിക്കുന്നതും പാരമ്യത്തിലായിരിക്കും. അതിനാല്‍ തന്നെ നിഷ്പക്ഷ മതികളായുള്ളവര്‍ ഇടതുമുന്നണി ഭരണത്തിലിരിക്കുന്നതാണ് ഭേദമെന്നു പറയാറുണ്ട്. കാരണം സമരം മൂലമുള്ള അസ്‌ക്യതകള്‍ അത്രയും കുറച്ചനുഭവിച്ചാല്‍ മതിയല്ലോ. എന്നാല്‍ ഏറ്റവും ഒടുവിലത്തെ ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ ഭരണകാലത്ത് ഇടതു പക്ഷത്തിന്റെ അതു വരേക്കുമുള്ള സമര ചരിത്രത്തില്‍ പുതിയൊരധ്യായം വെട്ടിത്തുറക്കുകയായിരുന്നു നിയമസഭയിലെ പുത്തന്‍ സമരാഭാസത്തിലൂടെ.

അന്നത്തെ ധനകാര്യമന്ത്രി കെ. എം. മാണി ബാര്‍ അനുവദിക്കാന്‍ കോഴ വാങ്ങി എന്നാരോപിച്ചു നടുത്തളത്തിലിറങ്ങിയ പ്രതിപക്ഷം ബജറ്റ് അവതരണത്തില്‍ നിന്ന് മണിയെ തടയുക എന്ന ലക്ഷ്യത്തോടെ കാട്ടിക്കൂട്ടിയ ധീരശൂര പരാക്രമങ്ങള്‍ കണ്ട് നാം വിവര ശൂന്യരെന്നു ആക്ഷേപിക്കുന്ന സംസ്ഥാനങ്ങളിലെ ജനം വരെ മൂക്കത്തു വിരല്‍വച്ചു പോയിക്കാണും. നിയമ നിര്‍മാണത്തിന്റെ ശ്രീകോവിലെന്നു മലയാളികള്‍ ആദരിക്കുന്ന നിയമസഭയ്ക്കുള്ളില്‍ പ്രതിപക്ഷ സാമാജികര്‍ കാട്ടിക്കൂട്ടിയത് ആഭാസ നാടകം തന്നെയായിരുന്നു. അമേധ്യക്കൂനയില്‍ പുളയ്ക്കുന്ന പന്നികളെപ്പോലെ എന്നു വിശേഷിപ്പിച്ചാല്‍ ഒരു പക്ഷേ പന്നികള്‍ മാനനഷ്ടത്തിന് കേസ് കൊടുത്തേക്കാം. പിന്നീട് മന്ത്രിമാരായ കെ. ടി. ജലീല്‍, ശിവന്‍കുട്ടി, താമസ് ഐസക്, സ്പീക്കര്‍ ആയ ശ്രീരാമകൃഷ്ണന്‍ എന്നിവര്‍ ഈ അസംബന്ധ നാടകത്തിനു നേതൃത്വം നല്‍കി എന്നത് പിന്നീടവരെ വോട്ട് നല്‍കി വിജയിപ്പിച്ചവര്‍ക്കു നാണക്കേടുണ്ടാക്കിയില്ല എങ്കില്‍ അവരുടെ തൊലിക്കട്ടി അപാരം തന്നെ. നിയമസഭയില്‍ സ്പീക്കറുടെ കമ്പ്യൂട്ടര്‍, ഫര്‍ണിച്ചര്‍, മറ്റുപകരണങ്ങള്‍ എന്നിവ വലിച്ചെറിഞ്ഞു അര്‍മാദിക്കുന്ന നിയമസഭാ സാമാജികര്‍ തത്സമയം ചാനലില്‍ കണ്ടപ്പോള്‍ കരയണോ ചിരിക്കണോ എന്ന ആശയക്കുഴപ്പത്തിലായി പ്രബുദ്ധരായ മലയാളികള്‍.

പിന്നീട് കുറ്റ വിമോചനത്തിനായി ഇടതുസര്‍ക്കാര്‍ കീഴ്‌ക്കോടതികളെ സമീപിച്ചപ്പോള്‍ സ്വാഭാവികമായും കോടതികള്‍ മറുത്തു. അങ്ങനെയാണ് ഉന്നത നീതിപീഠത്തില്‍ നിന്നും കനിവു തേടി സര്‍ക്കാര്‍സുപ്രിം കോടതിയില്‍ എത്തുന്നത്. അതും നമ്മുടെ നികുതിപ്പണം ചെലവഴിച്ചു കൊണ്ട്. എന്നാല്‍ പ്രതികൂല വിധി (എന്നുതന്നെ നമുക്ക് പ്രതീക്ഷിക്കാം )പറയുന്നതിന് പ്രാരംഭമായി കോടതി നടത്തിയ പരാമര്‍ശം സര്‍ക്കാരിന് ഒരു വിചിന്തനം നടത്താന്‍ വഴി ഒരുക്കുമെന്ന് നമുക്ക് കരുതാം.

നിയമസഭയിലെ സമരത്തിന് കാരണമായത് അന്നത്തെ ധനമന്ത്രിയുടെ അഴിമതിയാണെന്നു സര്‍ക്കാരിന് വേണ്ടി ഹാജരായ വക്കീല്‍ വാദമുയര്‍ത്തിയത് ഭാവിയില്‍ ഇടതു മുന്നണിയില്‍ അസ്വാരസ്യത്തിനു വഴി വച്ചേക്കാം. മാണിക്ക് വിശുദ്ധപട്ടം നല്‍കിയാണല്ലോ അദ്ദേഹത്തിന്റെ മകന്‍ ജോസ് കെ മണിയെ ഇടതുമുന്നണിയില്‍ പ്രവേശനം നല്‍കിയത്. സര്‍ക്കാര്‍ വക്കീലിന്റെ വാദം കണക്കിലെടുക്കുമ്പോള്‍ ഇടതു മുന്നണി പഴയ നിലപാടില്‍ ഉറച്ചു നില്‍ക്കുകയാണെന്ന് വ്യക്തം. അങ്ങനെയെങ്കില്‍ ജോസ് കെ മണിയുടെ നീക്കം എന്തായിരിക്കും? രാഷ്ട്രീയ കേരളം ഉറ്റു നോക്കുന്നതും അതുതന്നെ.

Leave a Reply

Your email address will not be published. Required fields are marked *