ലോകം മുഴുവന്‍ ഒരു കുടുംബമായിട്ടാണ് ഇന്ത്യ കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി

ന്യൂഡല്‍ഹി: ലോകത്തെ മുഴുവന്‍ ഒരു കുടുംബമായാണ് ഇന്ത്യന്‍ നാഗരികത കണക്കാക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കോവിഡ് വാക്‌സിന്‍ രജിസ്റ്റര്‍ ചെയ്യുന്നതിനുള്ള കോ-വിന്‍ പ്ലാറ്റ്‌ഫോം ഓപ്പണ്‍ സോഴ്സ് ആക്കുമെന്നും അദ്ദേഹം അറിയിച്ചു. കോണ്‍വിന്‍ ഗ്ലോബല്‍ കോണ്‍ക്ലേവില്‍ സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. സാങ്കേതികവിദ്യയില്‍ താല്‍പ്പര്യമുള്ള ഏത് രാജ്യത്തിനും കോ-വിന്‍ പ്ലാറ്റ്‌ഫോം ലഭ്യമാകുമെന്ന് അദ്ദേഹം പറഞ്ഞു.

‘കോവിഡിനെതിരായ പോരാട്ടത്തില്‍ ആഗോള സമൂഹവുമായി എല്ലാ അനുഭവങ്ങളും വൈദഗ്ധ്യവും വിഭവങ്ങളും പങ്കിടാന്‍ രാജ്യം പ്രതിജ്ഞാബദ്ധമാണ്. എത്ര ശക്തമാണെങ്കിലും, ഏതൊരു രാജ്യത്തിനും ഒറ്റപ്പെട്ട രീതിയില്‍ ഇതുപോലുള്ള ഒരു വെല്ലുവിളി പരിഹരിക്കാന്‍ കഴിയില്ലെന്ന് അനുഭവം വ്യക്തമാക്കുന്നുവെന്നും കോവിഡ് വൈറസ് വ്യാപനത്തിനെതിരെയുള്ള പോരാട്ടത്തില്‍ സാങ്കേതിക വിദ്യ അവിഭാജ്യമാണെന്നും’ അദ്ദേഹം വിശദീകരിച്ചു.

‘വിഭവ പരിമിതികളില്ലാത്ത ഒരു മേഖലയാണ് സോഫ്റ്റ്‌വെയര്‍. അതുകൊണ്ടാണ് ഇന്ത്യയുടെ കോവിഡ് ട്രേസിംഗ്, ട്രാക്കിംഗ് ആപ്പ് സാങ്കേതികമായി പ്രായോഗികമാകുമ്ബോള്‍ തന്നെ ഓപ്പണ്‍ സോഴ്സ് ആക്കാന്‍ തീരുമാനിച്ചത്. വാക്‌സിനേഷന്റെ പ്രാധാന്യം കണക്കിലെടുത്ത്, വാക്‌സിനേഷന്‍ തന്ത്രം ആസൂത്രണം ചെയ്യുമ്ബോള്‍ പൂര്‍ണ്ണമായും ഡിജിറ്റല്‍ സമീപനം സ്വീകരിക്കാന്‍ ഇന്ത്യ തീരുമാനിച്ചതായും’ അദ്ദേഹം അറിയിച്ചു. കോവിന്‍ വഴി ഇന്ത്യ 350 ദശലക്ഷം ഡോസ് കോവിഡ് വാക്‌സിനുകള്‍ നല്‍കിയിട്ടുണ്ടെന്നും പ്രധാനമന്ത്രി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *