പാചക വാതക വില വര്‍ദ്ധനവിനെതിരെ 10ന് യുഡിഎഫ് കുടുംബ സത്യഗ്രഹം

തിരുവനന്തപുരം: പെട്രോള്‍, ഡീസല്‍, പാചകവാതകം എന്നിവയുടെ വില വര്‍ദ്ധിപ്പിച്ച കേന്ദ്ര സര്‍ക്കാരിന്‍റെ നടപടിയില്‍ പ്രതിഷേധിച്ച്‌ യു ഡി എഫ് പ്രവര്‍ത്തകര്‍ സംസ്ഥാനമൊട്ടാകെ ഈ മാസം 10ന് രാവിലെ 10 മുതല്‍ 11 മണി വരെ വീടുകള്‍ക്കു മുന്നില്‍ കുടുംബ സത്യഗ്രഹം നടത്തുമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശനും, യു ഡി എഫ്.കണ്‍വീനര്‍ എം എം ഹസനും അറിയിച്ചു. ‘പെട്രോള്‍, ഡീസല്‍, പാചകവാതക വിലവര്‍ദ്ധനവിലൂടെ കേന്ദ്രസര്‍ക്കാര്‍ നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക’ എന്ന പ്ലക്കാര്‍ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള്‍ സത്യഗ്രഹത്തില്‍ പങ്കെടുക്കേണ്ടതെന്നും നേതാക്കള്‍ വ്യക്തമാക്കി.

‘പാചകവാതകത്തിന് ഗാര്‍ഹിക സിലിണ്ടറിന് 25.50 രൂപയും, വാണിജ്യ സിലിണ്ടറിന് 80 രൂപയുമാണ് കഴിഞ്ഞ ദിവസം വര്‍ദ്ധിപ്പിച്ചത്. കഴിഞ്ഞ ആറുമാസത്തിനിടെ ഗാര്‍ഹിക ആവശ്യത്തിനുള്ള പാചകവാതകത്തിന് 140.50 രൂപയാണ് വര്‍ദ്ധിപ്പിച്ചത്.പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വര്‍ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്.

ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ ദുരിതക്കയത്തില്‍ മുങ്ങിത്താഴുമ്ബോള്‍, ആശ്വാസ പാക്കേജുകള്‍ പ്രഖ്യാപിച്ച്‌ അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട ചുമതല സര്‍ക്കാരുകള്‍ക്കുള്ളതാണ്. ഈ സാഹചര്യത്തില്‍ നികുതിക്കൊള്ള അവസാനിപ്പിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയ്യാറാകുന്നില്ലെങ്കില്‍ അതിനെതിരെ നിരന്തരമായ പ്രക്ഷോഭത്തിന് കോണ്‍ഗ്രസും, യു ഡി എഫും ജനങ്ങള്‍ക്കൊപ്പമുണ്ടാകുമെന്നും നേതാക്കള്‍ വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *