പ്രതികള്‍ക്ക് പരിശുദ്ധരുടെ പരിവേഷം

പറഞ്ഞേ പറ്റൂ…/ കൃഷ്ണന്‍ ചേലേമ്പ്ര


ഴിഞ്ഞ ദിവസത്തെ മാധ്യമങ്ങളില്‍ കരിപ്പൂര്‍ സ്വര്‍ണക്കടത്തു കൊട്ടേഷന്‍ കേസിലെ ആസൂത്രകനായ അര്‍ജുന്‍ ആയങ്കിയുടെ ഒരു പ്രസ്താവമുണ്ട്. ‘കസ്റ്റംസും മാധ്യമങ്ങളും പറയുന്നത് ശരിയല്ല. എന്റെ നിരപരാധിത്വം ഞാന്‍ തെളിയിക്കും. പാര്‍ട്ടിയെ നിങ്ങള്‍ ഇതിലേക്ക് വലിച്ചിഴക്കരുത്. ‘കോടതിയില്‍ ഹാജരാക്കാന്‍ കൊണ്ടുപോകും വഴി തന്റെ പ്രതികരണം ആരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട് അര്‍ജുന്‍ പറഞ്ഞതാണ് ഇത്. മാത്രമോ സംഭവദിവസം എന്തിനാണ് കരിപ്പൂര്‍ വിമാനത്താവളത്തില്‍ പോയതെന്ന ചോദ്യത്തിന് ‘അത് നിങ്ങളോട് പറയേണ്ട ആവശ്യമില്ല ‘എന്ന് ഉരുളയ്ക്കുപ്പേരി പോലെ മറുപടി കൊടുക്കാനും അര്‍ജുന്‍ മടിച്ചില്ല.

ദൃശ്യമാധ്യമങ്ങളുടെ കടന്നു കയറ്റത്തോടെയാണ് ഏതെങ്കിലും കേസില്‍ പ്രതി ചേര്‍ക്കപ്പെട്ടവരെ അഭിമുഖം നടത്തുന്ന പ്രവണത പ്രകടമായിത്തുടങ്ങിയത്. ജനകീയ സമരങ്ങളിലോ അതു പോലെ ജന ജീവിതത്തെ ബാധിക്കുന്ന കേസുകളിലോ ബന്ധപ്പെട്ട അറസ്റ്റില്‍ ആവുന്നവരെ സമീപിച്ചു പ്രതികരണം തേടുന്നതില്‍ കുഴപ്പമില്ലെന്ന് മാത്രമല്ല അഭിനന്ദാര്‍ഹം കൂടിയാണ്. എന്നാല്‍ സ്വര്‍ണക്കടത്തു, കൊട്ടേഷന്‍, സ്ത്രീ പീഡനം, കൊലപാതകം, തൊഴില്‍ തട്ടിപ്പ്, കൈക്കൂലി തുടങ്ങി പക്കാ ക്രിമിനല്‍ കേസുകളില്‍ പ്രതികളായവരെപ്പോലും സമീപിച്ചു പ്രതികരണം തേടുന്ന പ്രവണത ആശാസ്യം അല്ലെന്നു മാത്രമല്ല സമൂഹത്തിനു തെറ്റായ സന്ദേശം കൈമാറാനും കൂടിയേ സഹായമാകൂ.

സംസ്ഥാനത്തെ രാഷ്ട്രീയ മേഖലയെ തന്നെ പിടിച്ചു കുലുക്കിയ ചില നാറ്റംപിടിച്ച കേസുകളില്‍ പ്രതികളായ സ്വപ്‌നസുരേഷ്, സരിതനായര്‍ എന്നിവര്‍ അറസ്റ്റ് ചെയ്യപ്പെട്ടപ്പോള്‍ അവരെ ‘അഭിമുഖീകരിച്ചു ‘മാധ്യമങ്ങള്‍ നല്‍കിയ പ്രസ്താവനകള്‍ വായിച്ചാല്‍ അവര്‍ അഭിനവശീലാവതിമാരോ സതി സാവിത്രിമാരോ ആണെന്നു തോന്നിപ്പോകും. സരിതനായരുടെ കിങ്കരനായ ബിജുരാധാകൃഷ്ണനുമൊത്തു വിവാദ കാസറ്റ് വേട്ടയ്ക്ക് പോലീസ് കോയമ്പത്തൂര്‍ യാത്ര നടത്തിയപ്പോള്‍ ഇവിടുത്തെ ദൃശ്യമാധ്യമ പ്രവര്‍ത്തകര്‍ അകമ്പടി പോയതും ഇളിഭ്യരായി മടങ്ങിയതും മാധ്യമ പ്രവര്‍ത്തനത്തിന് തന്നെ തീരാകളങ്കമായി മാറി എന്നത് ചരിത്രം.

കള്ളപ്പണ കഞ്ചാവ് കേസില്‍ ബംഗളൂരു പോലീസിന്റെ പിടിയിലായ ബിനീഷ് കോടിയേരിയുടെ വിശദമായ അഭിമുഖം പൊതുജന സമക്ഷമെത്തിക്കാന്‍ ദൃശ്യമാധ്യമങ്ങള്‍ അഹമഹമികയാ മത്സരിച്ചത് അയാള്‍
പാര്‍ട്ടി സെക്രട്ടറിയുടെ മകനാണെന്ന പരിഗണനയിലാവാം.

ഉത്രജയെന്ന യുവതിയെ മൂര്‍ഖനെ വിട്ടു കടിപ്പിച്ചു കൊലപ്പെടുത്തിയ നരാധമനായ ഭര്‍ത്താവിനു പറയാനുള്ളത് കേള്‍ക്കാനും പൊതുജനസമക്ഷം അവതരിപ്പിക്കാനും നമ്മുടെ ദൃശ്യമാധ്യമങ്ങള്‍ മത്സരിച്ചു. മാത്രമോ ആ കേസില്‍ പ്രതികളായി മാറിയ ഭര്‍തൃ പിതാവ്, മാതാവ്, സഹോദരി എന്നിവര്‍ക്ക് പറയാനുള്ളതും ജനങ്ങളിലേക്കെത്തിച്ചു. ഏറ്റവും ഒടുവില്‍ വിസ്മയ എന്ന യുവതിയുടെ ആത്മഹത്യാ (? )ക്കേസില്‍ ഇതുവരെ
ഭര്‍ത്താവ് കിരണിന്റെ പ്രതികരണം പ്രേക്ഷകരില്‍ എത്തിക്കാന്‍ കഴിഞ്ഞില്ലെങ്കിലും അതിനു ബദലായി കിരണിന്റെ പിതാവിന് മകന്റെ നിഷ്‌കളങ്കത്വം വിശദീകരിക്കാന്‍ ആവോളം വേദിയൊരുക്കി മാധ്യമങ്ങള്‍.

ഒരു കേസില്‍ അറസ്റ്റ് ചെയ്യപ്പെടുന്ന വ്യക്തി നിരപരാധിയെന്ന് കോടതി വിധിക്കുവോളം കുറ്റവാളി തന്നെയാണ്. സമൂഹത്തിന് മുന്നിലും. തങ്ങള്‍ നിരപരാധികള്‍ ആണെന്നേ കൂട്ടക്കൊല നടത്തുന്ന ഭീകരന്മാര്‍പോലും പറയു. അപ്പോള്‍പ്പിന്നെ അവര്‍ക്കു സ്വയംന്യായീകരണത്തിനു അവസരം കൊടുക്കുന്നത് ഒരിക്കലും ന്യായീകരിക്കാന്‍ ആവില്ല. ജാമ്യത്തില്‍ ഇറങ്ങിയ ശേഷം അവര്‍ മാധ്യമങ്ങളെ കാണുന്നത് സ്വാഭാവികമായും തടയാന്‍ നമ്മുടെ നിയമ സംവിധാനം തടസ്സം പറയുന്നില്ല. എന്നാല്‍ കുറ്റകൃത്യം നടന്ന ഉടനെ പോലീസ് കസ്റ്റഡിയില്‍ ഇരിക്കെത്തന്നെ അവര്‍ക്കു പ്രതികരിക്കാന്‍ അവസരം നല്‍കുന്നത് ഇരകളോട് ചെയ്യുന്ന നീതികേടാണ്. ഇങ്ങനെ പോയാല്‍ സമീപ ഭാവിയില്‍ മോഷ്ടാക്കളും പോക്കറ്റടിക്കാരും പോലീസിന്റെ സാന്നിധ്യത്തില്‍ തങ്ങള്‍ നിരപരാധികളാണെന്ന് സമര്‍ത്ഥിക്കുന്ന അവസ്ഥ വരും. ആ നല്ല നാളെക്കായി കാത്തിരിക്കുന്നു.

നടുക്കഷ്ണം
………………….
കള്ളക്കടത്തുകാരോട് വെറുപ്പായതിനാലാണ് കള്ളക്കടത്തു സ്വര്‍ണം കവര്‍ച്ച ചെയ്യുന്നതെന്നു കരിപ്പൂര്‍ സ്വര്‍ണതട്ടിപ്പു കേസിലെ മുഖ്യപ്രതി അര്‍ജുന്‍ ആയങ്കി.

സ്ത്രീകളോട് വെറുപ്പായതിനാലാണ് അവരെ ബലാത്സംഗം ചെയ്യുന്നതെന്ന് ഭാവിയില്‍ സ്ത്രീ പീഡകര്‍ പറഞ്ഞേക്കാം.

Leave a Reply

Your email address will not be published. Required fields are marked *