കോവാക്‌സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയനോട് ഇന്ത്യ

ന്യൂഡല്‍ഹി: കോവാക്‌സിനും കോവിഷീല്‍ഡും അംഗീകരിക്കണമെന്ന് യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളോട് ഔദ്യോഗികമായി ആവശ്യപ്പെട്ട് ഇന്ത്യ. ഈ വാക്‌സിനുകള്‍ സ്വീകരിച്ച ഇന്ത്യയില്‍ നിന്ന് യൂറോപ്യന്‍ രാജ്യങ്ങളിലേക്കുള്ള യാത്രക്കാര്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന ആശങ്ക നിലനില്‍ക്കുന്നുണ്ട്. ഈ സാഹചര്യത്തിലാണ് ഇന്ത്യ ഔദ്യോഗികമായി വാക്‌സിനുകള്‍ അംഗീകരിക്കണമെന്ന ആവശ്യം ഉയര്‍ത്തിയിരിക്കുന്നത്.

വാക്‌സിനുകള്‍ അംഗീകരിച്ചില്ലെങ്കില്‍ യൂറോപ്യന്‍ രാജ്യങ്ങളുടെ വാക്‌സിന്‍ സര്‍ട്ടിഫിക്കറ്റുകള്‍ ഇന്ത്യയും സ്വീകരിക്കില്ലെന്ന് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇന്ത്യന്‍ വാക്‌സിനുകള്‍ അംഗീകരിച്ചാല്‍ യൂറോപ്യന്‍ യൂണിയന്‍ അംഗരാജ്യങ്ങളില്‍ നിന്ന് ഇന്ത്യയിലെത്തുന്നവര്‍ക്ക് നിര്‍ബന്ധിത ക്വാറന്റീനില്‍ നിന്ന് ഒഴിവാക്കമെന്നാണ് ഇന്ത്യന്‍ വിദേശകാര്യ മന്ത്രാലയം അറിയിച്ചിരിക്കുന്നത്. പര്‌സപരം സഹകരണത്തിന്റെ നയമാണ് ഇന്ത്യ സ്വീകരിച്ചിട്ടുള്ളതെന്നും മന്ത്രാലയ വൃത്തങ്ങള്‍ അറിയിച്ചു.

ജൂലായ് ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വരുന്ന യൂറോപ്യന്‍ യൂണിയന്റെ വാക്‌സിന്‍ പാസ്‌പോര്‍ട്ട് നയത്തില്‍ കോവിഷീല്‍ഡും കോവാക്‌സിനും ഉള്‍പ്പെട്ടിരുന്നില്ല. ഫൈസര്‍, മൊഡേണ, അസ്ട്രസെനക-ഓക്‌സ്ഫഡ്, ജോണ്‍സ് ആന്‍ഡ് ജോണ്‍സണ്‍ എന്നീ കോവിഡ് വാക്‌സിനുകള്‍ക്കാണ് യൂറോപ്യന്‍ യൂണിയന്‍ അംഗീകാരം നല്‍കിയത്.

Leave a Reply

Your email address will not be published. Required fields are marked *