തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ സിപിഎം: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: മുന്‍ അഭ്യന്തരമന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള വധഭീഷണിക്ക് പിന്നില്‍ സിപിഎം പ്രവര്‍ത്തകരാണെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. ടിപി കേസ് പ്രതികളാണ് ഇതിന് പിന്നില്‍. സര്‍ക്കാര്‍ ഇക്കാര്യം ഗൗരവമായി അന്വേഷിക്കണമെന്നും വിഡി സതീശന്‍ ആവശ്യപ്പെട്ടു. പത്ത് ദിവസത്തിനുള്ളില്‍ ഇന്ത്യ വിട്ടില്ലെങ്കില്‍ കൊല്ലുമെന്ന് ഭീഷണി മുഴക്കിയാണ് ഊമക്കത്ത് എത്തിയിരിക്കുന്നത്.

എംഎല്‍എ ഹോസ്റ്റലിലെ വിലാസത്തില്‍ ലഭിച്ച കത്തില്‍ പത്ത് ദിവസത്തിനകം ഇന്ത്യ വിടണമെന്നും ഇല്ലെങ്കില്‍ ഭാര്യയെയും മക്കളെയും ഉള്‍പ്പെടെ വകവരുത്തുമെന്നാണ് പറഞ്ഞിരിക്കുന്നത്. കോഴിക്കോട് നിന്നാണ് കത്ത് പോസ്റ്റ് ചെയ്തിരിക്കുന്നത്. സംഭവത്തിന് പിന്നില്‍ ടിപി കേസ് പ്രതികളുടെ പ്രതികാര നീക്കമാണെന്ന് തിരുവഞ്ചൂര്‍ പ്രതികരിച്ചിരുന്നു. ആ കേസ് നടക്കുമ്ബോള്‍ ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ ആഭ്യന്തരമന്ത്രിയാണ് തിരുവഞ്ചൂര്‍.

അതേസമയം, തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെയുള്ള ഭീഷണി കത്ത് വന്നത് ജയിലില്‍ നിന്നാണെന്നും വിഡി സതീശന്‍ ആരോപിച്ചു. കേരളത്തില്‍ ക്രിമിനലുകളുടെ അഴിഞ്ഞാട്ടമാണെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചു. വിഡി സതീശനൊപ്പം കെപിസിസസി അധ്യക്ഷനും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തിരുന്നു. സംഭവത്തില്‍ പ്രതികരിച്ച്‌ മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടിയും രംഗത്തെത്തി.

തിരുവഞ്ചൂര്‍ രാധാകൃഷ്ണനെതിരെ വധഭീഷണി ഉണ്ടായ സംഭവം അതീവ ഗുരുതരമാണെന്നും ഇതേക്കുറിച്ച്‌ അന്വേഷിച്ച്‌ കുറ്റക്കാര്‍ക്കെതിരേ കര്‍ശന നടപടി എടുക്കണമെന്നും ഉമ്മന്‍ചാണ്ടി പറഞ്ഞു. തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ ആഭ്യന്തര മന്ത്രിയായിരുന്നപ്പോള്‍ നടപടി സ്വീകരിച്ച കേസിലെ പ്രതികളാണ് ഊമക്കത്തിനു പിന്നിലെന്നു സംശയിക്കുന്നു. മുന്‍ ആഭ്യന്തരമന്ത്രിക്കെതിരേ പോലും വധഭീഷണി ഉയരുന്ന സാഹചര്യം ഗൗരവമുള്ളതാണെന്ന് ഉമ്മന്‍ ചാണ്ടി ചൂണ്ടിക്കാട്ടി.

Leave a Reply

Your email address will not be published. Required fields are marked *