അനില്‍കാന്ത് സംസ്ഥാന പോലീസ് മേധാവി

തിരുവനന്തപുരം: സംസ്ഥാന പൊലീസ്‌ മേധാവിയായി അനില്‍കാന്തിനെ നിയമിക്കുവാന്‍ ബുധനാഴ്ച ചേര്‍ന്ന മന്ത്രിസഭാ യോഗം തീരുമാനിച്ചു.

നിലവില്‍ റോഡ്‌ സുരക്ഷാ കമീഷണറാണ്‌ അനില്‍കാന്ത്‌. ഡെല്‍ഹി സ്വദേശിയായ അനില്‍കാന്ത്‌ 1988 ബാച് ഐപിഎസ്‌ ഉദ്യോഗസ്‌ഥനാണ്‌. കല്‍പറ്റ എഎസ്‌പിയായാണ്‌ പൊലീസില്‍ സേവനം തുടങ്ങിയത്‌. പിന്നീട് തിരുവനന്തപുരം റൂറല്‍, റെയില്‍വേ എന്നിവിടങ്ങളില്‍ എസ് പി ആയി പ്രവര്‍ത്തിച്ചു. തുടര്‍ന്ന് ന്യൂഡെല്‍ഹി, ഷില്ലോംങ് എന്നിവിടങ്ങളില്‍ ഇന്‍റലിജന്‍സ് ബ്യൂറോയില്‍ അസിസ്റ്റന്‍റ് ഡയറക്ടര്‍ ആയി. മടങ്ങി എത്തിയ ശേഷം കൊച്ചി സിറ്റി പൊലീസ് കമീഷണറായും മലപ്പുറം, എറണാകുളം ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എസ് പി ആയും സേവനമനുഷ്ഠിച്ചു. സ്പെഷ്യല്‍ ബ്രാഞ്ച്, തിരുവനന്തപുരം റേഞ്ച് എന്നിവിടങ്ങളില്‍ ഡി ഐ ജി ആയും സ്പെഷ്യല്‍ ബ്രാഞ്ച്, സ്റ്റേറ്റ് ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ ഐ ജി ആയും ജോലി നോക്കി. ഇടക്കാലത്ത് അഡിഷണല്‍ എക്സൈസ് കമീഷണര്‍ ആയിരുന്നു. എഡിജിപി ആയി സ്ഥാനക്കയറ്റം ലഭിച്ച ശേഷം കേരള പൊലീസ് ഹൗസിംഗ് കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്‍ ചെയര്‍മാന്‍ ആന്‍റ് മാനേജിംഗ് ഡയറക്ടര്‍ ആയി പ്രവര്‍ത്തിച്ചു.

സ്റ്റേറ്റ് ക്രൈം റെകോര്‍ഡ്സ് ബ്യൂറോ എഡിജിപി ആയും പ്രവര്‍ത്തിച്ചു. ഫയര്‍ഫോഴ്സ് ഡയറക്ടര്‍ ജനറല്‍, ബറ്റാലിയന്‍, പൊലീസ് ആസ്ഥാനം, സൗത്ത്സോണ്‍, ക്രൈംബ്രാഞ്ച് എന്നിവിടങ്ങളില്‍ എഡിജിപി ആയും ജോലി നോക്കി. ജയില്‍ മേധാവി, വിജിലന്‍സ് ആന്‍റ് ആന്‍റി കറപ്ഷന്‍ ബ്യൂറോ തലവന്‍, ഗതാഗത കമീഷണര്‍ എന്നീ തസ്തികകളും പ്രവര്‍ത്തിച്ചിട്ടുണ്ട്.

വിശിഷ്ടസേവനത്തിനും സ്തുത്യര്‍ഹസേവനത്തിനുമുളള രാഷ്ട്രപതിയുടെ പൊലീസ് മെഡല്‍ ലഭിച്ച അദ്ദേഹത്തിന് 64 മത് ആള്‍ ഇന്‍ഡ്യ പൊലീസ് ഗെയിംസ് വിജയകരമായി സംഘടിപ്പിച്ചതിന് കമന്‍റേഷനും 2018 ല്‍ ബാഡ്ജ് ഓഫ് ഓണറും ലഭിച്ചു.

ഡിജിപിയായിരുന്ന ലോക്‌നാഥ്‌ ബെഹ്‌റ സ്‌ഥാനമൊഴിഞ്ഞതോടെയാണ്‌ പുതിയ ഡിജിപിയെ നിയമിക്കുന്നത്‌. യുപിഎസ്‌സി തയ്യാറാക്കിയ മൂന്നംഗ പാനലില്‍നിന്നാണ്‌ അനില്‍കാന്തിനെ നിയമിച്ചത്‌. ഡിജിപിയായി ബുധനാഴ്ച വൈകിയിട്ട്‌ ചുമതലയേല്‍ക്കും.

Leave a Reply

Your email address will not be published. Required fields are marked *