രാഷ്ട്രീക്കാരുടെ പിന്‍ബലത്തില്‍ തഴച്ചുവളരുന്ന ക്രിമിനല്‍ കുറ്റങ്ങള്‍

പറഞ്ഞേ പറ്റൂ…/ കൃഷ്ണന്‍ ചേലേമ്പ്ര


ണ്ടാം പിണറായി സര്‍ക്കാറിന്റെ തുടക്കം ഒന്നാം സര്‍ക്കാരിന്റെ അവസാനഘട്ടം പോലെ സ്വര്‍ണക്കടത്തും കൊട്ടേഷന്‍ സംഘവുമൊക്കെയായി മാധ്യമങ്ങളില്‍ വാര്‍ത്താ പ്രാധാന്യത്തോടെയായി. ഒപ്പം പാര്‍ട്ടി പ്രവര്‍ത്തകരുടെ പേരില്‍ ഉയര്‍ന്ന ലൈംഗിക ആരോപണങ്ങളും പാര്‍ട്ടി കൈയോടെ സ്വീകരിച്ച നടപടികളും അരങ്ങു കൊഴുപ്പിച്ചു.

സ്വപ്‌ന സുരേഷുമായി ബന്ധപ്പെട്ട നയതന്ത ബാഗേജ് വഴിയുള്ള സ്വര്‍ണക്കടത്തും ഡോളര്‍ കടത്തും അനുബന്ധമായി അന്നത്തെ സ്പീക്കര്‍ ശ്രീരാമകൃഷ്ണന്റെ ഫ്‌ലാറ്റുമായി ഏച്ചു കെട്ടിയ അനാശാസ്യ വാര്‍ത്തകളും സിപിഎമ്മിനെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തിയത്. തിരഞ്ഞെടുപ്പില്‍ ഇത് വന്‍ തിരിച്ചടി ആയേക്കാമെന്നു ഇടതുപക്ഷ മുന്നണി സ്വാഭാവികമായും ഭയപ്പെട്ടു. എന്നാല്‍ നാട്ടില്‍ കോവിഡുമായി ബന്ധപ്പെട്ടു സര്‍ക്കാര്‍ നടത്തിയ സമാശ്വാസ പ്രവര്‍ത്തങ്ങളാണ് മുന്നണിക്ക് രക്ഷകമായി വര്‍ത്തിച്ചത് എന്ന കാര്യത്തില്‍ സംശയലേശമില്ല.

അതു കഴിഞ്ഞു രണ്ടാം വട്ടം ഇടതു മുന്നണി അധികാരമേറ്റപ്പോഴാണ് ഇടിത്തീപോലെ രാമനാട്ടുകര സ്വര്‍ണക്കേസില്‍ സിപിഎം റെഡ് വളണ്ടിയര്‍ ആയിരുന്ന അര്‍ജുന്‍ ആയെങ്കിക്കും മറ്റും ഉറ്റ ബന്ധം ഉണ്ടെന്ന വാര്‍ത്ത പുറത്തു വന്നത്. പാര്‍ട്ടിക്ക് കൂനിന്മേല്‍കുരു പോലെ ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി നേതാവ് സജേഷിന്റെ കാറാണ് അവിഹിത പ്രവര്‍ത്തനങ്ങള്‍ക്ക് അര്‍ജുന്‍ ഉപയോഗിച്ചതെന്ന വാര്‍ത്തയും മാറി. സജേഷിനെ ഡിവൈഎഫ്‌ഐ പുറത്താക്കിയ നടപടി സിപിഎമ്മിന് കോട്ടഷന്‍ ബന്ധം ന്യായീകരിക്കാന്‍ പോലും ആവാത്ത കുരുക്കില്‍ പെടുത്തുകയും ചെയ്തു.

സ്വത്തുസമ്പാദനം, സ്ത്രീ പീഡനം, ക്രിമിനല്‍ കുറ്റങ്ങള്‍ എന്നിവയില്‍ സിപിഎം പ്രവര്‍ത്തകര്‍ മാത്രമല്ല നേതാക്കള്‍ പോലും പ്രതികളാവുന്ന പ്രവണത വര്‍ധിച്ചു വരികയാണ്. തൊണ്ണൂറുകളുടെ അന്ത്യം വരെ ഇടതു മുന്നണി അധികാരത്തില്‍ വന്നാല്‍ നാട്ടില്‍ കുട്ടി സഖാക്കളുടെ ഭരണമാണ് നടക്കുക എന്ന പരാതിയാണ് കാര്യമായി ഉയരാറു.

ചോട്ടാ നേതാക്കള്‍ പോലീസ് സ്‌റ്റേഷനുകളില്‍ കയറി നിരങ്ങുന്നതിന്റെ വെളിച്ചത്തിലാണ് പ്രതിപക്ഷ പാര്‍ട്ടികള്‍ ഈ പരാതി ഉന്നയിക്കാറ്. എന്നാല്‍ വര്‍ത്തമാന സാഹചര്യത്തില്‍ അത്തരം പോലീസ് സ്‌റ്റേഷന്‍ ഭരണം കൊണ്ട് കാര്യമായ സാമ്പത്തിക നേട്ടമൊന്നും ഉണ്ടാവില്ലെന്ന തിരിച്ചറിവാണ് പാര്‍ട്ടിയിലെ യുവ നേതാക്കളെ വഴിമാറി ചിന്തിക്കാന്‍ പ്രേരിപ്പിച്ചതെന്നു വേണം കരുതാന്‍. പ്രാദേശിക യുവ നേതാക്കള്‍ നടത്തുന്ന ഈ ദൃശ പ്രവര്‍ത്തനങ്ങളുടെ പാപഭാരം പേറേണ്ടി വരിക സ്വാഭാവികമായും നിസ്വാര്‍ത്ഥരും ജനപ്രിയരുമായ നേതാക്കളാണ്. ഇതിനു ഉത്തമ ഉദാഹരണമാണ് കളമശ്ശേരിയിലെ സക്കീര്‍ ഹുസൈന്‍ എന്ന യുവ നേതാവിന്റെ അവിഹിത സ്വത്തുസമ്പാദനം. കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിയുടെ അഭിമാനഭാജനമെന്നു വിശേഷിപ്പിക്കാവുന്ന മുന്‍ എം.പി. പി. രാജീവ് മത്സരിക്കാന്‍ ഇറങ്ങിയപ്പോള്‍ സ്വാഭാവികമായും പാര്‍ട്ടിക്ക് ആശങ്ക ഉണ്ടായിരുന്നു. എന്നാല്‍ യുഡിഫ് സ്ഥാനാര്‍ഥിയായത് കളങ്കിത മന്ത്രി ഇബ്രാഹിം കുഞ്ഞിന്റെ മകനായതും അതേ ചൊല്ലി ലീഗില്‍ ഉണ്ടായ പടല പിണക്കങ്ങളും ആണ് രാജീവിന്റെ വിജയ അനായാസമാക്കിയതെന്നു കടുത്ത ഇടത്പക്ഷ നേതാക്കള്‍ പോലും സമ്മതിക്കും.

ചുരുക്കത്തില്‍ ഭരണത്തില്‍ ഏറുന്ന കക്ഷികള്‍, അത് ഇടതായാലും വലതായാലും യുവ നേതാക്കളെയും പ്രവര്‍ത്തകരെയും കയറൂരി വിടുന്ന പ്രവണത മാറ്റിയേ പറ്റൂ.

Leave a Reply

Your email address will not be published. Required fields are marked *

You may missed