പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതാക്കളിലേക്കും അന്വേഷണം എത്തണം: പ്രതിപക്ഷ നേതാവ്

തൃശൂര്‍:  സി.പി.എം കണ്ണൂര്‍ ജില്ലാ സെക്രട്ടറിക്ക് പ്രതികളെ ന്യായീകരിക്കേണ്ടി വരുന്നുവെന്നും സൈബര്‍ ഇടങ്ങളിലെ സി.പി.എം ഗുണ്ടകള്‍ ക്രിമിനല്‍ കേസിലും പ്രതികളാണെന്നും  പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍.

പ്രതികളെ സംരക്ഷിക്കുന്ന സിപിഎം നേതാക്കളിലേക്കും അന്വേഷണം എത്തണം. ക്രിമിനല്‍ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നവര്‍ക്ക് സിപിഎം പിന്തുണ നല്‍കുകയാണെന്നും അദ്ദേഹം തൃശൂരില്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

കൊലപാതകങ്ങളെ സി.പി.എം പരസ്യമായി പ്രോത്സാഹിപ്പിക്കുകയാണെന്നു സതീശന്‍ പറഞ്ഞു. പെരിയ കൊലക്കേസ് പ്രതികളുടെ ഭാര്യമാര്‍ക്ക് ജില്ലാ ആശുപത്രിയില്‍ ജോലി നല്‍കിയത് ഇതിന് ഉദാഹരണമാണ്. ‘രാമനാട്ടുകരയിലെ സ്വര്‍ണകള്ളക്കടത്ത് പ്രതികള്‍ക്ക് ഏതെല്ലാം നേതാക്കളുമായി ബന്ധമുണ്ട്, ഏതെല്ലാം നേതാക്കളാണ് അവരെ സംരക്ഷിക്കുന്നത് എന്നതിലേക്ക് കൂടി അന്വേഷണം പോകണം. മുഖ്യമന്ത്രി ഇക്കാര്യത്തില്‍ അവലംബിക്കുന്ന മൗനം ഉപേക്ഷിച്ച് നിലപാട് വ്യക്തമാക്കണം.’സതീശന്‍ പറഞ്ഞു.

കണ്ണൂരിലെ രാഷ്ട്രീയ അതിക്രമങ്ങള്‍ ഇപ്പോള്‍ കുറവുണ്ട്. വേറെ പണിയില്ലാതായപ്പോള്‍ ഇവര്‍ മറ്റു ജോലികളിലേക്ക് തിരിയുകയാണെന്നും അദ്ദേഹം പറഞ്ഞു. ബിജെപി കുഴല്‍പണക്കേസിന്റെ അന്വേഷണം കാര്യമായി നടക്കുന്നില്ലെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. കേസില്‍ സര്‍ക്കാര്‍ ഒത്തുതീര്‍പ്പുണ്ടാക്കാന്‍ ശ്രമിക്കുകയാണ്. ക്രിമിനല്‍ കേസുകളില്‍ സിപിഎം ബിജെപി ഒത്തുതീര്‍പ്പുണ്ടാക്കുകയാണെന്നും സതീശന്‍ ആരോപിച്ചു.

മരംകൊള്ളയില്‍ മുന്‍ വനം , റവന്യൂ മന്ത്രിമാര്‍ക്കെതിരെ കേസെടുക്കണമെന്നും വി ഡി സതീശന്‍ പറഞ്ഞു. വനം മാഫിയക്കെതിരെ നടക്കുന്ന അന്വേഷണം അട്ടിമറിച്ച് കര്‍ഷകരെ ബുദ്ധിമുട്ടിക്കുകയാണ്.വനം മാഫിയക്ക് ഇഷ്ടം പോലെ മരം മുറിച്ചുമാറ്റാനുള്ള ഉത്തരവാണ് സര്‍ക്കാര്‍ ഇറക്കിയതെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *