കേസുകള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാന പൊലീസ് ഏറെ മുന്നില്‍: മുഖ്യമന്ത്രി

മലപ്പുറം: ആധുനിക സങ്കേതിക വിദ്യകള്‍ ഉപയോഗപ്പെടുത്തി കേസുകള്‍ അന്വേഷിക്കുന്നതില്‍ സംസ്ഥാനത്തെ പൊലീസ് ഏറെ മുന്നിലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍.

തിരൂരില്‍ നിര്‍മാണം പൂര്‍ത്തീകരിച്ച ജില്ലയിലെ ആദ്യ ഫോറന്‍സിക് സയന്‍സ് ലാബിന്റെതുള്‍പ്പടെയുള്ള കെട്ടിടങ്ങളുടെ ഉദ്ഘാടനം വീഡിയോ കോണ്‍ഫറന്‍സ് വഴി നിര്‍വഹിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം.

കഴിഞ്ഞ അഞ്ച് വര്‍ഷത്തിനിടെ പുതിയ പൊലീസ് സ്റ്റേഷന്‍ കെട്ടിടങ്ങളുള്‍പ്പടെ മികച്ച അടിസ്ഥാന സൗകര്യങ്ങളാണ് സംസ്ഥാനത്തുണ്ടായിട്ടുള്ളത്. കുറ്റകൃത്യം നടന്ന സ്ഥലങ്ങളില്‍ നിന്ന് ശാസ്ത്രീയമായ തെളിവെടുപ്പിന് എല്ലാ ജില്ലകളിലും ഫോറന്‍സിക് ലാബുകള്‍ സ്ഥാപിക്കാനുള്ള ഒരുക്കത്തിലാണ് സര്‍ക്കാറുള്ളത്. ഇതിന്റെ ഭാഗമായാണ് തിരൂരിലുള്‍പ്പടെ ജില്ലാ ഫോറന്‍സിക് ലാബുകള്‍ നിലവില്‍ വരുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

കുറ്റകൃത്യങ്ങളില്‍ ശാസ്ത്രീയവും കൃത്യതയാര്‍ന്നതുമായ പരിശോധന വേഗത്തില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെയാണ് 1.25 കോടി ചെലവഴിച്ച്‌ മലപ്പുറം ജില്ലയിലെ തിരൂരില്‍ ഫോറന്‍സിക് ലാബ് സജ്ജമാക്കിയത്. തിരൂര്‍ പൊലീസ് ലൈനിലെ ഡി.വൈ.എസ.്പി ഓഫീസിനുസമീപത്തായി ഒരുക്കിയ ലാബ് കെട്ടിടത്തില്‍ ഫിസിക്‌സ്, കെമിസ്ട്രി, ബയോളജി, സൈബര്‍ എന്നിങ്ങനെ നാല് ഡിവിഷനുകളാണ് പ്രവര്‍ത്തിക്കുക. ആദ്യഘട്ടത്തില്‍ സൈബര്‍ ഡിവിഷന്‍ ഒഴികെയുള്ളവ പ്രവര്‍ത്തനസജ്ജമാക്കും.

നിലവില്‍ ജില്ലയില്‍ നിന്നും ഫോറന്‍സിക് പരിശോധനകള്‍ക്കായി തൃശൂരിലെ റീജയണല്‍ ലാബിനെയാണ് ആശ്രയിക്കുന്നത്. ഇത് പരിശോധനകളുടെ ഫലം വൈകുന്നതിന് ഇടയാക്കിയിരുന്നു. തിരൂരിലെ പുതിയ ലാബ് സജ്ജമാകുന്നതോടെ ജില്ലയിലെ ഡി.എന്‍.എ പരിശോധന, നുണപരിശോധന എന്നിവ ഒഴികെയുള്ള മുഴുവന്‍ പരിശോധകളും ഇവിടെ സാധ്യമാകും. മൂന്ന് സയന്റിഫിക് ഓഫീസര്‍മാരുടെ സേവനമാണ് നിലവില്‍ ലാബിലുണ്ടായിരിക്കുക.

നേരത്തെ തിരുവനന്തപുരത്തെ സ്റ്റേറ്റ് ലാബും കൊച്ചി, തൃശൂര്‍, കണ്ണൂര്‍ എന്നിവിടങ്ങളിലെ റീജനല്‍ ലാബുമാണ് പ്രവര്‍ത്തിച്ചിരുന്നത്. ദുരൂഹസാഹചര്യത്തിലുള്ള മരണങ്ങള്‍ ഉള്‍പ്പടെയുള്ള കേസുകളില്‍ നിയമ നടപടികള്‍ പുതിയ ജില്ലാ ലാബ് വരുന്നതോടെവേഗത്തിലാക്കാനാവും. ആധുനിക രീതിയിലുള്ള ലാബ് കെട്ടിടത്തില്‍ അഡ്മിനിസ്‌ട്രേറ്റീവ് ഓഫീസ് റിസപ്ഷന്‍ എന്നിവ ഒരുക്കിയിട്ടുണ്ട്. പൊലീസിന് പുറമെ എക്‌സൈസ്, വനം വകുപ്പുകളുമായി ബന്ധപ്പെട്ട കേസുകളിലും സഹായിക്കാവുന്ന വിധത്തിലാണ് തിരൂരിലെ ലാബ്.

Leave a Reply

Your email address will not be published. Required fields are marked *