ശബരിമലയില്‍ നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടി; ദർശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല

ശബരിമല:  നിരോധനാജ്ഞ 4 ദിവസത്തേക്കു കൂടി നീട്ടി. തിങ്കളാഴ്ച അർധരാത്രി വരെ സന്നിധാനം, പമ്പ, നിലയ്ക്കൽ, ഇലവുങ്കൽ എന്നിവിടങ്ങളിൽ വീണ്ടും 144 പ്രഖ്യാപിച്ചു പത്തനംതിട്ട കലക്ടറുടെ ഉത്തരവിറങ്ങി. ജനുവരി 14 വരെ നീട്ടണമെന്നാണു പത്തനംതിട്ട ജില്ലാ പൊലീസ് മേധാവി ടി.നാരായണൻ കലക്ടർക്കു റിപ്പോർട്ട് നൽകിയത്.

തീർഥാടനത്തിനായി നട തുറന്ന ശേഷം 17 കേസുകൾ റജിസ്റ്റർ ചെയ്തു. 72 പേരെ റിമാൻഡ് ചെയ്തു. ജില്ലയിൽ യുവതീപ്രവേശവുമായി ബന്ധപ്പെട്ട് 84 കേസുകൾ റജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും റിപ്പോർട്ടിലുണ്ട്. എഡിഎമ്മിന്റെ റിപ്പോർട്ട് കൂടി പരിശോധിച്ചാണു കലക്ടർ തീരുമാനമെടുത്തത്. അയ്യപ്പന്മാരുടെ സമാധാനപരമായ ദർശനത്തിനോ ശരണംവിളിക്കോ നിയന്ത്രണമില്ല. തീർഥാടകർക്ക് ഒറ്റയ്ക്കോ സംഘമായോ ദർശനത്തിന് എത്തുന്നതിനോ ശരണം വിളിക്കുന്നതിനോ തടസ്സമുണ്ടാകില്ലെന്ന് ഉത്തരവിൽ പറയുന്നു.

Leave a Reply

Your email address will not be published. Required fields are marked *