ഒരു രാജകീയ തീവണ്ടി യാത്ര..

“ര സമയം”  /   കൃഷ്ണന്‍ ചേലേമ്പ്ര


ന്മനാട്ടിലേക്ക് രാഷ്ട്രപതിയുടെ ട്രെയിന്‍യാത്ര എന്ന തലക്കെട്ടില്‍ ഇന്നത്തെ മാധ്യമങ്ങളില്‍ വന്ന ഫോട്ടോ സഹിതമുള്ള വാര്‍ത്ത വായിച്ച് ചിരിക്കണോ കരയണോ എന്നറിയാതെകുഴങ്ങി. റെയില്‍വേ സ്‌റ്റേഷനില്‍ നിന്ന് കംപാര്‍ട്‌മെന്റ് വാതില്‍ വരെ ചുവപ്പ് പട്ടു വിരിച്ചിരിക്കുന്നു. മാത്രമോ കംപാര്‍ട്‌മെന്റിലേക്കു കയറാന്‍ ചുവപ്പ് പരവതാനിക്കുപുറമെ തിളങ്ങുന്ന പുത്തന്‍ സ്റ്റീലിന്റെ കൈവരി. ആര്‍ഭാടത്തിനും ധൂര്‍ത്തിനും ഇതില്‍ കവിഞ്ഞ ഉദാഹരണം വേറെ വേണോ?

രാജ്യത്തിന്റെ പ്രഥമ പൗരന്‍ എന്ന നിലയില്‍ ആദരവ് നല്‍കേണ്ടത് അവശ്യം തന്നെ. പക്ഷേ അതു ഈ നാട്ടിലെ പട്ടിണിപ്പാവങ്ങളെ നോക്കി കൊഞ്ഞനംകുത്തുന്ന വിധത്തിലാകരുത്. പ്രത്യേകിച്ച് കോവിഡിന്റെ ഭയാനകമായ പശ്ചാത്തലത്തില്‍.

രാഷ്ട്രപതിയുടെ ട്രെയിന്‍ യാത്രയ്ക്ക് വകുപ്പുമന്ത്രി പിയുഷ് ഗോയല്‍ നല്‍കിയ ഭാഷ്യമാണ് ഏറെ രസാവഹം. ”കോവിഡാനന്തരം വലിയ യാത്രക്ക് തയ്യാറെടുക്കുന്ന ഇന്ത്യന്‍ റെയില്‍വേക്കു ആവേശം നല്‍കുന്നതാണ് രാഷ്ടപതിയുടെ യാത്ര’ എന്നാണ് മന്ത്രി പറഞ്ഞിരിക്കുന്നത്. പൊട്ടിപ്പൊളിഞ്ഞ കമ്പാര്‍ട്‌മെന്റുകളില്‍ തൂങ്ങിപ്പിടിച്ചു യാത്ര ചെയ്യുന്ന ഭാരതീയ പൗരന്മാര്‍ക്ക് പ്രസിഡന്റിന്റെ രാജകീയ യാത്ര എങ്ങനെ ആവേശം നല്‍കും?

മറ്റു യാത്രക്കാര്‍ ആരുമില്ലാത്തതാണ് പ്രസിഡന്‍ഷല്‍ സലൂണില്‍ രാഷ്ട്രപതിയുടെ ‘വിനോദ യാത്ര ‘ഭാരതീയരുടെ വികാരം മനസ്സിലാക്കാന്‍ മഹാത്മാഗാന്ധി ഇന്ത്യയില്‍ അങ്ങോളമിങ്ങോളം രണ്ടാം ക്ലാസ് ട്രെയിന്‍ യാത്ര നടത്തിയത് ഈയവസരത്തില്‍ ചേര്‍ത്തു വായിക്കുമ്പോള്‍ റാംനാഥ് കോവിന്ദിന്റെ ട്രെയിന്‍ യാത്രയുടെ പരിഹാസ്യത ബോധ്യപ്പെടും.

അംഗരക്ഷകരും പരിസേവകരുമായി നൂറോളംപേര്‍ ഈ യാത്രക്ക് അകമ്പടി ഉണ്ടാകുമെന്നുറപ്പ്. അവരില്‍ ഒന്നോ രണ്ടോ പേര്‍ കൈപിടിച്ചു രാഷ്ട്രപതിയെ വണ്ടിയില്‍ കയറ്റിയാല്‍ സ്റ്റീലിന്റെ കൈവരി ആവശ്യമായി വരില്ല. പ്രസിഡന്റിന്റെ യാത്ര പ്രമാണിച്ചു റെയില്‍വേസ്‌റ്റേഷന്‍ പുത്തന്‍ ടൈല്‍സ് പാകിയും പെയിന്റ് അടിച്ചും മോടികൂട്ടിയിട്ടുണ്ടാകുമെന്നുറപ്പ്. പിന്നെ ചുവപ്പ് പട്ടിന്റെ ആവശ്യം എന്ത്?

പല ലോക രാഷ്ട്രത്തലവന്മാരും സൈക്കിളില്‍ ഓഫീസ് യാത്ര നടത്തുന്ന വര്‍ത്തമാനകാല സാഹചര്യത്തില്‍ നമ്മുടെ രാഷ്ട്രപതിയുടെ ആര്‍ഭാട സമന്യൂതമായ യാത്ര പരിഹാസദ്യേതകമായി കലാശിക്കുമെന്നുറപ്പ്. വിമാനത്തിലോ ഹെലികോപ്റ്ററിലോ യാത്ര നടത്തി ലക്ഷങ്ങള്‍കൊണ്ടു ചെലവഴിക്കുന്നതിനുപകരം കോടികള്‍ ചെലവിട്ട് യാത്ര സംഘടിപ്പിച്ച മഹാന്മാര്‍ക്ക് നല്ല നമസ്‌കാരം.

…ശുഭം.

Leave a Reply

Your email address will not be published. Required fields are marked *