ബസുകള്‍ക്ക് വിശ്രമം മാസ്‌ക്കറ്റ് ഹോട്ടലില്‍

 

ബസുകള്‍ക്ക് വിശ്രമം മാസ്‌ക്കറ്റ് ഹോട്ടലില്‍;

കെ.ടി.ഡി.സി ലക്ഷങ്ങള്‍ പാഴാക്കുന്നു

 

കടവില്‍


തിരുവനന്തപുരം: കേരള ടൂറിസം ഡെവലപ്മെന്റ് കോര്‍പ്പറേഷന്‍ (കെ.ടി.ഡി.സി) വിനേദസഞ്ചാരമേഖല ലക്ഷ്യമിട്ട് പുറത്തിറക്കിയ ലക്ഷ്വറി ബസുകള്‍ നിരത്തിലിറങ്ങാറായതോടെ സംസ്ഥാനഖജനാവിന്കിട്ടേണ്ട ലക്ഷങ്ങള്‍പാഴാകുന്നു.
സാമ്പത്തിക പ്രതിസന്ധി യുടെ പേരു പറഞ്ഞ് പാസാക്കി നല്‍കാനുള്ള നിരവധിചെറിയ ബില്ലുകളും മറ്റും കെ.ടി.ഡി.സിയില്‍ പരിഗണിക്കാതെമാറ്റിവച്ചിരിക്കുന്ന അവസരത്തില്‍ ലക്ഷ്വറി ബസുകളുടെ രൂപത്തില്‍ കോര്‍പ്പറേഷന്‍ ലക്ഷങ്ങള്‍ പാഴാക്കികളയുന്നു എന്നത് ശ്രദ്ധേയമാണ്.

ടൂറിസം വികസനത്തിനുവേണ്ടി എന്ന പേരില്‍ 2018 മാര്‍ച്ച് മാസത്തില്‍ കെ.ഡി.ടി.സി. വാങ്ങിയ രണ്ട് ലക്ഷ്വറി ബസുകളുടെ ചക്രങ്ങള്‍ ഉരുണ്ടിട്ട് നാളുകളേറെയായി. വെയിലും മഴയുമേറ്റ് നാശത്തിന്റെ വക്കിലെത്തിയ ബസുകള്‍ ടൂറിസം ഡിപ്പാര്‍ട്ട്മെന്റിന്റെ മാസ്‌ക്കറ്റ് ഹോട്ടല്‍ കോമ്പൗണ്ടിനുള്ളില്‍ വിശ്രമത്തിലാണ്.
കന്യാകുമാരി, പൊന്‍മുടി, കല്ലാര്‍, നെയ്യാര്‍, പത്മനാഭപുരം കൊട്ടാരം, കോവളം, ശംഖുംമുഖം, വേളി തുടങ്ങി ടൂറിസം കേന്ദ്രങ്ങളിലേക്ക് സഞ്ചാരികളെ കൊണ്ടുപോകുന്നതിന് തുച്ഛമായ നിരക്കില്‍ ടിക്കറ്റ് അനുവദിച്ചുള്ള യാത്രയ്ക്കായിട്ടാണ് ബസ്സ് സര്‍വ്വീസുകള്‍ തുടക്കത്തില്‍ ആരംഭിച്ചത്. തുടക്കത്തില്‍ തിങ്കളാഴ്ച ഒഴികെയുള്ള എല്ലാ ദിവസങ്ങിലും കന്യാകുമാരിക്ക് ഒരു ബസ് സര്‍വ്വീസ് നടത്തിയിരുന്നു. കൂടാതെ എല്ലാ ശനിയാഴ്ചയും ഉച്ചകഴിഞ്ഞ് ടെക്നോപാര്‍ക്കില്‍ നിന്നും ടെക്കികളെ ഉദ്ദേശിച്ച് പൊന്‍മുടിക്കും സര്‍വ്വീസ് നടത്തിയിരുന്നു.
മാര്‍ച്ച് 15ന് ടൂറിസം മന്ത്രി കടകംപള്ളി സുരേന്ദ്രനാണ് ഫ്ളാഗ് ഓഫ് കര്‍മ്മം നിര്‍വഹിച്ചത്. കെ.ടി.ഡി.സിക്ക് കൈമാറിയ വാഹനങ്ങള്‍ കെ.ഡി.ടി.സി ചെയര്‍മാന്‍ എം.വിജയകുമാറാണ് ടൂറിസം ഡിപ്പോര്‍ട്ട്മെന്റിനുവേണ്ടി ഏറ്റുവാങ്ങിയത്. മലയാളം, ഇംഗ്ലീഷ്, ഹിന്ദി എന്നീ ഭാഷകള്‍ നന്നായി അറിയാവുന്ന മൂന്നു ഗൈഡുകളും ഒരോ ബസില്‍ ഉണ്ടാകുമെന്നും ഓണ്‍ലൈനായി ജനങ്ങള്‍ വാഹനം ബുക്ക് ചെയ്യാവുന്നതുമാണ് എന്ന് അന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ അറിയിച്ചിരുന്നു.
എന്നാല്‍ ലക്ഷങ്ങള്‍ ചിലവഴിച്ച് ഉദ്ഘാടനം നിര്‍വഹിച്ച ബസ്സിന്റെ യാത്രകള്‍ ആവശ്യത്തിന് ആളുകളെ കിട്ടുന്നില്ല എന്ന കാരണത്താല്‍ അധികനാള്‍ കഴിയുംമുന്‍പേ കെ.ടി.ഡി.സി വെട്ടിച്ചുരുക്കിയിരുന്നു. ഇരു ബസുകള്‍ക്കുംകൂടി ഏകദേശം ഒരുകോടി 35 ലക്ഷം (1.35 crore) രൂപ ചിലവഴിച്ചു. കൂടാതെ ബസിന്റെ ബോഡിയില്‍ നടത്തിയ കലാവിരുന്നുകള്‍ക്കുംമറ്റും ഒരു സ്വകാര്യ ഏജന്‍സിക്കും പതിനായിരക്കണക്കിന് രൂപ പ്രതിഫലമായും നല്‍കിയിരുന്നു. വാഹനങ്ങളുടെ ബാറ്ററി മാറ്റിവയ്ക്കേണ്ടിവരുമെന്നത് ഏറെക്കുറെ ഉറപ്പായിട്ടുണ്ട്. ബസുകള്‍ സര്‍വ്വീസ് നടത്താത്തുകാരണം വന്‍നഷ്ടമാണ് കെ.ടി.ഡി.സിക്കും ടൂറിസം വകുപ്പിനും ഉണ്ടായിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *

You may missed