കോഴ്‌സുകള്‍, അപേക്ഷകള്‍….

സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി(ഹോമിയോ)

തിരുവനന്തപുരം, കോഴിക്കോട് ഗവൺമെന്റ് ഹോമിയോ മെഡിക്കൽ കോളജുകളിൽ 2021 വർഷത്തെ സർട്ടിഫിക്കറ്റ് കോഴ്‌സ് ഇൻ ഫാർമസി (ഹോമിയോപ്പതി), 2021-1 കോഴ്‌സിലേയ്ക്കുള്ള പ്രവേശനത്തിന് അപേക്ഷ സമർപ്പിച്ചവരുടെ പ്രാഥമിക പരിശോധനയ്ക്കുശേഷമുള്ള വിവരങ്ങൾ www.lbscentre.kerala.gov.in വെബ്‌സൈറ്റിൽ പ്രസിദ്ധീകരിച്ചു. അപേക്ഷാർഥികൾ വെബ്‌സൈറ്റിൽ ലോഗിൻ ചെയ്തു വിവരങ്ങൾ പരിശോധിച്ച് ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ ജൂൺ 25ന് വൈകിട്ട് അഞ്ചിനു മുൻപു സമർപ്പിക്കണമെന്നു ഡയറക്ടർ അറിയിച്ചു. പുതിയ ക്ലെയിമുകൾ നൽകുവാൻ സാധിക്കില്ല. ഇ.ഡബ്ല്യു.എസ്. ക്വാട്ടാ സീറ്റുകളിലേക്ക് പരിഗണിക്കപ്പെടേണ്ട അപേക്ഷകർക്ക് ഇ.ഡബ്ല്യു.എസ്. സർട്ടിഫിക്കറ്റ് ജൂൺ 25 വരെ അപ്‌ലോഡ് ചെയ്യാം. ആവശ്യപ്പെട്ടിട്ടുള്ള രേഖകൾ അപ്‌ലോഡ് ചെയ്യാത്തവരുടെ അപേക്ഷ നിരസിക്കുമെന്നും ഡയറക്ടർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471-2560363, 364.

എം.സി.എ പ്രവേശനം അപേക്ഷ ക്ഷണിച്ചു

എ.ഐ.സി.ടി.ഇ അംഗീകാരമുള്ള സംസ്ഥാനത്തെ വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ 2021-22 അധ്യയന വർഷത്തെ മാസ്റ്റർ ഓഫ് കമ്പ്യൂട്ടർ ആപ്ലിക്കേഷൻസ്(എം.സി.എ) പ്രവേശനത്തിന് 2021 ജൂൺ 21 മുതൽ ജൂലൈ 19 വരെ അപേക്ഷിക്കാം. അപേക്ഷാ യോഗ്യത ബി.സി.എ/കമ്പ്യൂട്ടർ സയൻസ് എൻജിനീയറിങ് ബിരുദം അഥവാ തത്തുല്യ യോഗ്യത അല്ലെങ്കിൽ മാത്തമാറ്റിക്‌സ് ഒരു വിഷയമായി 10+2 തലത്തിലോ ബിരുദ തലത്തിലോ പഠിച്ചിട്ടുള്ള ബി.എ/ബി.എസ്.സി/ബി.കോം ബിരുദം. യോഗ്യതാ പരീക്ഷ 50% മാർക്കോടെ പാസായിരിക്കണം. സംവരണ വിഭാഗക്കാർ ആകെ 45% മാർക്ക് നേടിയിരിക്കണം. പൊതു വിഭാഗത്തിന് 1000 രൂപയും പട്ടികജാതി/പട്ടികവർഗ വിഭാഗത്തിന് 500 രൂപയുമാണ് അപേക്ഷാ ഫീസ്. വ്യക്തിഗത വിവരങ്ങൾ www.lbscentre.kerala.gov.in എന്ന വെബ്‌സൈറ്റിൽ ഓൺലൈനായി രേഖപ്പെടുത്തിയശേഷം ഓൺലൈൻ മുഖേനയോ കേരളത്തിലെ ഫെഡറൽബാങ്കിന്റെ ഏതെങ്കിലും ശാഖ വഴിയോ 2021 ജൂലൈ 16 വരെ അപേക്ഷാഫീസ് അടച്ച് അപേക്ഷ സമർപ്പിക്കാം. ബാങ്ക് ശാഖ വഴി ഫീസ് അടയ്ക്കുന്നതിനുള്ള ചെലാൻ സൈറ്റിൽനിന്ന് ഡൗൺലോഡ് ചെയ്യാം. ഓൺലൈൻ അപേക്ഷ സമർപ്പിക്കുമ്പോൾ അനുബന്ധരേഖകൾ അപ്‌ലോഡ് ചെയ്യണം. തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ എൽ.ബി.എസ് സെന്റർ ഡയറക്ടർ പ്രഖ്യാപിക്കുന്ന തീയതിയിൽ നടത്തുന്ന പ്രവേശന പരീക്ഷക്കു ലഭിക്കുന്ന റാങ്കിന്റെ അടിസ്ഥാനത്തിൽ ആണ് ഈ കോഴ്‌സിലേയ്ക്കുള്ള പ്രവേശനം നടത്തുന്നത്. കൂടുതൽ വിവരങ്ങൾക്ക് 04712560363, 364 എന്നീ നമ്പറുകളിൽ ബന്ധപ്പെടുക.

കോവിഡ് മരണം: ആശ്രിതർക്ക് സ്വയംതൊഴിൽ വായ്പ

കോവിഡ് 19 നിമിത്തം കുടുംബത്തിലെ മുഖ്യ വരുമാനദായകനായിരുന്ന വ്യക്തി മരണമടഞ്ഞതിനെ തുടർന്ന് സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന കുടുംബങ്ങളെ സഹായിക്കുന്നതിനായി കേന്ദ്ര സാമൂഹിക നീതിയും ശാക്തീകരണവും വകുപ്പ് ആവിഷ്‌കരിച്ച വായ്പാ പദ്ധതി പ്രകാരം കേരളത്തിലെ ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട അർഹരായ ഗുണഭോക്താക്കളിൽ നിന്നും സംസ്ഥാന പിന്നാക്ക വിഭാഗ വികസന കോർപ്പറേഷൻ അപേക്ഷ ക്ഷണിച്ചു.

മൂന്നു ലക്ഷം രൂപയിൽ താഴെ കുടുംബ വാർഷിക വരുമാനമുള്ള ഒ.ബി.സി. വിഭാഗത്തിൽപ്പെട്ട കുടുംബങ്ങളിലെ മുഖ്യ വരുമാനദായകനായിരുന്ന 60 വയസിൽ താഴെ പ്രായമുള്ള വ്യക്തി കോവിഡ് മൂലം മരണമടഞ്ഞിട്ടുണ്ടെങ്കിൽ ആശ്രിതർക്ക് വ്യവസ്ഥകൾക്ക് വിധേയമായി ഈ വായ്പ ലഭിക്കുന്നതിന് അർഹതയുണ്ടാകും. അഞ്ചു ലക്ഷം രൂപ വരെ അടങ്കൽ വരുന്ന സ്വയം തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിന് ആവശ്യമായ മുഴുവൻ തുകയും പദ്ധതി പ്രകാരം അനുവദിക്കുന്നതാണ്. ഇതിൽ പദ്ധതി അടങ്കലിന്റെ 80% തുക (പരമാവധി 4 ലക്ഷം രൂപ) വായ്പയും ബാക്കി 20% (പരമാവധി 1 ലക്ഷം രൂപ) സബ്‌സിഡിയുമാണ്. വായ്പാ തിരിച്ചടവ് കാലാവധി 5 വർഷമാണ്. വാർഷിക പലിശ നിരക്ക് ആറു ശതമാനം.

പദ്ധതി പ്രകാരം സംരംഭങ്ങൾ ആരംഭിക്കുന്നതിന് യോഗ്യതയും താല്പര്യവും ഉള്ളവർ അവരുടെ വിശദാംശങ്ങൾ 2021 ജൂൺ 28 നകം www.ksbcdc.com എന്ന കോർപ്പറേഷൻ വെബ്‌സൈറ്റിൽ രജിസ്റ്റർ ചെയ്യേണ്ടതാണ്. പദ്ധതി സംബന്ധിച്ച വിശദാംശങ്ങളും വെബ്‌സൈറ്റിൽ ലഭ്യമാണ്.

മത്സ്യകൃഷിക്ക് അപേക്ഷിക്കാം

ഫിഷറീസ് വകുപ്പ് തിരുവനന്തപുരം ജില്ലാ ഓഫിസ് നടപ്പാക്കുന്ന മത്സ്യകൃഷി പദ്ധതിയിലേക്കു ക്ലസ്റ്റർ തലത്തിൽ 2021 – 22 വർഷത്തേക്കുള്ള അപേക്ഷ ക്ഷണിച്ചു. ഇതുവരെ ആനുകൂല്യം ലഭിക്കാത്തവരും പുതുതായി തുടങ്ങുന്നവരുമായവർക്ക് അപേക്ഷിക്കാം. നെടുമങ്ങാട്, പെരുങ്കടവിള, കാട്ടാക്കട ക്ലസ്റ്ററുകളിൽ ഉൾപ്പെടുന്ന അപേക്ഷകൾ കാട്ടാക്കട മത്സ്യഭവൻ ഓഫിസിലും പൂവാർ, പള്ളം, വിഴിഞ്ഞം ക്ലസ്റ്ററുകളിലെ അപേക്ഷകൾ ബന്ധപ്പെട്ട മത്സ്യഭവൻ ഓഫിസുകളിലും വർക്കല ക്ലസ്റ്ററിലെ അപേക്ഷകൾ വർക്കല മത്സ്യഭവൻ ഓഫിസിലും പുത്തൻതോപ്പ് ക്ലസ്റ്ററില അപേക്ഷകൾ പുത്തൻതോപ്പ് മത്സ്യഭവനിലും തിരുവനന്തപുരം ക്ലസ്റ്ററിലെ അപേക്ഷകൾ ജില്ലാ മത്സ്യഭവൻ, ണക്കാട് പി.ഒ, കമലേശ്വരം ഓഫിസിലും സ്വീകരിക്കുമെന്ന് ഫിഷറീസ് തിരുവനന്തപുരം മേഖലാ ഡെപ്യൂട്ടി ഡയറക്ടർ അറിയിച്ചു.

പ്രൊബേഷൻ സേവന പദ്ധതികളിലേക്ക് അപേക്ഷ ക്ഷണിച്ചു

സാമൂഹ്യനീതി വകുപ്പ് വഴി നടപ്പാക്കുന്ന പ്രൊബേഷൻ സേവനങ്ങളുടെ ഭാഗമായി മുൻ കുറ്റവാളികൾ, പ്രൊബേഷണർമാർ, കുറ്റവാളികളുടെ ആശ്രിതർ എന്നിവർക്കുള്ള സ്വയംതൊഴിൽ ധനസഹായ പദ്ധതി, കുറ്റകൃത്യത്തിന് ഇരയായി മരണപ്പെട്ടവരുടെ ആശ്രിതരുടേയും ഗുരുതരമായി പരുക്കേറ്റവരുടേയും പുനരധിവാസ പദ്ധതി, കുറ്റകൃത്യത്തിന് ഇരയായവരുടെ മക്കൾക്കുള്ള വിദ്യാഭ്യാസ ധനസഹായ പദ്ധതി, തടവുകാരുടെ പെൺമക്കൾക്കുള്ള വിവാഹ ധനസഹായ പദ്ധതി എന്നിവയ്ക്കായി തിരുവനന്തപുരം ജില്ലയിലെ അർഹരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു.

ചിറയിൻകീഴ്, വർക്കല താലൂക്കുകളിൽ താമസിക്കുന്നവർ ആറ്റിങ്ങൽ സിവിൽ സ്റ്റേഷന്റെ നാലാം നിലയിൽ പ്രവർത്തിക്കുന്ന ജില്ലാ പ്രൊബേഷൻ ഓഫിസിലും (ഫോൺ: 0470 262 5456) ജില്ലയിലെ മറ്റു താലൂക്കുകളിൽ താമസിക്കുന്നവർ പൂജപ്പുരയിലെ ജില്ലാ പ്രൊബേഷൻ ഓഫിസലുമാണ് (ഫോൺ : 0471 2342786) അപേക്ഷ സമർപ്പിക്കേണ്ടത്. അപേക്ഷാ ഫോം swd.kerala.gov.in എന്ന വെബ്‌സൈറ്റിലും തിരുവനന്തപുരം, ആറ്റിങ്ങൽ ജില്ലാ പ്രൊബേഷൻ ഓഫിസിലും ലഭിക്കും. അവസാന തീയതി ജൂലൈ അഞ്ച്. ധനസഹായത്തിനു തെരഞ്ഞെടുക്കപ്പെടുന്ന ഗുണഭോക്താവ് 200 രൂപ മുദ്ര പത്രത്തിൽ സാമൂഹ്യനീതി വകുപ്പുമായി മാനദണ്ഡങ്ങൾ സംബന്ധിച്ച കരാറിൽ ഏർപ്പെടണം. ധനസഹായം ഗുണഭോക്താവിന്റെ അക്കൗണ്ട് വഴിയാകും വിതരണം ചെയ്യുകയെന്നും ജില്ലാ പ്രൊബേഷൻ ഓഫിസർ അറിയിച്ചു.

അഗ്രോ ബിസിനസ് ഇൻക്യുബേഷൻ ഇൻസ്പിരേഷൻ പ്രോഗ്രാം

കാർഷിക മേഖലയിലെ മൂല്യവർധിത ഉത്പന്നങ്ങളുടെ സംരംഭകത്വം പ്രോത്സാഹിപ്പിക്കുന്നതിനായി വ്യവസായ വാണിജ്യ വകുപ്പ് നടപ്പാക്കുന്ന അഗ്രോ ബിസിനസ് ഇൻക്യുബേഷൻ ഫോർ സസ്‌റ്റൈനബിൾ എന്റർപ്രണർഷിപ്പ് പദ്ധതിയുടെ ഭാഗമായി തിരുവനന്തപുരത്ത് ഇൻസ്പിരേഷൻ പ്രോഗ്രാം സംഘടിപ്പിച്ചു. ഓൺലൈനായി സംഘടിപ്പിച്ച പരിപാടി മേയർ ആര്യ രാജേന്ദ്രൻ ഉദ്ഘാടനം ചെയ്തു.

100 പേർക്കായാണ് പരിപാടി സംഘടിപ്പിച്ചത്. ജില്ലാ വ്യവസായ കേന്ദ്രം ജനറൽ മാനേജർ ജി. രാജീവ് അധ്യക്ഷത വഹിച്ചു. കേരള ഇൻസ്റ്റിറ്റ്യൂട്ട് ഫോർ എന്റർപ്രനർഷിപ് ഡെവലപ്‌മെന്റ് സി.ഇ.ഒയും എക്‌സിക്യൂട്ടിവ് ഡയറക്ടറുമായ ശരത് വി. രാജ് പദ്ധതിയെക്കുറിച്ചും സാധ്യതകളെക്കുറിച്ചുമുള്ള സെഷനും കൃഷി വിജ്ഞാനകേന്ദ്രം തലവനും പ്രിൻസിപ്പൽ സയന്റിസ്റ്റുമായ ഡോ. ബിനു ജോൺ സാം മൂല്യവർധിത ഉത്പന്നങ്ങളെക്കുറിച്ചുള്ള ടെക്‌നിക്കൽ സെഷനും അവതരിപ്പിച്ചു.

മീഡിയേഷൻ സെൽ

തിരുവനന്തപുരം ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമ്മിഷനു കീഴിൽ പ്രവർത്തനം തുടങ്ങുന്ന മീഡിയേഷൻ സെല്ലിലേക്ക് 2020ലെ കൺസ്യൂമർ പ്രൊട്ടക്ഷൻ മീഡിയേഷൻ റെഗുലേഷൻ മൂന്നാം വകുപ്പ് പ്രകാരം യോഗ്യരായവരിൽനിന്ന് അപേക്ഷ ക്ഷണിച്ചു. അപേക്ഷകൾ സീനിയർ സൂപ്രണ്ട്, തിരുവനന്തപുരം ജില്ലാ തർക്ക പരിഹാര കമ്മിഷൻ, വഴുതക്കാട്, തിരുവനന്തപുരം – 3 എന്ന വിലാസത്തിൽ ജൂലൈ 21നു വൈകിട്ട് അഞ്ചിനു മുൻപു ലഭിക്കണമെന്നു സീനിയർ സൂപ്രണ്ട് അറിയിച്ചു.

വാക്ക് ഇൻ ഇന്റർവ്യൂ

ഭാരതീയ ചികിത്സാ വകുപ്പ് തിരുവനന്തപുരം ജില്ലയിൽ നടപ്പാക്കുന്ന വിവിധ പദ്ധതികളിൽ നിലവിലുള്ള കെയർടേക്കർ, ആയൂർവേദ തെറാപിസ്റ്റ് തസ്തികകളിൽ ദിവസ വേതനാടിസ്ഥാനത്തിൽ നിയമനം നടത്തുന്നു. പത്താം ക്ലാസ് ജയമാണ് കെയർ ടേക്കറുടെ അടിസ്ഥാന യോഗ്യത. പത്താം ക്ലാസും കേരള സർക്കാർ നടത്തുന്ന ആയൂർവേദ തെറാപ്പി കോഴ്‌സും വിജയിച്ചവർക്ക് ആയൂർവേദ തെറാപ്പിസ്റ്റ് തസ്തികയിൽ അപേക്ഷിക്കാം. താത്പര്യമുള്ളവർ വിശദമായ ബയോഡേറ്റയും യോഗ്യതാ സർട്ടിഫിക്കറ്റിന്റെ പകർപ്പും സഹിതം dmoismtvm@gmail.com എന്ന വിലാസത്തിൽ ജൂൺ 28നു വൈകിട്ട് അഞ്ചിനു മുൻപ് അപേക്ഷിക്കണമെന്നു ജില്ലാ മെഡിക്കൽ ഓഫിസർ അറിയിച്ചു.

ഉയർന്ന തിരമാലയ്ക്കു സാധ്യത; ജാഗ്രതാ നിർദേശം

കേരള തീരത്ത് ഇന്നു (ജൂൺ 21) രാത്രി 11.30 വരെ മൂന്നു മുതൽ 3.3 മീറ്റർ വരെ ഉയരത്തിൽ തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്നു ദേശീയ സമുദ്ര സ്ഥിതി പഠന ഗവേഷണ കേന്ദ്രം അറിയിച്ചിട്ടുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശ വാസികളും ജാഗ്രത പാലിക്കണമെന്നു ജില്ലാ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ അറിയിച്ചു. കടൽക്ഷോഭം രൂക്ഷമാകാൻ സാധ്യതയുള്ളതിനാൽ അപകട മേഖലകളിൽനിന്ന് അധികൃതരുടെ നിർദേശാനുസരണം മാറി താമസിക്കണം. മത്സ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ടു സൂക്ഷിക്കണം. മൽസ്യബന്ധന ഉപകരണങ്ങളുടെ സുരക്ഷ ഉറപ്പാക്കണം. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും അറിയിപ്പിൽ പറയുന്നു

Leave a Reply

Your email address will not be published. Required fields are marked *