ശബരിമല: ഗവര്‍ണറുമായി മുഖ്യമന്ത്രി കൂടിക്കാഴ്ച നടത്തി

തിരുവനന്തപുരം: ശബരിമല പൊലീസ് നടപടിയി ല്‍ കേന്ദ്രമന്ത്രി പൊന്‍ രാധാകൃഷ്ണന്‍ ഉന്നയിച്ച പരാതികള്‍ ഗവര്‍ണര്‍ പി. സദാശിവവുമായി മുഖ്യമന്ത്രി പിണറായി വിജയന്‍ നടത്തിയ കൂടിക്കാഴ്ചയില്‍ ചര്‍ച്ചാവിഷയമായി. പൊലീസ് നടപടികളെക്കുറിച്ച് കേന്ദ്രമന്ത്രി ഉന്നയിച്ച പരാതി ഗവര്‍ണര്‍ മുഖ്യമന്ത്രിയുടെ ശ്രദ്ധയില്‍പെടുത്തി.


ശബരിമലയിലെ നിയന്ത്രണങ്ങള്‍ സംബന്ധിച്ച് വിവിധ നേതാക്കന്മാരില്‍നിന്നും പൊതുജനങ്ങളില്‍നിന്നും പരാതികള്‍ ലഭിച്ച സാഹചര്യത്തിലാണ് മുഖ്യമന്ത്രിയെ ചര്‍ച്ചയ്ക്കായി ഗവര്‍ണര്‍ രാജ്ഭവനിലേക്കു ക്ഷണിച്ചത്. കൂടിക്കാഴ്ച അരമണിക്കൂര്‍ നീണ്ടു.
ശബരിമലയിലെ പൊലീസ് നടപടികളെക്കുറിച്ച് ഉയര്‍ന്ന പരാതികളും, സിആര്‍പിസി സെക്ഷന്‍ 144 അനുസരിച്ച് പ്രഖ്യാപിച്ച നിരോധനാജ്ഞ പിന്‍വലിക്കുന്നതിനുള്ള സാധ്യതകളും ചര്‍ച്ചയായി. ശബരിമലയുമായി ബന്ധപ്പെട്ട് ഹൈക്കോടതി നല്‍കിയ നിര്‍ദേശങ്ങളും ചര്‍ച്ചയായി. പ്രശ്നങ്ങള്‍ പരിശോധിക്കാമെന്നും, വേഗത്തില്‍ നടപടിയെടുക്കാമെന്നും മുഖ്യമന്ത്രി ഉറപ്പു നല്‍കി.
ശബരിമലയിലെ യുവതീ പ്രവേശനത്തിനെതിരെ പ്രതിഷേധം ശക്തമായ സാഹചര്യത്തിലാണ് കൂടിക്കാഴ്ച. സന്നിധാനത്തും പമ്പയിലും നിലയ്ക്കലും കുടിവെള്ളം, ശൗചാലയം, വിശ്രമമുറികള്‍ എന്നിവ കുറവാണെന്ന പരാതിയില്‍ സ്വീകരിച്ച നടപടികള്‍ അരമണിക്കൂര്‍ നീണ്ട കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. നിലയ്ക്കലില്‍നിന്ന് പമ്പയിലേക്ക് കൂടുതല്‍ യാത്രാ സൗകര്യം ഏര്‍പ്പെടുത്തുന്നതിനെക്കുറിച്ചും ഇരുവരും ചര്‍ച്ച ചെയ്തു.

Leave a Reply

Your email address will not be published. Required fields are marked *