ആറ്റുകാലമ്മയുടെ ഐതീഹ്യം

മുല്ലവീട്ടിലെ കാരണവര്‍ പരമഭക്തനും ദേവീ ഉപാസകനുമായിരുന്നു. ഒരു ഇടവപ്പാതിക്കാലത്ത് കിളളിയാറ്റില്‍ കുളിക്കാനിറങ്ങിയ കാരണവര്‍ ആറ്റിന്‍റെ അക്കരെ മഹാതേജസ്വിയായ ഒരു ബാലികയെ കണ്ടു. “തന്നെ അക്കരെ കടത്തി വിടാമോ” എന്ന് കുട്ടി ചോദിച്ചു.

കാരണവര്‍ കുട്ടിയെ ഇക്കരെയാക്കി സ്വഭവനത്തില്‍ കൊണ്ടുപോയി ഭക്ഷണം കൊടുക്കാന്‍ നിശ്ചയിച്ചു. ഭക്ഷണവുമായി കാരണവരെത്തിയപ്പോള്‍ ബാലികയെ കാണാനില്ല. അസ്വസ്ഥമായ മനസ്സോടെ രാത്രി ഉറങ്ങാന്‍ കിടന്ന കാരണവര്‍ക്ക് മുമ്പില്‍ ദേവീരൂപം ധരിച്ച് ബാലിക പ്രത്യക്ഷയായി.

ദേവീ നിര്‍ദ്ദേശിച്ച സ്ഥലത്ത് ഭഗവതിയെ ആവാഹിച്ച് പ്രതിഷ്ഠിച്ചു. ഓലമേഞ്ഞ ഒരു ശ്രീകോവിലും പണിയിച്ചു. പിന്നീട് ശ്രീമൂലം തിരുനാളിന്‍റെ കാലത്ത് ക്ഷേത്രം പുതുക്കുപ്പണിതു. ഒരു മഴക്കാലത്ത് കൊടുങ്കാറ്റില്‍ മരം കടപുഴകി വീണ് ക്ഷേത്രം തകര്‍ന്നു.

പിന്നീട് കൊല്ലവര്‍ഷം 1012-ല്‍ ക്ഷേത്രം പുതുക്കിപ്പണിതു. വരിക്ക പ്ലാവിന്‍റെ തടികൊണ്ട് ചതുര്‍ബാഹുവായ ദേവീവിഗ്രഹം പണി കഴിപ്പിച്ചു. കൈകളില്‍ വാള്‍, ശൂലം, പരിച, കങ്കാളം എന്നിവ ധരിച്ചാണ് ദേവീരൂപം.

ഭഗവതി കണ്ണകിയാണെന്ന വിശ്വാസവും പ്രചാരത്തിലുണ്ട്. ഉത്സവത്തോടനുബന്ധിച്ച് പാടിവരുന്ന തോറ്റംപാട്ടില്‍ കണ്ണകിദേവിയെ കൊടുങ്ങല്ലൂരില്‍ ചെന്നു ക്ഷണിച്ചുകൊണ്ടു വന്ന് ആറ്റാകാലില്‍ കുടിയിരുത്തുന്നതായും ഉത്സവം കഴിഞ്ഞ് തിരിച്ചുകൊണ്ടാക്കുന്നതായും പരാമര്‍ശമുണ്ട്. ആയതിനാല്‍ കണ്ണകിയുടെ അംശവുമാണ് ആറ്റുകാലമ്മ എന്നു പറയാം.

Leave a Reply

Your email address will not be published. Required fields are marked *

You may missed