എസ് രമേശന്‍ നായര്‍ അന്തരിച്ചു

കൊച്ചി: കവിയും ഗാനരചയിതാവുമായ എസ് രമേശന്‍ നായര്‍ അന്തരിച്ചു. 73 വയസ്സായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. രോഗ ബാധയെ തുടര്‍ന്ന് ചികിത്സയിലായിരുന്നു.

450 ഓളം ഗാനങ്ങള്‍ എസ് രമേശന്‍ നായര്‍ രചിച്ചിട്ടുണ്ട്. 2018ല്‍ കേന്ദ്ര സാഹിത്യ അക്കാദമി പുരസ്കാരം നേടി. ഗുരുപൗര്‍ണ്ണമി എന്ന കാവ്യ സമാഹാരത്തിനാണ് കേന്ദ്രസാഹിത്യ അക്കാദമി പുരസ്കാരം നേടിയത്. 2010-ലെ കേരളസാഹിത്യ അക്കാദമിയുടെ സമഗ്രസംഭാവനയ്ക്കുള്ള പുരസ്കാരവും നേടി.

1948 മേയ് 3ന് കന്യാകുമാരി ജില്ലയിലെ കുമാരപുരത്താണ് എസ് രമേശന്‍ നായര്‍ ജനിച്ചത്. 1985-ല്‍ പുറത്തിറങ്ങിയ പത്താമുദയം എന്ന ചലച്ചിത്രത്തില്‍ ആദ്യമായി ഗാനരചന നിര്‍വഹിച്ചു.

ചലച്ചിത്ര ഗാനങ്ങള്‍ക്കും കവിതകള്‍ക്കും പുറമെ നിരവധി ഭക്തിഗാനങ്ങളും അദ്ദേഹം രചിച്ചിട്ടുണ്ട്. ‘ശതാഭിഷേകം’ എന്ന രാഷ്ട്രീയ ആക്ഷേപഹാസ്യ നാടകവും എഴുതിയിട്ടുണ്ട്. കേരള രാഷ്രട്രീയത്തില്‍ വിവാദമായ കെ മുരളീധരന്റെ രാഷ്ട്രീയ പ്രവേശനത്തെക്കുറിച്ചും തിരഞ്ഞെടുപ്പില്‍ മത്സരിച്ചതിനെക്കുറിച്ചുമായിരുന്നു നാടകം.

ആകാശവാണിയില്‍ പ്രക്ഷേപണം ചെയ്ത നാടകം വിവാദമാവുകയും തൊട്ടു പിന്നാലെ ഈ നാടകം പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുകയും ചെയ്തിരുന്നു. ഈ നാടക രചന വിവാദമായിതിന് പിന്നാലെ ആകാശവാണിയിലെ തിരുവനന്തപുരം നിലയത്തില്‍ നിന്നും രമേശന്‍ നായരെ ആന്‍ഡമാനിലേക്ക് സ്ഥലം മാറ്റി. അതും വിവാദമായി.

വിരമിച്ച അദ്ധ്യാപികയും എഴുത്തുകാരിയുമായ പി രമയാണ് ഭാര്യ. ഏക മകന്‍ മനു രമേശന്‍ സംഗീതസംവിധായകനാണ്. എളമക്കരയില്‍ മകന്റെ വീട്ടില്‍ താമസിച്ചു വരികയായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *