കുലശേഖരം പാലം നിർമാണം സമയബന്ധിതമായി പൂർത്തിയാക്കും: മന്ത്രി പി.എ. മുഹമ്മദ് റിയാസ്

തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ കുലശേഖരത്തേയും കാട്ടാക്കട മണ്ഡലത്തിലെ പേയാടിനേയും ബന്ധിപ്പിക്കുന്ന കുലശേഖരം പാലത്തിന്റെ നിർമാണം സമയബന്ധിതമായി പൂർത്തിയാക്കുമെന്നു പൊതുമരാമത്ത് മന്ത്രി അഡ്വ. പി.എ. മുഹമ്മദ് റിയാസ്. പാലത്തിന്റെ നിർമാണ പുരോഗതി മന്ത്രി നേരിട്ടെത്തി വിലയിരുത്തി.

പാലം യാഥാർഥ്യമാകുന്നതോടെ വട്ടിയൂർക്കാവിൽനിന്നു പേയാടേയ്ക്കുള്ള ദൂരം പത്തു കിലോമീറ്ററോളം കുറയ്ക്കാൻ കഴിയുമെന്നു മന്ത്രി ചൂണ്ടിക്കാട്ടി. പാലം നിർമാണത്തിന്റെ ഇനിയുള്ള ഘട്ടങ്ങൾ ഓരോ മാസവും ടാർഗറ്റ് നൽകിയാകും പൂർത്തിയാക്കുക. ഓരോ മാസവും എത്രത്തോളം നിർമാണം പൂർത്തിയായെന്നതു സംബന്ധിച്ച് വട്ടിയൂർക്കാവ്, കാട്ടാക്കട എംഎൽഎമാരുടെ നേതൃത്വത്തിൽ അതതു മാസങ്ങളിൽ യോഗം ചേർന്നു വിലയിരുത്തുമെന്നും മന്ത്രി പറഞ്ഞു.

120 മീറ്ററാണു പാലത്തിന്റെ നീളം. വാഹന ഗതാഗതത്തിന് 7.5 മീറ്ററും ഇരുവശത്തും നടപ്പാതയ്ക്കായി 1.5 മീറ്ററുമാണു വീതി. പാലത്തിന്റെ ഇരു കരകളിലുമായി 550 മീറ്റർ അപ്രോച്ച് റോഡും നിർമിക്കും. എം.എൽ.എമാരായ വി.കെ. പ്രശാന്ത്, ഐ.ബി. സതീഷ്, പൊതുമരാമത്ത് വകുപ്പ് ജീവനക്കാർ തുടങ്ങിയവരും മന്ത്രിക്കൊപ്പമുണ്ടായിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *