ശബരിമലയില്‍ മൂടല്‍മഞ്ഞുരുകുന്നു ; ശരണമന്ത്രങ്ങളും ശരണവിളികളും മുഴങ്ങിത്തുടങ്ങി

പത്തനംതിട്ട: ശബരിമലയിലെ പൊലീസ് നിയന്ത്രണങ്ങള്‍ക്കെതിരെ നല്‍കിയ ഒരു കൂട്ടം ഹര്‍ജികള്‍ ഇന്ന് ഹൈക്കോടതി പരിഗണിക്കാനിരിക്കെ പോലീസ് നിയന്ത്രണങ്ങള്‍ക്ക് ചെറിയ ഇളവുകള്‍ വരുത്തി. സന്നിധാനത്തെ വലിയ നടപ്പന്തലില്‍ ഏര്‍പ്പെടുത്തിയ  നിയന്ത്രണങ്ങള്‍ക്ക് പൊലീസ് ഭാഗികമായി ഇളവ് നല്‍കിയിട്ടുണ്ട്. സന്നിധാനത്തിന്‍റെ സുരക്ഷാ ചുമതലയുള്ള ഐജി വിജയ് സാഖറെയാണ് ഇക്കാര്യം വ്യക്തമാക്കിയത്. നിയന്ത്രണങ്ങളുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ വാക്കാലുള്ള നിര്‍ദ്ദേശത്തിന്‍റെ  അടിസ്ഥാനത്തിലാണ് നടപടി.

നടപ്പന്തലില്‍ ഭക്തര്‍ക്ക് വിശ്രമിക്കാന്‍ അനുമതി നല്‍കി. എന്നാല്‍ ഇവിടെ വിരിവയ്ക്കാനോ രാത്രി സമയം താമസിക്കാനോ അനുമതിയില്ല. നെയ്യഭിഷേകത്തിന് ടിക്കറ്റെടുത്തവര്‍ക്ക് വിരവച്ച് താമസിക്കാന്‍ സന്നിധാനത്ത് അഞ്ചിടങ്ങളിലായി പ്രത്യേക സൗകര്യങ്ങള്‍ ഒരുക്കിയിട്ടുണ്ട്. ഈ കേന്ദ്രങ്ങളിലേക്ക് എത്തിച്ചേരാനായി സഹായം ആവശ്യമുള്ളവര്‍ക്ക് പൊലീസ് സേവനം നല്‍കും. വലിയ നടപ്പന്തലില്‍ സ്ത്രീകള്‍ക്കും പ്രായമായവര്‍ക്കും ഭിന്നശേഷിയുള്ളവര്‍ക്കും രോഗികള്‍ക്കും വിശ്രമിക്കാനുള്ള അവസരം ഇന്നലെ തന്നെ പൊലീസ് നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് നടപ്പന്തലില്‍ താല്‍ക്കാലികമായി വിശ്രമിക്കാനും അവസരമൊരുക്കുന്നത്.

ശരണം വിളിക്കുന്നവരുടെ പേരില്‍ പൊലീസ് കേസ് എടുക്കുന്നതില്‍ പ്രതിഷേധിച്ചു സന്നിധാനത്തില്‍ ഇന്നലെ വൈകി വി. മുരളീധരന്‍ എംപിയുടെ നേതൃത്വത്തില്‍ വടക്കേ നടയിലും രണ്ടാമത്തെ സംഘം മാളികപ്പുറം താഴെ തിരുമുറ്റത്തും ശരണം വിളിച്ചു പ്രതിഷേധം നടത്തി. ഹരിവരാസനം പാടി നട അടച്ചതോടെ പ്രതിഷേധവും അവസാനിച്ചു. ഭക്തര്‍ ഇനി പഴയപോലെതന്നെ സന്നിധാനത്തെത്തുമെന്ന് വി. മുരളീധരന്‍ എംപി മാധ്യമങ്ങളോടു പറഞ്ഞു. തീര്‍ഥാടകര്‍ക്കു നിയന്ത്രണമില്ലെന്നും ആവശ്യമുള്ളത്ര സമയം നടപ്പന്തലില്‍ വിശ്രമിക്കാമെന്നും ഐജിയും അറിയിച്ചിട്ടുണ്ട്. നേരത്തേ ഇവിടെ വിശ്രമിക്കാനും വിരി വയ്ക്കാനും അനുവദിച്ചിരുന്നില്ല.

Leave a Reply

Your email address will not be published. Required fields are marked *

You may missed