ഛത്തീസ്ഗഡ്: വോട്ടെടുപ്പ് പൂര്‍ണം. രണ്ടാം ഘട്ടത്തില്‍ 71.93% പോളിങ്

റായ്പുര്‍: ഛത്തീസ്ഗഡ് നിയമസഭയിലേക്കുള്ള വോട്ടെടുപ്പ് പൂര്‍ണം. രണ്ടാം ഘട്ട വോട്ടെടുപ്പില്‍ 71.93 ശതമാനമാണു പോളിങ്. വൈകിട്ട് ആറു വരെയുള്ള കണക്കാണിത്. ഇതില്‍ നേരിയ വര്‍ധനയ്ക്കു സാധ്യതയുണ്ടെന്നും തിരഞ്ഞെടുപ്പ് കമ്മിഷന്‍ അറിയിച്ചു. ചിലയിടങ്ങളില്‍ വോട്ടിങ് യന്ത്രങ്ങള്‍ക്കു ചെറിയ തകരാര്‍ സംഭവിച്ചതൊഴിച്ചാല്‍ തിരഞ്ഞെടുപ്പ് പൊതുവെ സമാധാനപരമായിരുന്നു. ഡിസംബര്‍ 11 നാണ് വോട്ടെണ്ണല്‍.

ബിലാസ്പുര്‍ ജില്ലയിലെ മര്‍വാഹി മണ്ഡലത്തില്‍ രണ്ടു വ്യത്യസ്ത ബൂത്തുകളിലെ പ്രിസൈഡിങ് ഓഫിസറെയും പോളിങ് ഉദ്യോഗസ്ഥനെയും കമ്മിഷന്‍ ഇടപെട്ടു മാറ്റി. പ്രിസൈഡിങ് ഓഫിസര്‍ സുരേന്ദ്ര കുമാര്‍, പോളിങ് ഉദ്യോഗസ്ഥന്‍ കമാല്‍ കിഷോര്‍ എന്നിവരെയാണു പോളിങ് ഏജന്റുമാരുടെ പരാതിയെത്തുടര്‍ന്ന് മാറ്റിയത്. ഇവര്‍ക്കെതിരെ തിരഞ്ഞെടുപ്പു ക്രമക്കേടിന് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. മര്‍വാഹിയില്‍ നിന്നാണ് ജനതാ കോണ്‍ഗ്രസിന്റെ അജിത് ജോഗി ജനവിധി തേടുന്നത്
നവംബര്‍ 12-നു നക്‌സല്‍/മാവോയിസ്റ്റ് ബാധിത മണ്ഡലങ്ങളില്‍ നടന്ന ആദ്യഘട്ട വോട്ടെടുപ്പില്‍ 76.28% ആയിരുന്നു പോളിങ്. 18 മണ്ഡലങ്ങളിലേക്കായിരുന്നു ആദ്യഘട്ട വോട്ടെടുപ്പ്. രണ്ടാം ഘട്ടത്തില്‍ 72 മണ്ഡലങ്ങളിലേക്കും. രണ്ടാം ഘട്ടത്തില്‍ 1,54,00,596 പേരായിരുന്നു വോട്ടര്‍മാര്‍. ആകെ 1079 സ്ഥാനാര്‍ഥികള്‍ മത്സരിച്ചു. ഇവരില്‍ 119 പേര്‍ വനിതകളാണ്. ആകെ 19,336 പോളിങ് ബൂത്തുകള്‍ സജ്ജീകരിച്ചു. ഇതില്‍ 444 എണ്ണം പ്രശ്‌നബാധിതമായിരുന്നു. ഒന്നര ലക്ഷത്തോളം സുരക്ഷാ ഉദ്യോഗസ്ഥരെയാണു തിരഞ്ഞെടുപ്പു ചുമതലയ്ക്കായി നിയോഗിച്ചിരുന്നത്.

Leave a Reply

Your email address will not be published. Required fields are marked *