ജില്ല വിട്ടുള്ള യാത്രക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി

തിരുവനന്തപുരം: സംസ്ഥാനത്ത്​ ലോക്​ഡൗണ്‍ നിയന്ത്രണങ്ങള്‍ നിലനില്‍ക്കുന്നതിനാല്‍ ജില്ലവിട്ടുള്ള യാത്രക്ക്​ നിയന്ത്രണമുണ്ടെന്ന്​ ഡി.ജി.പി ലോക്​നാഥ്​ ബെഹ്​റ. അടിയന്തര ആവശ്യങ്ങളിലൊഴികെ ജില്ലവിട്ടുള്ള യാത്ര അനുവദിക്കില്ലെന്ന്​ ഡി.ജി.പി അറിയിച്ചു. യാത്രകള്‍ നിയന്ത്രിക്കുന്നതിന്​ ജില്ലാ പൊലീസ്​ മേധാവിമാര്‍ക്ക് ഡി.ജി.പി​ നിര്‍ദേശവും നല്‍കി.

പരീക്ഷ, ചികിത്സ, മരണാനന്തര ചടങ്ങുകള്‍ എന്നിവക്കാണ്​ ജില്ലവിട്ടുള്ള യാത്ര അനുവദിക്കുക. പുതിയ ജോലിയില്‍ ചേരാനും യാത്രയാവാം. യാത്രികര്‍ സത്യവാങ്​മൂലവും തിരിച്ചറിയല്‍ കാര്‍ഡും കരുതണമെന്നും ഡി.ജി.പി അറിയിച്ചു. ലോക്​ഡൗണ്‍ ഇളവിന്‍റെ ഭാഗമായി തുറന്ന കടകള്‍ക്ക്​ മുന്നില്‍ സാമൂഹിക അകലം നിര്‍ബന്ധമാണ്​. സാമൂഹിക അകലം പാലി​ച്ചില്ലെങ്കില്‍ ഉടമകള്‍ക്കെതിരെ നടപടിയുണ്ടാകുമെന്നും അദ്ദേഹം അറിയിച്ചു.

കേരളത്തില്‍ ലോക്​ഡൗണിന്‍റെ മൂന്നാംഘട്ടത്തില്‍ ചില ഇളവുകള്‍ പ്രഖ്യാപിച്ചിരുന്നു. ചെറുകിട വ്യവസായ സ്ഥാപനങ്ങള്‍, തുണിക്കട, ചെരിപ്പ്​കട, കുട്ടികള്‍ക്ക്​ ആവശ്യമുള്ള പുസ്​തകങ്ങള്‍ വില്‍ക്കുന്ന കടകള്‍ തുടങ്ങി ചില സ്ഥാപനങ്ങള്‍ക്ക്​ തുറന്ന്​ പ്രവര്‍ത്തിക്കാന്‍ അനുമതി നല്‍കിയിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *