സ്വാശ്രയ മേഖലയില്‍ സഹകരണ സ്ഥാപനങ്ങള്‍ക്കു കോളജ്​: ഉത്തരവ്​ ഹൈകോടതി റദ്ദാക്കി

കൊച്ചി: എന്‍ജിനീയറിങ്​, മെഡിക്കല്‍ ഒഴികെയുള്ള പുതിയ കോളജുകള്‍ സ്വാശ്രയ മേഖലയില്‍ തുടങ്ങാന്‍ സഹകരണ സ്ഥാപനങ്ങള്‍ക്കുമാത്രം അനുമതി നല്‍കുന്ന സര്‍ക്കാര്‍ ഉത്തരവിലെ ഭാഗം ഹൈകോടതി റദ്ദാക്കി.

വിദ്യാഭ്യാസരംഗത്ത് മുന്‍പരിചയമുള്ളതും മികച്ച സാമ്ബത്തിക സ്ഥിതിയുള്ളതുമായ സഹകരണ സ്ഥാപനങ്ങള്‍ക്കുമാത്രം പുതിയ കോളജുകള്‍ തുടങ്ങാന്‍ അനുമതി നല്‍കാമെന്ന 2020 ആഗസ്​റ്റ്​ 20ലെ സര്‍ക്കാര്‍ ഉത്തരവിലെ ഈ ഭാഗമാണ്​ ജസ്​റ്റിസ് അനില്‍ കെ. നരേന്ദ്രന്‍ റദ്ദാക്കിയത്​.

ഉത്തരവിെന്‍റ അടിസ്ഥാനത്തില്‍ പുതിയ കോളജുകള്‍ തുടങ്ങാന്‍ സഹകരണ സ്ഥാപനങ്ങളില്‍നിന്നുമാത്രം അപേക്ഷ ക്ഷണിച്ച്‌ 2020 നവംബര്‍ 30ന്​ പുറപ്പെടുവിച്ച കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനം ചോദ്യം ചെയ്​ത്​ മലബാര്‍ എജുക്കേഷനല്‍ ആന്‍ഡ് ചാരിറ്റബിള്‍ ട്രസ്​റ്റ്​ നല്‍കിയ ഹരജിയാണ്​ കോടതി പരിഗണിച്ചത്​.

സഹകരണമേഖലയില്‍ മാത്രം പുതിയ കോളജുകള്‍ അനുവദിച്ചാല്‍ മതിയെന്നത് നയപരമായ തീരുമാനമാണെന്നായിരുന്നു സര്‍ക്കാര്‍ വാദം. എന്നാല്‍, ഇത്തരം വേര്‍തിരിവ് ഭരണഘടന ഉറപ്പുനല്‍കുന്ന തുല്യതയുടെയും തൊഴിലവകാശത്തി​െന്‍റയും ലംഘനമാണെന്ന് കോടതി വിലയിരുത്തി. സര്‍വകലാശാലകളുടെ അധികാരം മറികടന്ന് സര്‍ക്കാര്‍ ഇടപെടുന്നത് ഉചിതമല്ലെന്നും ഇങ്ങനെ ഇടപെടുന്നത് നിയമപരമല്ലെന്നും ഹൈകോടതി ഉത്തരവുകള്‍ ഉദ്ധരിച്ച്‌​ സിംഗിള്‍ ബെഞ്ച് ചൂണ്ടിക്കാട്ടി. തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവിലെ സഹകരണമേഖലക്ക്​ മാത്രമെന്ന ഭാഗവും ഇതനുസരിച്ചുള്ള കണ്ണൂര്‍ സര്‍വകലാശാല വിജ്ഞാപനവും റദ്ദാക്കിയത്. രണ്ടാഴ്ചക്കകം പുതിയ കോളജിന് അപേക്ഷ നല്‍കാന്‍ ഹരജിക്കാരോട്​ ആവശ്യപ്പെട്ട കോടതി, ഇത്​ നിയമപരമായി പരിഗണിച്ച്‌ തീരുമാനമെടുക്കാന്‍ സര്‍വകലാശാലക്കും നിര്‍ദേശം നല്‍കി.

Leave a Reply

Your email address will not be published. Required fields are marked *