നക്ഷത്ര ഹോട്ടലുകളില്‍ വാക്‌സിനേഷന്‍ പാക്കേജ്: ചട്ടവിരുദ്ധമെന്ന് കേന്ദ്രസര്‍ക്കാര്‍

ന്യൂഡല്‍ഹി: നക്ഷത്ര ഹോട്ടലുകളില്‍  വന്‍തുക വാങ്ങിയുള്ള വാക്‌സിനേഷന്‍ പാക്കേജുകള്‍ അനുവദിക്കുകയില്ലെന്ന് കേന്ദ്രസര്‍ക്കാര്‍. വാക്‌സിന്‍ വിതരണ മാനദണ്ഡം എല്ലാ സ്വകാര്യ ആശുപത്രികളും പാലിക്കണം. അല്ലാത്തവര്‍ക്ക് എതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാന സര്‍ക്കാരുകള്‍ക്ക് കേന്ദ്രം നിര്‍ദേശം നല്‍കി.

ചില സ്വകാര്യ ആശുപത്രികള്‍ പഞ്ചനക്ഷത്ര ഹോട്ടലുകളുമായി ചേര്‍ന്ന് വാക്‌സിനേഷന്‍ പാക്കേജുകള്‍ നല്‍കുന്നതായി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് കേന്ദ്രസര്‍ക്കാര്‍ മാര്‍ഗരേഖ പുറത്തിറക്കിയത്. വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ സ്വകാര്യ ആശുപത്രികള്‍ കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താന്‍ സംസ്ഥാനങ്ങള്‍ക്ക് കേന്ദ്രം അയച്ച കത്തില്‍ വ്യക്തമാക്കുന്നു.

സര്‍ക്കാര്‍, സ്വകാര്യ കോവിഡ് വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ മാത്രമേ കുത്തിവെയ്പ് നടത്താന്‍ പാടുള്ളൂ. ജോലി ചെയ്യുന്ന സ്ഥലം, വീടിനോട് ചേര്‍ന്നുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങള്‍ എന്നിവിടങ്ങളിലും കുത്തിവെയ്പ് നടത്താം. വീടിനോട് ചേര്‍ന്നുള്ള വാക്‌സിനേഷന്‍ കേന്ദ്രങ്ങളില്‍ പ്രായമായവര്‍ക്കും ഭിന്നശേഷിക്കാര്‍ക്കുമാണ് വാക്‌സിന്‍ നല്‍കേണ്ടതെന്നും കത്തില്‍ പറയുന്നു.

വാക്‌സിന്‍ വിതരണ മാനദണ്ഡങ്ങള്‍ ലംഘിക്കുന്ന സ്ഥാപനങ്ങള്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ സംസ്ഥാനസര്‍ക്കാരുകളോട് കേന്ദ്രം നിര്‍ദേശിച്ചു. ദേശീയ വാക്‌സിന്‍ വിതരണ നയം കൃത്യമായി പാലിക്കുന്നുണ്ട് എന്ന് ഉറപ്പുവരുത്താനും കേന്ദ്രത്തിന്റെ നിര്‍ദേശത്തില്‍ പറയുന്നു.

ചില പഞ്ചനക്ഷത്ര ഹോട്ടലുകളില്‍ ഭക്ഷണം, താമസം ഉള്‍പ്പെടെ സൗകര്യങ്ങള്‍ നല്‍കി വാക്‌സിനേഷന്‍ പാക്കേജുകള്‍ നല്‍കുന്നതായി വിമര്‍ശനം ഉയര്‍ന്നിരുന്നു. ഈ പശ്ചാത്തലത്തിലാണ് നടപടി.

Leave a Reply

Your email address will not be published. Required fields are marked *