80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീലിന് ലീഗ്

തിരുവനന്തപുരം: ന്യൂനപക്ഷക്ഷേമ പദ്ധതി വിതരണത്തിന് നിശ്ചയിച്ച 80: 20 അനുപാതം റദ്ദാക്കിയ ഹൈക്കോടതി വിധിക്കെതിരെ അപ്പീല്‍ നല്‍കുമെന്ന് മുസ്ലിം ലീഗ് വ്യക്തമാക്കി.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പില്‍ 100 ശതമാനവും മുസ്ലിങ്ങള്‍ക്ക് അവകാശപ്പെട്ടതാണെന്ന് ലീഗ് പറയുന്നു. പദ്ധതിയില്‍ 20 ശതമാനം പിന്നോക്ക ക്രൈസ്തവ വിഭാഗങ്ങള്‍ക്ക് നല്‍കുന്നത് പിന്നീടെടുത്ത തീരുമാനമാണ്.

ന്യൂനപക്ഷ സ്‌കോളര്‍ഷിപ്പുകളുടെ 80 ശതമാനം അവകാശം എങ്ങനെയാണ് മുസ്ലിങ്ങള്‍ക്ക് ലഭിക്കുന്നതെന്ന ചോദ്യം അന്നു മുതല്‍ ദുരാരോപണമാണ്. ഈ പദ്ധതി ആര്‍ക്ക് വേണ്ടിയാണെന്ന് പഠിക്കാതെയാണ് വിധി വന്നത്. സര്‍ക്കാരും വിധിക്കെതിരെ അപ്പീല്‍ നല്‍കണമെന്ന് മുസ്ലിം ലീഗ് എംപി ഇടി മുഹമ്മദ് ബഷീര്‍ ആവശ്യപ്പെട്ടു. പദ്ധതി വിതരണത്തിന് 80: 20 എന്ന അനുപാതം കൊണ്ടുവന്നത് യുഡിഎഫ് അല്ലെന്ന് രേഖകള്‍ പരിശോധിച്ചാല്‍ മനസിലാകുമെന്ന് ഇടി മുഹമ്മദ് ബഷീര്‍ പറഞ്ഞു. അനുപാതം കൊണ്ടുവന്നത് പാലൊളി മന്ത്രിയായിരിക്കുമ്ബോഴാണെന്ന് തെളിയിക്കാന്‍ ലീഗ് തയ്യാറാണെന്നും ഇടി പറഞ്ഞു. അനുപാതം കൊണ്ടുവന്നത് യുഡിഎഫ് ഭരണകാലത്താണെന്ന പാലൊളിയുടെ വാദത്തെ പൂര്‍ണ്ണമായി തള്ളിക്കൊണ്ടാണ് മുസ്ലിം ലീഗ് പ്രതികരണവുമായി രംഗത്തെത്തിയത്.

ക്രിസ്ത്യന്‍ വിഭാഗങ്ങള്‍ ജനസംഖ്യയില്‍ ന്യൂനപക്ഷമാണെങ്കിലും വിദ്യാഭ്യാസപരമായി അവരെ ന്യൂനപക്ഷമായി കണക്കാക്കാനാകില്ലെന്നാണ് ഇടി പറയുന്നത്. സച്ചാര്‍ കമ്മിറ്റി നൂറു ശതമാനം മുസ്ലീങ്ങള്‍ക്കുവേണ്ടിയുള്ള പദ്ധതിയാണെന്നും ക്രൈസ്തവരെ പിന്നീട് ചേര്‍ത്തതാണെന്നും ഇ ടി പറയുന്നു. മുസ്ലീങ്ങള്‍ സാമൂഹ്യപരമായും പിന്നോക്കാവസ്ഥയിലാണ്. 20 ശതമാനത്തില്‍ ക്രിസ്ത്യാനികളെ കൂടി ഉള്‍പ്പെടുത്തിയത് മുസ്ലിം ലീഗിന്റെ അനുമതിയോടെയായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *

You may missed