സോപാനം, മാളികപ്പുറം, ഫ്‌ളൈഓവര്‍, പതിനെട്ടാംപടിക്കു സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഷൂസ്, ബെല്‍റ്റ് എന്നിവ ധരിക്കേണ്ടെന്നു നിര്‍ദേശം

ഭക്തരെ ‘സ്വാമി’ എന്ന വാക്ക് ഉപയോഗിച്ച് സംബോധന ചെയ്യരുതെന്നു പൊലീസിനു നിര്‍ദേശം നല്‍കിയിട്ടില്ല

തിരുവനന്തപുരം: സോപാനം, മാളികപ്പുറം, ഫ്‌ളൈഓവര്‍, പതിനെട്ടാംപടിക്കു സമീപമുള്ള പ്രദേശങ്ങള്‍ എന്നിവിടങ്ങളില്‍ സേവനം അനുഷ്ഠിക്കുന്ന പൊലീസ് ഉദ്യോഗസ്ഥര്‍ ആചാരലംഘനം ഉണ്ടാകാതിരിക്കുന്നതു പരിഗണിച്ച് ഷൂസ്, ബെല്‍റ്റ് എന്നിവ ധരിക്കേണ്ടെന്നു നിര്‍ദേശം. മറ്റു സ്ഥലങ്ങളില്‍ ഇത്തരം പരിമിതികള്‍ ഇല്ലാത്തതിനാല്‍ പൊലീസ് ഉദ്യോഗസ്ഥരുടെ സുരക്ഷിതത്വം കണക്കാക്കിയും ക്രമസമാധാനനില നിലനിര്‍ത്തുന്നതിനുവേണ്ടിയും ആവശ്യമായ യൂണിഫോം ധരിക്കണം.
ഭക്തരെ ‘സ്വാമി’ എന്ന വാക്ക് ഉപയോഗിച്ച് സംബോധന ചെയ്യരുതെന്നു പൊലീസിനു നിര്‍ദേശം നല്‍കിയിട്ടില്ല. സാമാന്യ മര്യാദപ്രകാരം ഉചിതമായ വാക്കുകള്‍ അഭിസംബോധനയ്ക്ക് ഉപയോഗിക്കാന്‍ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെ എല്ലാ വ്യക്തികള്‍ക്കും അവകാശമുണ്ടെന്നും പൊലീസ് പത്രക്കുറിപ്പില്‍ വ്യക്തമാക്കി.
സന്നിധാനത്ത് ഭക്തര്‍ക്ക് കര്‍ശന നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഒരുവിഭാഗം മാധ്യമങ്ങളില്‍ വരുന്ന വാര്‍ത്തകള്‍ തെറ്റിദ്ധാരണാജനകമാണ്. ശബരിമലയില്‍ നേരത്തെ നടത്തിവന്നിരുന്ന എല്ലാ ആചാരങ്ങളും അനുഷ്ഠാനങ്ങളും ഇപ്പോഴും തുടരുന്നതിനു തടസ്സമുണ്ടാകുകയോ നിയന്ത്രണം ഏര്‍പ്പെടുത്തുകയോ ചെയ്തിട്ടില്ല. നെയ്യഭിഷേകത്തിനു കൂപ്പണ്‍ എടുത്തിട്ടുള്ള ഭക്തര്‍ക്കു ദര്‍ശനത്തിന് ആവശ്യമായത്ര സമയം സന്നിധാനത്ത് തങ്ങാന്‍ അവസരം നല്‍കുന്നുണ്ട്.
എല്ലാ ദിവസവും രാവിലെ 3.15 മുതല്‍ പകല്‍ 12.30 വരെ നെയ്യഭിഷേകം നടത്തുന്നതിനുള്ള സൗകര്യം ചെയ്തിട്ടുണ്ട് എന്നാണ് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നത്. അപ്പം, അരവണ എന്നിവയും ആവശ്യക്കാര്‍ക്ക് യഥേഷ്ടം ലഭ്യമാക്കാന്‍ സൗകര്യം ഏര്‍പ്പെടുത്തിയിട്ടുണ്ട്.
ലക്ഷക്കണക്കിന് ആരാധകര്‍ എത്തുന്ന ശബരിമലയില്‍ എല്ലാവര്‍ക്കും തുല്യ അവസരം ലഭിക്കണമെങ്കില്‍ ആരേയും കൂടുതല്‍ നേരം സന്നിധാനത്ത് തങ്ങുന്നതിന് അനുവദിക്കാന്‍ കഴിയില്ല. യഥാര്‍ഥ ഭക്തര്‍ക്ക് ശബരിമലയില്‍ യാതൊരു ബുദ്ധിമുട്ടും ഉണ്ടാകാതിരിക്കാനാണ് ക്രമിനല്‍ നടപടിചട്ടം 144 പ്രകാരം നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.


ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലുണ്ടായ ക്രമസമാധാന പ്രശ്‌നങ്ങളും നിലവിലെ അവസ്ഥയും ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകളും പരിഗണിച്ച് ശബരിമലയിലും പരിസരങ്ങളിലും ജാഥ, പ്രകടനങ്ങള്‍, ധര്‍ണ എന്നിവ നടത്തുകയോ തീര്‍ഥാടകരെ തടയുകയോ അക്രമങ്ങളില്‍ ഏര്‍പ്പെടുകയോ ചെയ്യാന്‍ പാടില്ലെന്നു നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്. രാജ്യത്തെ പ്രമുഖ തീര്‍ത്ഥാടന കേന്ദ്രമായ ശബരിമല സുരക്ഷാഭീഷണി നേരിടുന്ന സ്ഥലങ്ങളുടെ പട്ടികയില്‍പ്പെടുന്നതിനാലാണ് നിയന്ത്രണങ്ങള്‍.
പ്രളയത്തിനുശേഷം പമ്പ ബേസ്‌ക്യാംപ് ആയി ഉപയോഗിക്കാനാവാത്ത നിലയിലാണ്. പരിമിതമായ സൗകര്യങ്ങള്‍ മാത്രം ലഭ്യമായ നിലയ്ക്കലിലേയ്ക്ക് ബേസ്‌ക്യാംപ് മാറ്റിയിട്ടുണ്ട്. പരമാവധി 6,000 പേരെ മാത്രമേ അവിടെ ഉള്‍ക്കൊള്ളാനാവൂ. തീര്‍ഥാടകരുടെ തിരക്ക് പരിഗണിക്കുമ്പോള്‍ ഇത് അപര്യാപ്തമാണ്. ഈ സാഹചര്യത്തില്‍ നിലയ്ക്കലില്‍ എത്തുന്ന ഭക്തരെ അവിടെനിന്ന് തുടര്‍ച്ചയായി കുറഞ്ഞ സമയത്തിനുള്ളില്‍ കടത്തിവിടേണ്ടതുണ്ട്. എങ്കില്‍ മാത്രമേ സന്നിധാനത്ത് തിരക്ക് കുറയ്ക്കാനും പരമാവധി തീര്‍ത്ഥാടകരെ പ്രവേശിപ്പിക്കാനും കഴിയൂ.
അതുപോലെതന്നെ, തീര്‍ഥാടകര്‍ എത്രയും വേഗം ദര്‍ശനം പൂര്‍ത്തിയാക്കി നിലയ്ക്കലില്‍ എത്തി അവിടെ പാര്‍ക്ക് ചെയ്തിട്ടുള്ള വാഹനങ്ങളില്‍ മടങ്ങിയാലേ പുതുതായി നിലയ്ക്കലിലെത്തുന്ന വാഹനങ്ങള്‍ക്ക് പാര്‍ക്കിങ് സൗകര്യവും അവയിലെത്തുന്ന ഭക്തര്‍ക്ക് ദര്‍ശനസൗകര്യവും ലഭ്യമാകുകയുള്ളൂ. അതിനുവേണ്ടിയാണ് ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്നത്.
സന്നിധാനത്ത് ഭക്തര്‍ക്ക് നിര്‍ദ്ദിഷ്ടസ്ഥലങ്ങളില്‍ താമസിക്കുന്നതിനു നിയന്ത്രണം ഏര്‍പ്പെടുത്തിയിട്ടില്ല. തിരുവിതാംകൂര്‍ ദേവസ്വംബോര്‍ഡിന്റെ നിര്‍ദ്ദേശ പ്രകാരം തീര്‍ഥാടകര്‍ക്ക് താമസസൗകര്യം ബുക്ക് ചെയ്യാവുന്നതും ബുക്ക് ചെയ്തയാള്‍ക്കും ഒപ്പമുള്ളവര്‍ക്കും നിര്‍ദ്ദിഷ്ട ദിവസങ്ങളില്‍ അവിടെ താമസിക്കാവുന്നതുമാണ്. ശബരിമല ക്ഷേത്രത്തിന്റെ സുരക്ഷയ്ക്കായുള്ള നടപടികളുമായി ഭക്തജനങ്ങള്‍ സഹകരിക്കണമെന്നും പൊലീസ് അഭ്യര്‍ഥിച്ചു.

Leave a Reply

Your email address will not be published. Required fields are marked *

You may missed