ഡി.ജി.പിക്ക് ഹൈക്കോടതിയുടെ രൂക്ഷവിമര്‍ശനം; മനുഷ്യാവകാശ കമ്മിഷന്‍ നാളെ ശബരിമലയിലേക്ക്

  • ശബരിമലയില്‍ പൊലീസിന്റെ ഇടപെടല്‍ അമിതമാണെന്നു കോടതി
  • ഡിജിപിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ കടുത്ത നടപടികളിലേക്കു പോകേണ്ടിവരും
  • സന്നിധാനത്തു നടപടികള്‍ക്കു നിര്‍ദേശിച്ചത് ആരെന്നറിയണം

കൊച്ചി: സംസ്ഥാന മനുഷ്യാവകാശ കമ്മിഷന്‍ നാളെ ശബരിമല സന്ദര്‍ശിക്കും. തീര്‍ഥാടകര്‍ക്കു സൗകര്യങ്ങളില്ലെന്ന പരാതിയെത്തുടര്‍ന്നാണു തീരുമാനം.
ശബരിമലയില്‍ സുപ്രീംകോടതി വിധി നടപ്പാക്കാന്‍ ഉചിതമായ മാര്‍ഗങ്ങള്‍ വേണമെന്ന് ഹൈക്കോടതി അറിയിച്ചു. ഉറപ്പുകള്‍ പാലിച്ചില്ലെങ്കില്‍ മറ്റു മാര്‍ഗങ്ങള്‍ അന്വേഷിക്കേണ്ടിവരും. ഡിജിപിയുടെ ഭാഗത്തുനിന്ന് വീഴ്ചയുണ്ടായാല്‍ കടുത്ത നടപടികളിലേക്കു പോകേണ്ടിവരും.

സന്നിധാനത്തു നടപടികള്‍ക്കു നിര്‍ദേശിച്ചത് ആരെന്നറിയണം. ഡിജിപി സത്യവാങ്മൂലം നല്‍കണമെന്നും ഹൈക്കോടതി നിലപാടെടുത്തു. നെയ്യഭിഷേകത്തിന് എത്തുന്ന ഭക്തരെ രാത്രി തിരിച്ചയയ്ക്കരുതെന്നും ഹൈക്കോടതി അറിയിച്ചു. ഇല്ലെന്ന് അഡ്വക്കേറ്റ് ജനറല്‍ (എജി) അറിയിച്ചെങ്കിലും ഇക്കാര്യത്തില്‍ ഉറപ്പു നല്‍കി സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ കോടതി ആവശ്യപ്പെട്ടു. ശബരിമലയില്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന സമയനിയന്ത്രണത്തെ കോടതി അനുകൂലിച്ചു.

ശബരിമലയിലെ പൊലീസ് ഇടപെടല്‍ സംബന്ധിച്ച് ഹൈക്കോടതി രൂക്ഷവിമര്‍ശനം ഉന്നയിച്ചതിനു പിന്നാലെയാണ് എജി ഹൈക്കോടതിയില്‍ ഹാജരായത്. പ്രത്യേക സംഘത്തെ നിയോഗിക്കണമെന്ന ശുപാര്‍ശ നടപ്പാക്കിയോയെന്ന് കോടതി ചോദിച്ചു. ഐജി റാങ്കിലുള്ള വനിതാ ഉദ്യോഗസ്ഥയെ നിയമിച്ചോ? പൊലീസ് മേധാവി സത്യവാങ്മൂലം നല്‍കണം.

പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്തത് വിഷയമല്ല. യഥാര്‍ഥ ഭക്തര്‍ക്കുണ്ടായ ബുദ്ധിമുട്ടുകളാണു പരിഗണിക്കുന്നത്. എന്തുകൊണ്ടാണ് ഭക്തരെ നടപ്പന്തലില്‍ വിശ്രമിക്കാന്‍ അനുവദിക്കാത്തത്. കുട്ടികള്‍ക്കും സ്ത്രീകള്‍ക്കും വിശ്രമിക്കാന്‍ വേറെ സ്ഥലമുണ്ടെന്നും എജി കോടതിയെ അറിയിച്ചു. ശബരിമലയില്‍ പ്രശ്‌നമുണ്ടാക്കാന്‍ ആസൂത്രിതശ്രമം നടന്നിട്ടുണ്ട്. നടപ്പന്തലില്‍ ആര്‍എസ്എസ്സുകാര്‍ പ്രശ്‌നമുണ്ടാക്കി. ഇവരാണ് പിടിയിലായത്. സംഘമായി എത്തണമെന്ന ബിജെപി സര്‍ക്കുലര്‍ എജി കോടതിയില്‍ സമര്‍പ്പിച്ചു. എന്നാല്‍ പല പാര്‍ട്ടികള്‍ക്കും പല അജന്‍ഡകള്‍ കാണുമെന്നു കോടതി വ്യക്തമാക്കി. രാവിലെ വാദം കേള്‍ക്കുന്നതിനിടെ, ശബരിമലയില്‍ പൊലീസിന്റെ ഇടപെടല്‍ അമിതമാണെന്നു കോടതി നിരീക്ഷിച്ചിരുന്നു

Leave a Reply

Your email address will not be published. Required fields are marked *