കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നത്തില്‍ ഇടപെടാന്‍ സാമുദായിക സംഘടനകളെ അനുവദിക്കില്ല: പ്രതിപക്ഷ നേതാവ്

തിരുവനന്തപുരം: സാമുദായി സംഘടനകള്‍ക്ക് എതിരായ വിമര്‍ശനത്തിന്റെ പേരില്‍ തന്നെ വിമര്‍ശിച്ചു രംഗത്തുവന്ന എന്‍എസ്‌എസ് ജനറല്‍ സെക്രട്ടറി സുകുമാരന്‍ നായര്‍ക്ക് മറുപടിയുമായി പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. എന്‍എസ്‌എസിനെതിരെ താനൊന്നും പറഞ്ഞിട്ടില്ലെന്നും എന്‍എസ്‌എസ് ആസ്ഥാനത്ത് പോയത് പാര്‍ട്ടി ഏല്‍പ്പിച്ച ചുമതല നിര്‍വഹിക്കാനാണെന്നും സതീശന്‍ വ്യക്തമാക്കി. റിപ്പോര്‍ട്ടര്‍ ടിവിയോടാണ് സതീശന്‍ തന്റെ നിലപാട് വ്യക്തമാക്കിയത്.

താന്‍ പറഞ്ഞ കാര്യത്തില്‍ ഉറച്ചു നില്‍ക്കുന്നുവെന്നും സമുദായ സംഘടനകള്‍ കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടേണ്ട കാര്യമില്ലെന്നും അദ്ദേഹം പറഞ്ഞു. നമ്മള്‍ സമുദായ നേതാക്കളോടാരോടും മിണ്ടാതിരിക്കേണ്ട. എല്ലാവരും അവരുടെ സ്ഥലങ്ങളില്‍ പോകണം, അവരോട് സംസാരിക്കണം. അവരുടെ പരിഭവങ്ങളും ആവലാതികളും കേല്‍ക്കണം. ആരെങ്കിലും ആരോടെങ്കിലും അനീതി കാണിച്ചാല്‍ അവിടെ ഓടിയെത്തി അവരുടെ പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമിക്കണം ഇതെല്ലാം നേരത്തെ വ്യക്തമാക്കിയ കാര്യമാണെന്ന് സതീശന്‍ പറഞ്ഞു.

തെരഞ്ഞെടുപ്പ് കാലത്ത് എല്ലാ രാഷ്ട്രീയ പാര്‍ട്ടികളും നേതാക്കന്മാരും എല്ലാ സമുദായ സംഘടനകളെയും സമീപിച്ച്‌ സഹായം അഭ്യര്‍ത്ഥിക്കും. അത് ഞാന്‍ ഇന്നലെ വ്യക്തമായി പറഞ്ഞതാണ്. പിന്നെന്തിനാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് വ്യക്തമല്ല. അതിന് മറുപടിയൊന്നും പറയുന്നില്ല. ഒരു സ്ഥലത്തും പോയിട്ടില്ലെന്നോ, ഇനി പോകില്ലെന്നോ പറഞ്ഞിട്ടില്ല. കഴിഞ്ഞ രണ്ട് തെരഞ്ഞെടുപ്പുകളിലും ഞാന്‍ അവിടെക്ക് പോയിട്ടില്ലെന്നും സതീശന്‍ വ്യക്തമാക്കി. പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തവുമായാണ് ഇക്കുറി താന്‍ അവിടെ പോയതെന്നും സതീശന്‍ വ്യക്തമാക്കി.

ഇന്ത്യയില്‍ സംഘപരിവാര്‍ ശക്തികള്‍ക്ക് വിലക്കേടുക്കാന്‍ പറ്റാത്ത ഏക ഹിന്ദു സംഘടനയാണ് എന്‍എസ്‌എസ്. അവരെ പണം കൊടുത്ത് സ്വാധീനിക്കാന്‍ പറ്റില്ല, ഭീഷണിപ്പെടുത്താന്‍ പറ്റില്ല, അവരുടെ മതില്‍ക്കെട്ടിനുള്ളിലേക്ക് സംഘപരിവാര്‍ ശക്തികളെ ഇതുവരെ കയറ്റിയിട്ടില്ലെന്നാണ് താന്‍ പറഞ്ഞിട്ടുള്ളതെന്നും സതീശന്‍ പറഞ്ഞു.

സമുദായ സംഘടനകളെ കുറിച്ച്‌ കെപിസിസിയുടെ നിലപാട് അറിയണമെങ്കില്‍ അത് കെപിസിസി അധ്യക്ഷന്‍ പറയുമെന്നും സതീശന്‍ വ്യക്തമാക്കി. അതെനിക്ക് പറയാന്‍ പറ്റില്ലല്ലോ. കോണ്‍ഗ്രസിന്റെ ആഭ്യന്തര പ്രശ്‌നങ്ങളില്‍ ഇടപെടാന്‍ സാമുദായിക സംഘടനകളെ സാധാരണ ഞങ്ങള്‍ അനുവദിക്കാറില്ല. അങ്ങനെ ഇടപെടുന്ന സാഹചര്യം വന്നാല്‍ അപ്പോള്‍ ഇടപെട്ടാല്‍ മതിയല്ലോയെന്നം അദ്ദേഹം പറഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *