എല്ലാ തദ്ദേശ സ്ഥാപന അതിര്‍ത്തിയിലും കരുതല്‍ വാസ കേന്ദ്രങ്ങള്‍ ആരംഭിക്കും: മുഖ്യമന്ത്രി

തിരുവനന്തപുരം: എല്ലാ തദ്ദേശ സ്ഥാപന അതിര്‍ത്തിയിലും കരുതല്‍ വാസ കേന്ദ്രങ്ങള്‍ ആരംഭിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ താലൂക്കിലും എല്ലാ സൗകര്യങ്ങളുമുള്ള കൊവിഡ് ആശുപത്രികള്‍ സജ്ജീകരിക്കും. 400 കിടക്കകളുള്ള സിഎഫ്‌എല്‍ടിസികളും ഒരുക്കും. സ്റ്റബിലൈസേഷന്‍ സെന്റര്‍ പ്രാദേശികമായി തയ്യാറാക്കും.

15 മെഡിക്കല്‍ ബ്ലോക്കുകളിലും കണ്‍ട്രോള്‍ റൂമുകള്‍ തുടങ്ങി. ക്വാറന്റൈനിലുള്ളവര്‍ പുറത്തിറങ്ങിയാല്‍ കേസെടുക്കും. സിഎഫ്‌എല്‍ടിസികളിലേക്ക് മാറ്റും. ട്രിപ്പിള്‍ ലോക്ഡൗണ്‍ ലംഘിക്കുന്നവരില്‍ ടെസ്റ്റ് നടത്തി പോസിറ്റീവായാല്‍ സിഎഫ്‌എല്‍ടിസികളിലേക്ക് മാറ്റും.

തക്കതായ കാരണങ്ങള്‍ ഉണ്ടെങ്കിലേ ആളുകള്‍ വീടിന് പുറത്തിറങ്ങാവൂ. സര്‍ക്കാര്‍ നിര്‍ദ്ദേശം പാലിക്കണം. രോഗലക്ഷണമുള്ളവരും രോഗികളുമായി സമ്ബര്‍ക്കം ഉള്ളവരും പരിശോധനക്ക് തയ്യാറായി മുന്നോട്ട് വന്നാലേ രോഗവ്യാപനം തടയാനാവൂ. എല്ലാവരും ജാഗ്രതയും സൂക്ഷ്മതയും പുലര്‍ത്തണം.

രോഗവ്യാപനം കുറയാന്‍ ലോക്ഡൗണ്‍ സഹായിച്ചതായും മുഖ്യമന്ത്രിപറഞ്ഞു. പത്ത് ദിവസം മുന്‍പ് കൊവിഡ് രോഗികളില്‍ 91 ശതമാനം പേരെ വീടുകളിലും അവശേഷിച്ചവരെ ആശുപത്രികളിലുമാണ് ചികിത്സിച്ചത്. ഇപ്പോള്‍ ആശുപത്രികളില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 14 ശതമാനമാണ്. ആശുപത്രികളിലെ തിരക്ക് കുറയാന്‍ രണ്ട് മൂന്ന് ആഴ്ചകള്‍ കൂടിയെടുക്കും. മരണസംഖ്യ കുറയാനും സമയമെടുക്കും.

മലപ്പുറത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ ഒന്‍പത് ദിവസം പിന്നിട്ടു. രോഗികളുടെ എണ്ണത്തിലും ടിപിആറിലും കുറവുണ്ടായി. മലപ്പുറത്ത് ഇപ്പോള്‍ കൂടുതല്‍ പേര്‍ക്കും രോഗം പകരുന്നത് വീടുകളില്‍ നിന്നാണ്.

കൂട്ടുകുടുംബങ്ങള്‍ കൂടുതലുള്ളത് രോഗവ്യാപ്തി വര്‍ധിപ്പിക്കുമെന്ന് മുഖ്യമന്ത്രി പറഞ്ഞു. മതിയായ ക്വാറന്റൈന്‍ സൗകര്യം ഇല്ലാത്ത വീടുകളില്‍ നിന്ന് രോഗികളെ സിഎഫ്‌എല്‍ടിസികളിലേക്ക് മാറ്റുന്നതാണ്. രോഗലക്ഷണങ്ങളോടെ ക്വാറന്റൈനില്‍ കഴിയുന്നവര്‍ ഇതുപോലെയുള്ള വീടുകളില്‍ കഴിയുമ്ബോള്‍ രോഗബാധിതരാണെങ്കില്‍ മറ്റുള്ളവര്‍ക്ക് രോഗം പകരും. അത്തരം ആളുകളെ താമസിപ്പിക്കാന്‍ പ്രത്യേക വാസസ്ഥലം ഒരുക്കും.

പാലക്കാട് ജില്ലയിലും ശക്തമായ ഇടപെടല്‍ വേണം. തിരുവനന്തപുരത്ത് ട്രിപ്പിള്‍ ലോക്ഡൗണ്‍ പിന്‍വലിച്ചെങ്കിലും 43 പഞ്ചായത്തുകളില്‍ കൊവിഡ് വ്യാപനം രൂക്ഷമാണ്. ഇവിടങ്ങളില്‍ ടിപിആര്‍ 30 ശതമാനത്തിന് മുകളിലാണ്. പരിശോധന ശക്തമാക്കാനും ക്വാറന്റൈന്‍ വിപുലപ്പെടുത്താനും തീരുമാനിച്ചതായി മുഖ്യമന്ത്രി അറിയിച്ചു.

ലോക്ഡൗണ്‍ ഘട്ടത്തില്‍ നിര്‍മ്മാണ പ്രവര്‍ത്തനത്തിന് അനുമതിയുള്ളതിനാല്‍ ഇതിന് വേണ്ട സാമഗ്രികള്‍ വില്‍ക്കുന്ന കടകള്‍ വില്‍ക്കാന്‍ നിശ്ചിത ദിവസം അനുവദിക്കും. ചെത്തുകല്ല് വെട്ടാന്‍ അനുമതി നല്‍കും. ഇത് കൊണ്ടുപോകുന്ന വാഹനങ്ങള്‍ ലോക്ഡൗണിന് മുന്‍പ് തന്നെ തടഞ്ഞിരുന്നു. നിര്‍മ്മാണ പ്രവര്‍ത്തനത്തിന് കല്ല് ആവശ്യമായതിനാല്‍ ചെത്ത് കല്ല് കൊണ്ടുപോകുന്ന വാഹനങ്ങള്‍ തടയുന്നത് ഒഴിവാക്കും.

മലഞ്ചരക്ക് കടകള്‍ തുറക്കണമെന്ന ആവശ്യം ഉയര്‍ന്നിരുന്നു. വയനാട് ഇടുക്കി ജില്ലകളില്‍ മലഞ്ചരക്ക് കടകള്‍ ആഴ്ചയില്‍ രണ്ട് ദിവസം തുറക്കാം. മറ്റ് ജില്ലകളില്‍ ആഴ്ചയില്‍ ഒരു ദിവസമാണ് തുറക്കാന്‍ അനുമതി. റബര്‍ തോട്ടങ്ങളില്‍ മഴക്കാലത്ത് റെയിന്‍ഗാര്‍ഡ് വേണ്ടിവരുമായിരുന്നു. അതിന് ആവശ്യമായ കടകള്‍ നിശ്ചിത ദിവസം തുറക്കാം.

ബാങ്ക് ജീവനക്കാര്‍ക്ക് ബാങ്കുകള്‍ തന്നെ വാക്സിനേഷന്‍ നല്‍കുമെന്ന് സമ്മതിച്ചിട്ടുണ്ട്. അവരെ മുന്‍ഗണനാ പട്ടികയില്‍ ഉള്‍പ്പെടുത്തിയാലേ ആദ്യ ഘട്ടത്തില്‍ നല്‍കാനാവൂ എന്നാണ് അറിയിച്ചിരിക്കുന്നത്. അക്കാര്യം പരിഗണിക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *