ഇന്ത്യയില്‍ 850 മില്യണ്‍ ഡോസ് സ്പുട്‌നിക് വാക്‌സിന്‍ നിര്‍മ്മിക്കാന്‍ തീരുമാനം

ന്യൂഡല്‍ഹി : റഷ്യന്‍ നിര്‍മ്മിത സ്പുട്‌നിക് v വാക്‌സിന്‍ ഇന്ത്യയില്‍ പ്രാദേശികമായി നിര്‍മ്മിക്കാന്‍ തീരുമാനം. മൂന്ന് ഘട്ടങ്ങളിലായി 850 മില്യണ്‍ വാക്‌സിന്‍ ഡോസുകളാണ് നിര്‍മ്മിക്കുക. റഷ്യയിലെ ഇന്ത്യന്‍ സ്ഥാനപതി ഡി ബാല വെങ്കടേശ് വര്‍മ്മയാണ് ഇക്കാര്യം അറിയിച്ചത്. രാജ്യത്ത് കൊറോണ വാക്‌സിന്റെ ആവശ്യകത വര്‍ദ്ധിച്ച പശ്ചാത്തലത്തിലാണ് തീരുമാനം.

ഓഗസ്റ്റ് മാസം മുതല്‍ ഇന്ത്യയില്‍ ഉത്പാദനം ആരംഭിക്കും. മൂന്ന് ഘട്ടങ്ങളിലായാണ് വാക്‌സിന്‍ നിര്‍മ്മാണം നടത്തുക. സ്പുട്‌നിക് v വാക്‌സിന്‍ ആദ്യം 1,50,000 ഡോസും പിന്നീട് 60,000 ഡോസുമായി റഷ്യ ഇന്ത്യയ്ക്ക് കൈമാറിയിട്ടുണ്ട്. മെയ് അവസാനത്തോടെ 30 ലക്ഷം ഡോസുകള്‍ കൂടി വിതരണം ചെയ്യും. എന്നാല്‍ ഇത് ഇന്ത്യയില്‍ വെച്ചാണ് നിറയ്ക്കുക. ജൂണ്‍ മാസത്തോടെ ഇത് 50 ലക്ഷമായി വര്‍ദ്ധിപ്പിക്കും. തുടര്‍ന്ന് ഉടന്‍ തന്നെ വാക്‌സിന്‍ നിര്‍മ്മാണത്തിനുള്ള സാങ്കേതിക വിദ്യ റഷ്യ കൈമാറുമെന്ന് വര്‍മ്മ അറിയിച്ചു.

സ്പുട്‌നിക് ലൈറ്റ് വാക്‌സിനും വിതരണം ചെയ്യാന്‍ റഷ്യ താല്‍പര്യം പ്രകടിപ്പിച്ചിട്ടുണ്ട്. എന്നാല്‍ ഇന്ത്യയില്‍ അത് നല്‍കാനുള്ള അംഗികാരങ്ങള്‍ ഇപ്പോഴും പൂര്‍ത്തിയായിട്ടില്ല. ഇത് പൂര്‍ത്തിയാക്കിയാല്‍ ഉടന്‍ തന്നെ സ്പുട്‌നിക് ലൈറ്റും ഇന്ത്യയില്‍ ലഭ്യമാകും എന്നും അദ്ദേഹം വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *