ആറ്റിങ്ങലിലെ ബിവറേജസ് വെയര്‍ഹൗസില്‍ നിന്നും 90 കെയ്‌സ് മദ്യം മോഷണം പോയി

തിരുവനന്തപുരം: ആറ്റിങ്ങലിലെ ബിവറേജസ് വെയര്‍ഹൗസില്‍ നിന്നും 90 കെയ്‌സ് മദ്യം മോഷണം പോയി . അടുത്തിടെ എക്സൈസ് നടത്തിയ പരിശോധനയില്‍ ആറ്റിങ്ങല്‍ പരിസരത്ത് നിന്നും വിദേശമദ്യം പിടിച്ചെടുത്തിരുന്നു. തുടര്‍ന്നാണ് മദ്യം സൂക്ഷിക്കുന്ന വെയര്‍ഹൗസ് കേന്ദ്രീകരിച്ച്‌ അന്വേഷണം വ്യാപിപ്പിച്ചത്. വെയര്‍ഹൗസ് മാനേജരെ വിളിച്ചു വരുത്തി നടത്തിയ പരിശോധനയിലാണ് അമ്ബതിലധികം കെയ്സ് മദ്യത്തിന്റെ കുറവ് കണ്ടെത്തിയത്.

മെയ് 9ന്  മോഷണം നടന്നതായാണ് നിഗമനം. വെയര്‍ഹൗസിന്റെ പൂട്ട് പൊളിക്കുകയോ മറ്റ് ഏതെങ്കിലും വിധത്തില്‍ മോഷണശ്രമമോ ഇതുവരെയും കണ്ടെത്തിയിട്ടില്ല. വെയര്‍ഹൗസ് മാനേജര്‍ക്കു പുറമേ, മദ്യം സൂക്ഷിക്കുന്നതിന്റെ താക്കോല്‍ ഉള്ളത് എക്സൈസ് അധികൃതരുടെ കൈയിലാണ്. ഡ്യുപ്ലിക്കേറ്റ് താക്കോല്‍ നിര്‍മിച്ച്‌ മോഷണം നടത്തിയെന്നാണ് നിലവിലെ നിഗമനം.

മദ്യം സുരക്ഷിതമായി സൂക്ഷിക്കുന്ന വെയര്‍ഹൗസില്‍ നിന്നു തന്നെ മദ്യം മോഷ്ടിച്ചുവെന്നത് എക്സൈസിനെയും അമ്ബരപ്പിച്ചിട്ടുണ്ട്. സംഭവം ഗുരുതരമായതിനാല്‍ എക്സൈസ് കമ്മീഷണറേറ്റിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്.

കഴിഞ്ഞ ലോക്ക്ഡൗണ്‍ കാലത്തും ആറ്റിങ്ങലിലെ ബിവറേജസ് വെയര്‍ഹൗസില്‍നിന്ന് മദ്യം മോഷണം പോയിരുന്നു. അന്ന് ഇവിടെ നിന്ന് 40 കെയ്സ് മദ്യമാണ് കാണാതായത്. ലോക്ക്ഡൗണിനു ശേഷം ഗോഡൗണ്‍ തുറന്ന് സ്റ്റോക്ക് എടുത്തപ്പോഴാണ് സ്റ്റോക്കില്‍ കുറവു കണ്ടത്. തുടര്‍ന്ന് മാനേജരടക്കം പിഴ അടച്ചിരുന്നു.

 

Leave a Reply

Your email address will not be published. Required fields are marked *

You may missed