ധാരണപ്രകാരം തൃശൂർ മേയറായിരുന്ന അജിത ജയരാജൻ രാജിവച്ചു; അജിത വിജയന്‍ മേയറാകും

തൃശൂർ: ഇടതുമുന്നണി സംസ്ഥാന കമ്മിറ്റിയുണ്ടാക്കിയ ധാരണപ്രകാരം തൃശൂർ മേയറായിരുന്ന സിപിഎമ്മിലെ അജിത ജയരാജൻ രാജിവച്ചു. ഇനി സിപിഐയിലെ അജിത വിജയന്‍ തൃശൂര്‍ മേയറാകും. ഇന്നാണ് അജിത ജയരാജൻ മേയർ സ്ഥാനത്ത് മൂന്ന് വർഷം തികയേണ്ടിയിരുന്നത്. ഞായർ അവധി കണക്കിലെടുത്ത് ഇന്നലെ നടന്ന കൗൺസിൽ യോഗത്തിനൊടുവിൽ സെക്രട്ടറി സി. കുഞ്ഞപ്പന് രാജി കത്ത് കൈമാറുകയായിരുന്നു.

പ്രകാശപൂരിതമായിരുന്നു തന്‍റെ മൂന്ന് വർഷത്തെ ഭരണമെന്ന് അജിത ജയരാജൻ അവകാശപ്പെട്ടു. 2.40 കോടി രൂപ ചെലവിട്ട് വിവിധ ഡിവിഷനുകളിൽ 57 ഹൈമാസ്റ്റുവിളക്കുകൾ സ്ഥാപിക്കാനായതാണ് നേട്ടമായി ചൂണ്ടിക്കാട്ടുന്നത്. ഒപ്പം, കിഴക്കേകോട്ട മേൽപ്പാല നിർമാണത്തിന് തുടക്കമിടാനും കഴിഞ്ഞു. പൊതുമരാമത്ത് മേഖലയിൽ 52 കോടി രൂപയുടെ പ്രവർത്തികൾ പൂർത്തിയാക്കി. 717 പേർക്ക് വീട് നിർമ്മാണത്തിനായി 15 കോടിയുടെ സഹായം അനുവദിച്ചത് സർവകാല റെക്കോഡാണെന്നും അവർ പറഞ്ഞു.

ആരോഗ്യ മേഖലയിൽ സേവനമനുഷ്ഠിച്ചിരുന്ന അജിത ജയരാജന്‍ യാദൃച്ഛികമായാണ് കഴിഞ്ഞ തെരഞ്ഞെടുപ്പിൽ കൊക്കാലെ ഡിവിഷനിൽ നിന്ന് മത്സരിച്ച് കൗൺസിലിലെത്തിയത്. സിപിഎം മേയർ സ്ഥാനാർത്ഥിയടക്കം പരാജയപ്പെട്ട വോട്ടെടുപ്പിൽ അപ്രതീക്ഷിതമായി മേയർ പട്ടത്തിന് തെരഞ്ഞടുക്കപ്പെടുകയായിരുന്നു.

അടുത്ത ഊഴം സിപിഐ മഹിളാ നേതാവ് അജിത വിജയനാണ്. കണിമംഗലം ഡിവിഷനെ പ്രതിനിധീകരിക്കുന്ന അജിത വിജയൻ രണ്ടാം തവണയാണ് കൗൺസിലിലുള്ളത്. നഗര വികസന സ്റ്റാൻറിംഗ് കമ്മിറ്റി ചെയർപേഴ്സണായും പ്രവർത്തിച്ചിട്ടുണ്ട്. സിപിഐ ഒല്ലൂർ മണ്ഡലം കമ്മിറ്റി അംഗവും കേരള മഹിളാ സംഘം ജില്ലാ നേതാവുമാണ്.

മേയറുടെ രാജി റിപ്പോർട്ട് ചെയ്യപ്പെട്ട ശേഷം തെരഞ്ഞെടുപ്പ് കമ്മീഷൻ പുതിയ മേയർ തെരഞ്ഞെടുപ്പ് തിയതി പ്രഖ്യാപിക്കും. നിലവിൽ ഡെ.മേയർ പദവിയിലുള്ള സിപിഐയിലെ ബീന മുരളി ഡിസംബറിലാണ് മുന്നണിക്ക് വേണ്ടി രാജി വയ്ക്കുക. അതുവരെ സാങ്കേതികമായി മേയർ, ഡെ.മേയർ പദവികൾ കൈകാര്യം ചെയ്യുന്നത് സിപിഐ ആയിരിക്കും.

Leave a Reply

Your email address will not be published. Required fields are marked *