ശബരിമലയിലെത്തി പ്രതിഷേധത്തിനു നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനം

പത്തനംതിട്ട: ശബരിമലയിലെത്തി പ്രതിഷേധത്തിനു നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള നേതാക്കളെ കരുതല്‍ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തീരുമാനം. പ്രതിഷേധത്തിനൊരുങ്ങുന്ന നേതാക്കളുടെ പട്ടിക തയാറാക്കാന്‍ രഹസ്യാന്വേഷണ വിഭാഗത്തിനു നിര്‍ദേശം നല്‍കി. അതേസമയം നെയ്യഭിഷേകം മുടങ്ങാത്ത തരത്തില്‍ തീര്‍ത്ഥാടകരെ സന്നിധാനത്ത് താമസിക്കാന്‍ അനുവദിച്ച് നിയന്ത്രണങ്ങള്‍ ഇളവ് വരുത്തി.

ശബരിമലയില്‍ പ്രതിഷേധത്തിനു നേതൃത്വം നല്‍കാന്‍ സാധ്യതയുള്ള എതു നേതാവും സന്നിധാനത്തേക്കെത്താന്‍ ശ്രമിച്ചാല്‍ തടഞ്ഞു തിരിച്ചയയ്ക്കാനും വഴങ്ങിയില്ലങ്കില്‍ അറസ്റ്റ് ചെയ്യാനുമാണു തീരുമാനം. നിലവില്‍ സന്നിധാനവും പമ്പയുമെല്ലാം നിയന്ത്രണ വിധേയമാണങ്കിലും കൂടുതല്‍ നേതാക്കളെത്തിയാല്‍ സംഘര്‍ഷ സാധ്യതയുണ്ടാകുമെന്ന റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു നടപടി. ഇത്തരത്തില്‍ പ്രതിഷേധിക്കാനായി വരുന്ന നേതാക്കളെ രഹസ്യാന്വേഷണ വിഭാഗം കര്‍ശനമായി നിരീക്ഷിക്കുന്നുണ്ട്. എല്ലാ ദിവസവും റിപ്പോര്‍ട്ട് നല്‍കാന്‍ ഡിജിപി നിര്‍ദേശിച്ചു. അതേസമയം നിയന്ത്രണങ്ങള്‍ കാരണം തീര്‍ത്ഥാടകരുടെ നെയ്യഭിഷേകം മുടങ്ങുന്ന സാഹചര്യമായതോടെ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചു.

നട അടച്ച ശേഷവും തീര്‍ത്ഥാടകര്‍ക്ക് സന്നിധാനത്ത് താമസിക്കാനായി പൊലീസ് പ്രത്യേക ഇടങ്ങള്‍ കണ്ടെത്തി. വലിയ നടപ്പന്തലും പതിനെട്ടാം പടിക്ക് മുന്നിലും താമസം അനുവദിക്കില്ല. നെയ്യഭിഷേകം ടിക്കറ്റുള്ളവര്‍ക്ക് താമസിക്കാനാണ് അനുമതി. ഒരു ദിവസത്തിലധികം താമസിക്കുന്നവരെ പമ്പയിലേക്ക് മടക്കും.

Leave a Reply

Your email address will not be published. Required fields are marked *