അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെപോലീസ് മര്‍ദ്ദിച്ചു; നിലത്തിച്ച് വലിച്ചിഴച്ചു

പത്തനംതിട്ട: ശനിയാഴ്ച രാത്രി നിലയ്ക്കലില്‍ അറസ്റ്റിലായ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറി കെ.സുരേന്ദ്രനെ പൊലീസ് മര്‍ദിച്ചതായി പരാതി. തന്നെ പൊലീസ് നിലത്തിട്ടു വലിച്ചിഴച്ചെന്നും മരുന്നു കഴിക്കാന്‍ അനുവദിച്ചില്ലെന്നും സുരേന്ദ്രന്‍ പറഞ്ഞു. പ്രഥമിക ആവശ്യങ്ങള്‍ പോലും നിര്‍വഹിക്കാന്‍ അനുവദിക്കാത്ത പൊലീസ്, തനിക്കു കുടിവെള്ളം നിഷേധിച്ചന്നും അദ്ദേഹം മാധ്യമങ്ങളോടു പറഞ്ഞു. പുലര്‍ച്ചെ മജിസ്‌ട്രേറ്റിനു മുന്നില്‍ ഹാജരാക്കാനായി ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍നിന്ന് ഇറക്കിയപ്പോഴായിരുന്നു പ്രതികരണം.

ജയിലില്‍ ഇരുമുടിക്കെട്ട് സൂക്ഷിക്കാനും രണ്ടുനേരം പ്രാര്‍ഥന നടത്താനുമുള്ള സൗകര്യം തനിക്കൊപ്പം അറസ്റ്റിലായ മറ്റു രണ്ടുപേര്‍ക്കു കൂടിയും മജിസ്‌ട്രേറ്റ് അനുവദിച്ചെന്നും കോടതിയില്‍ ഹാജരാക്കിയശേഷം സുരേന്ദ്രന്‍ മാധ്യമങ്ങളോട് പറഞ്ഞു. സുരേന്ദ്രന്‍ ഉള്‍പ്പെടെയുള്ള ബിജെപി നേതാക്കളെ പത്തനംതിട്ട മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ രാവിലെയാണു ഹാജരാക്കിയത്. മൂന്നുപേരെയും പത്തനംതിട്ട ജില്ലാ ആശുപത്രിയില്‍ വൈദ്യപരിശോധനയ്ക്കു വിധേയരാക്കിയിരുന്നു. ഒബിസി മോര്‍ച്ച തൃശൂര്‍ ജില്ലാ പ്രസിഡന്റ്് രാജന്‍ തറയില്‍, കര്‍ഷകമോര്‍ച്ച പത്തനംതിട്ട ജില്ലാക്കമ്മിറ്റി അംഗം എം.എസ്. സന്തോഷ് എന്നിവരാണു സുരേന്ദ്രനൊപ്പം ശനിയാഴ്ച അറസ്റ്റിലായത്
പൊലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തിയെന്നതാണ് ഇവര്‍ക്കെതിരെയുള്ള കേസ്. ജാമ്യമില്ലാ വകുപ്പുപ്രകാരമാണ് കേസെടുത്തത്. രാത്രി അറസ്റ്റിലായ ഇവരെ ചിറ്റാര്‍ പൊലീസ് സ്റ്റേഷനില്‍ എത്തിച്ചശേഷം പുലര്‍ച്ചെ നാലു മണിയോടെയാണ് പത്തനംതിട്ടയ്ക്കു കൊണ്ടുവന്നത്. രാത്രി മുഴുവന്‍ ചിറ്റാര്‍ പൊലീസ് സ്റ്റേഷന് മുന്നില്‍ നാമജപ പ്രതിഷേധം നടന്നു

Leave a Reply

Your email address will not be published. Required fields are marked *