കേന്ദ്രസര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് നടത്തണം: പ്രധാനമന്ത്രി

ന്യൂഡല്‍ഹി: രാജ്യത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗം അവസാനിച്ചു. കേന്ദ്ര സര്‍ക്കാര്‍ സംസ്ഥാനങ്ങള്‍ക്ക് നല്‍കിയ വെന്റിലേറ്ററുകളുടെ കണക്കെടുപ്പ് ഉടന്‍ നടത്തണമെന്ന് യോഗത്തില്‍ പ്രധാനമന്ത്രി നിര്‍ദ്ദേശിച്ചു. അടുത്തിടെ, ചില സംസ്ഥാനങ്ങള്‍ വെന്റിലേറ്ററുകള്‍ ഉപയോഗിക്കുന്നില്ലെന്ന പരാതി ഉയര്‍ന്ന സാഹചര്യത്തിലാണ് പ്രധാനമന്ത്രിയുടെ ഇടപെടല്‍.

വെന്റിലേറ്ററുകളുടെ പ്രവര്‍ത്തനവും ഇന്‍സ്റ്റാളേഷനും ഉടനടി ഓഡിറ്റ് ചെയ്യണം. വെന്റിലേറ്ററുകള്‍ ശരിയായി പ്രവര്‍ത്തിപ്പിക്കാന്‍ ആരോഗ്യ പ്രവര്‍ത്തകര്‍ക്ക് പരിശീലനം നല്‍കണമെന്നും പ്രധാനമന്ത്രി നിര്‍ദേശിച്ചിട്ടുണ്ട്. വാക്‌സിന്‍ ലഭ്യതയ്ക്കുള്ള റോഡ് മാപ്പ് യോഗത്തില്‍ ചര്‍ച്ചയായി. വാക്‌സിനേഷന്‍ വേഗത്തിലാക്കാന്‍ സംസ്ഥാനങ്ങളുമായി ചേര്‍ന്ന് പ്രവര്‍ത്തിക്കണമെന്ന് അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.

കണക്കുകള്‍ സുതാര്യമായി റിപ്പോര്‍ട്ട് ചെയ്യുന്ന സംസ്ഥാനങ്ങളെ പ്രോത്സാഹിപ്പിക്കണമെന്നും ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് കൂടുതലുള്ള സംസ്ഥാനങ്ങള്‍ക്ക് പ്രാദേശിക കണ്ടെയ്ന്‍മെന്റ് സോണുകള്‍ പ്രയോജനപ്പെടുത്താമെന്നും പ്രധാനമന്ത്രി പറഞ്ഞു. രാജ്യത്ത് കോവിഡ് കേസുകള്‍ കുറയുന്നതായി യോഗത്തില്‍ ഉദ്യോഗസ്ഥര്‍ പ്രധാനമന്ത്രിയെ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *