നടൻ പിസി ജോർജ് അന്തരിച്ചു

നടൻ പിസി ജോർജ് അന്തരിച്ചു. എറണാകുളത്തെ ഒരു സ്വകാര്യ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. വില്ലൻ വേഷങ്ങളിലൂടെ ശ്രദ്ധേയനായ താരമാണ് പിസി ജോർജ്. ചാണക്യൻ, ഒരു അഭിഭാഷകൻ്റെ കേസ് ഡയറി അഥർവം, ഇന്നലെ, സംഘം തുടങ്ങി 68ഓളം ചിത്രങ്ങളിൽ വേഷമിട്ടു.

നാടകങ്ങളിലും അനുകരണ കലയിലും താത്പര്യമുണ്ടായിരുന്ന ജോർജ് പൊലീസ് യൂണിഫോം അണിഞ്ഞപ്പോഴും അതൊന്നും മാറ്റിവച്ചില്ല. അപ്പോഴും ചില പ്രൊഫഷണൽ നാടകങ്ങളിൽ അദ്ദേഹം അഭിനയിച്ചിരുന്നു. അക്കാലത്തുതന്നെ വയാലാർ രാമവർമ്മ, കെജി സേതുനാഥ് തുടങ്ങിയവരുമായി അദ്ദേഹത്തിന് സൗഹൃദമുണ്ടായിരുന്നു.

തിരുവനന്തപുരത്തേക്ക് സ്ഥലം മാറ്റം കിട്ടിയതോടെയാണ് സിനിമാ മേഖലയിലേക്ക് ജോർജ് എത്തുന്നത്. അംബ അംബിക അംബാലിക എന്ന സിനിമയിൽ ഒരു ചെറിയ വേഷത്തിൽ അഭിനയിച്ച ജോർജിനെത്തേടി പിന്നീട് അവസരങ്ങൾ വരികയായിരുന്നു. വില്ലൻ വേഷങ്ങളിലാണ് കൂടുതൽ അഭിനയിച്ചതെങ്കിലും സ്വഭാവറോളുകളും അദ്ദേഹം ചെയ്തിട്ടുണ്ട്. കെജി ജോർജ്, ജോഷി തുടങ്ങി മലയാളത്തിലെ അറിയപ്പെടുന്ന സംവിധായർക്കൊപ്പം പ്രവർത്തിക്കാൻ അദ്ദേഹത്തിനു കഴിഞ്ഞു. ജോലിയിൽ നിന്ന് വിട്ടുനിൽക്കാൻ കഴിയാത്ത സ്ഥിതി ആയപ്പോൾ അദ്ദേഹം കുറേകാലം അഭിനയം നിർത്തി. 95ൽ ടിഎസ് സുരേഷ് ബാബു സംവിധാനം ചെയ്ത ഇന്ത്യൻ മിലിട്ടറി ഇൻ്റലിജൻസ് എന്ന സിനിമയിൽ അഭിനയിച്ചതിനു ശേഷം 7 വർഷങ്ങൾ കഴിഞ്ഞാണ് അദ്ദേഹം വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തിയത്. 2006ൽ ജോസ് തോമസിൻ്റെ ‘ചിരട്ടക്കളിപ്പാട്ടങ്ങളി’ലാണ് അദ്ദേഹം അവസാനമായി അഭിനയിച്ചത്.

സ്പെഷ്യൽ ബ്രാഞ്ച് എസ്.പിയായിട്ടാണ് വിരമിച്ചത്. സംസ്കാരം നാളെ കറുകുറ്റി സെൻ്റ് ജോസഫ് ബെത്ലഹേം പള്ളിയിൽ നടക്കും.

Leave a Reply

Your email address will not be published. Required fields are marked *