സംസ്ഥാനത്തിന്റെ പ്രതിദിന ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് മുഖ്യമന്ത്രി

തിരുവനന്തപുരം: കോവിഡ് വ്യാപനം രൂക്ഷമാകുന്ന സാഹചര്യത്തില്‍ സംസ്ഥാനത്തിന്റെ പ്രതിദിന ഓക്‌സിജന്‍ വിഹിതം 450 ടണ്‍ ആയി ഉയര്‍ത്തണമെന്ന് പ്രധാനമന്ത്രിക്ക് അയച്ച കത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ആവശ്യപ്പെട്ടു. മെയ് 14, 15 തീയതികളില്‍ സംസ്ഥാനത്ത് ചുഴലിക്കാറ്റും കനത്ത മഴയും ഉണ്ടാകുമെന്ന കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പിന്റെ പശ്ചാത്തലത്തില്‍ അടിയന്തരമായി 300 ടണ്‍ മെഡിക്കല്‍ ഓക്‌സിജന്‍ ലഭ്യമാക്കണമെന്നും കത്തില്‍ പറയുന്നു.

സംസ്ഥാനത്ത് ദിനംപ്രതി 212.34 ടണ്‍ ഓക്‌സിജന്‍ ഉല്‍പാദിപ്പിക്കാനുള്ള ശേഷിയാണ് നിലവില്‍ ഉള്ളത് . കോവിഡ് രോഗികളുടെ എണ്ണം ഗണ്യമായി ഉയരുന്ന സാഹചര്യത്തില്‍ പ്രതിദിന ആവശ്യം 423.6 ടണ്‍ വരെ ഉയരുമെന്നാണ് വിദഗ്ദര്‍ പറയുന്നത്. നിലവിലെ സാഹചര്യത്തില്‍ കേരളത്തിലെ ആശുപത്രികളിലെ ഓക്സിജന്‍ 24 മണിക്കൂര്‍ നേരത്തേക്ക് തികയില്ല. ഈ സാഹചര്യത്തില്‍ കേന്ദ്രത്തിന്റെ സഹായം ആവശ്യപ്പെട്ട് മുഖ്യമന്ത്രി പ്രധാനമന്ത്രിക്ക് കത്തെഴുതിയത്.

അതേസമയം, വരും ദിവസങ്ങളില്‍ ഉണ്ടാകുന്ന കാറ്റും മഴയും സംസ്ഥാനത്തെ വൈദ്യുതി വിതരണം തടസപ്പെടുത്താന്‍ സാധ്യതയുണ്ടെന്നും ഇത് ഓക്‌സിജന്‍ പ്ലാന്റുകളിളുടെയും, ഫില്ലിംഗ് സ്റ്റേഷനുകളുടെയും പ്രവര്‍ത്തനത്തെ ബാധിക്കാമെന്നുംമുഖ്യമന്ത്രി പറഞ്ഞു. അതോടൊപ്പം റോഡുകള്‍ തകര്‍ന്ന് ഓക്‌സിജന്‍ വിതരണത്തിന് ഭംഗമുണ്ടാകമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഈ അടിയന്തര സാഹചര്യങ്ങള്‍ മുന്‍ നിര്‍ത്തിയാണ് മുഖ്യമന്ത്രി കേന്ദ്രത്തോട് കൂടുതല്‍ ഓക്സിജന്‍ ആവശ്യപ്പെട്ടിരിക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *